ഇനി പിണറായിയുടെ പൊലീസും കുമ്മനത്തെ സല്യൂട്ട് അടിക്കണം, ഇതാണ് മിന്നൽ പരിവാർ . .

Kummanam Rajesekharan

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്ര സര്‍ക്കാര്‍ മിസോറാം ഗവര്‍ണ്ണറായി നിയമിച്ചതില്‍ ഞെട്ടി രാഷ്ട്രീയ കേരളം.

അതി പ്രധാനമായ ഭരണഘടനാ പദവിയുള്ള കുമ്മനം ഇനി കേരളത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം പിണറായി പൊലീസിന്റെ വന്‍ പട സല്യൂട്ടടിക്കാന്‍ ഉണ്ടാകുമെന്നത് സംഘപരിവാര്‍ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്നതാണ്.

സുരക്ഷാ മേല്‍നോട്ടത്തിന് എസ്.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എപ്പോഴും കുമ്മനത്തിന്റെ കൂടെയുണ്ടാകും.

മുന്‍പ് വാജ് പേയി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്നും ഒ.രാജഗോപാലും പി.സി തോമസും ഇപ്പോള്‍ അല്‍ഫോണ്‍സ് കണ്ണന്താനവും എല്ലാം കേന്ദ്ര മന്ത്രിമാരായി കേരള പൊലീസിന്റെ സല്യൂട്ട് വാങ്ങിയിട്ടുണ്ടെങ്കിലും സംഘപരിവാര്‍ തലപ്പത്ത് നിന്നും വരുന്ന കുമ്മനം രാജശേഖരന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്.

കേരളത്തിലെ സി.പി.എമ്മിനെ ഏറ്റവും രൂക്ഷമായി ആക്രമിക്കുന്ന നേതാവാണ് അദ്ദേഹം. അതു കൊണ്ട് തന്നെ മിസോറാമില്‍ നിന്നും കേരളത്തില്‍ വരുമ്പോള്‍ കേരള പൊലീസിന്റെ സല്യൂട്ട് ഏറ്റുവാങ്ങുമ്പോള്‍ അതിന് മധുരമായ ഒരു പ്രതികാരം കൂടിയുണ്ട്.

ബി.ജെ.പി അദ്ധ്യക്ഷനെന്ന നിലയില്‍ കുമ്മനത്തെ മൈന്റ് ചെയ്യാതിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി രണ്ടടി പിന്നോട്ട് പോയി സല്യൂട്ട് അടിച്ച് വിനീത വിധേയരായി കാത്തു നില്‍ക്കേണ്ടി വരും.

കേരളത്തിലെ ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുന്ന തീരുമാനം കൂടിയാണ് ഗവര്‍ണ്ണര്‍ നിയമനം. അഞ്ചു വര്‍ഷമാണ് കാലാവധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഒറ്റക്കെട്ടായി എടുത്ത തീരുമാനം ചെങ്ങന്നുര്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് എന്നത് പ്രവര്‍ത്തകരെ കൂടുതല്‍ ആവേശഭരിതരാക്കിയിട്ടുണ്ട്.

Top