ദേശീയ പതാക വിവാദം; ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം മുഖ്യമന്ത്രിയെ ആവേശിച്ചിരിക്കുകയാണ്; കുമ്മനം

kummanam rajasekharan

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ പേരില്‍ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ബാലിശമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഫെയ്‌സ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം മുഖ്യമന്ത്രിയെ ആവേശിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ദേശീയ പതാക ഉയര്‍ത്തിയത് കുറ്റകരമാണെന്ന നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്. ബ്രിട്ടീഷുകാര്‍ക്ക് ശേഷം ദേശീയ പതാക ഉയര്‍ത്തിയത് കുറ്റമായി കണ്ട ഏക സര്‍ക്കാരിനാണ് സിപിഎം നേതൃത്വം നല്‍കുന്നത്.

രാഷ്ട്രീയ തിമിരം ബാധിച്ച പിണറായി എതിരാളികളെ ഏത് വിധേനയും ഇല്ലാതാക്കാന്‍ ശ്രമം നടത്തുകയാണ്. അതിന്റെ ഭാഗമായുള്ള ശ്രമം എന്നല്ലാതെ മറ്റൊരു കാരണവും ഇതിനു പിന്നില്‍ കാണാനാകില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :

ആർഎസ്എസ് സർസംഘചാലക് ഡോ മോഹൻഭാഗവത് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പതാകയുയർത്തിയതിന് പാലക്കാട് കണ്ണകിയമ്മൻ ഹയർസെക്കന്‍ററി സ്കൂള്‍ അധികൃതര്‍തക്കെതിരെ കേസെടുക്കാനുള്ള സർക്കാർ നീക്കം ബാലിശമാണ്. ബ്രിട്ടീഷ് സർക്കാരിന്‍റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണ്. അതു കൊണ്ടാണ് ദേശീയ പതാക ഉയർത്തിയത് കുറ്റകരമാണെന്ന നിലപാടിലേക്ക് എത്തിച്ചേർന്നത്.

ബ്രിട്ടീഷുകാർക്ക് ശേഷം ഇന്ത്യൻ ദേശീയ പതാക ഉയർത്തിയത് കുറ്റമായി കണ്ട ഏക സർക്കാരാണ് കേരളത്തിലെ സിപിഎമ്മിന്‍റേത്. രാഷ്ട്രീയ തിമിരം ബാധിച്ച പിണറായി വിജയൻ എതിരാളികളെ ഏത് വിധേനയും ഇല്ലാതാക്കാൻ ശ്രമം നടത്തുകയാണ്. അതിന്‍റെ ഭാഗമായുള്ള ശ്രമം എന്നല്ലാതെ മറ്റൊരു കാരണവും ഇതിനു പിന്നിൽ കാണാനാകില്ല.

രാഷ്ട്രീയ നേതാക്കൻമാർ സ്കൂളിൽ പതാക ഉയർത്തുന്നത് ചട്ട ലംഘനമാണെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് സ്കൂൾ അധികൃതര്‍ക്കെതിരെ കേസെടുക്കാൻ പിണറായി വിജയൻ നിർദ്ദേശം നൽകിയത്. എന്നാൽ കേരളത്തിൽ ഇതിന് മുൻപും നിരവധി രാഷ്ട്രീയ നേതാക്കൻമാർ ഇത്തരത്തിൽ പതാക ഉയർത്തിയിട്ടുണ്ട്. എന്നാൽ ആർക്കുമെതിരെ കേസെടുത്തതായി അറിവില്ല. മുൻ കെപിസിസി പ്രസിഡന്‍റ് വി എം സുധീരൻ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ പതാക ഉയർത്തിയ ദൃശ്യങ്ങൾ എല്ലാവരും കണ്ടതുമാണ്. ആ സംഭവത്തിൽ ഇതു വരെ കേസെടുത്തതായി അറിവില്ല. കേസെടുക്കണമെന്ന് അഭിപ്രായവുമില്ല.
സ്വതന്ത്ര ഭാരതത്തിൽ ഒരു പൗരൻ ദേശീയ പതാക ഉയർത്തിയതിന് ചട്ടങ്ങൾ ചൂണ്ടിക്കാട്ടി കേസെടുക്കുന്നത് പിന്തിരിപ്പൻ നയമാണ്.

ദേശീയ പതാകയെയും ദേശീയ ഗാനത്തെയും നിന്ദിച്ചവർക്കെതിരെ കേസെടുക്കാൻ മടി കാണിക്കുകയും, പതാകയെ വന്ദിച്ചവർക്ക് നേരെ നടപടി സ്വീകരിക്കുകയും ചെയ്യുന്ന ലോകത്തിലെ ഏക സർക്കാരാകും കേരളത്തിലേത്. ദേശീയ പതാകയെയും ഗാനത്തെയും അവഹേളിച്ച് മാഗസിൻ അച്ചടിച്ചിറക്കിയത് മുഖ്യമന്ത്രി പൂർവ്വ വിദ്യാർത്ഥിയായ കോളേജിലെ എസ്എഫ്ഐ നേതാക്കളാണ്. സിനിമാ തീയേറ്ററിൽ ദേശീയ ഗാനത്തെ അവഹേളിച്ചവരും ഇടതുപക്ഷ പ്രവർത്തകരായിരുന്നു. അവരോടൊന്നും സ്വീകരിക്കാത്ത വൈരനിര്യാതന ബുദ്ധി ആര്‍എസ്എസ് മേധാവിയോട് സ്വീകരിച്ചത് രാഷ്ട്രീയ പകപോക്കൽ മാത്രമാണ്.

ഡോ മോഹൻഭാഗവത് ദേശീയ പതാക ഉയർത്തിയതിലൂടെ എന്ത് സാമൂഹ്യ പ്രശ്നവും ക്രമസമാധാന തകർച്ചയുമാണ് നാട്ടിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തിന്‍റെ തലവൻ എന്ന നിലയിൽ മോഹൻഭാഗവതിന് ദേശീയ പതാക ഉയർത്താൻ അവകാശവും അധികാരവുണ്ട്. അതിന് ഒരു സർക്കാരിന്‍റേയും അനുമതി ആവശ്യമില്ല. രാജ്യത്തെ 17ആയി വെട്ടിമുറിക്കണമെന്ന് ആവശ്യപ്പെട്ട, സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത, ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനെയും അവഹേളിച്ച പ്രസ്ഥാനത്തിന്‍റെ പിൻതലമുറക്കാരൻ എന്ന നിലയിൽ പിണറായി വിജയനിൽ നിന്ന് ഇത്തരം നടപടി മാത്രമേ പ്രതീക്ഷിക്കാനാകൂ. പക്ഷേ അതു കൊണ്ട് ഒന്നും ആർഎസ്എസ് എന്ന മഹാ പ്രസ്ഥാനത്തേയോ അതിന്‍റെ തലവനേയോ ഇല്ലാതാക്കാം എന്നത് മൗഢ്യമാണ്..

Top