kummanam rajasekharan statement

kummanam

കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) കേരള ഘടകമെന്ന് അറിയപ്പെടുന്ന അന്‍സാര്‍ ഉള്‍ ഖലീഫയുടെ ഭീഷണിയെ ഭയക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

കേരളത്തിലെ ബിജെപി നേതാക്കള്‍ക്കെതിരെയുള്ള ഐഎസിന്റെ ഭീഷണിയെ തുടര്‍ന്ന് ആരും രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തില്ല. നേതാക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. അത് അവര്‍ വീഴിച്ച് കൂടാതെ നിര്‍വഹിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവര്‍ക്ക് ബിജെപിയുടെ ദേശീയ കൗണ്‍സില്‍ നടന്ന സമയത്ത് ഭീകര സംഘടനകളുടെ ഭീഷണി നിലനിന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ സുരക്ഷ കര്‍ശനമാക്കുകയും ചെയ്തിരുന്നു. ദേശീയ കൗണ്‍സില്‍ നടന്ന ദിവസങ്ങളില്‍ കെ. സുരേന്ദ്രന്റെ ഉള്ളൂരിയിലെ വീട്ടില്‍ പോലീസ് കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

അതിനിടെ സംസ്ഥാനത്ത് വളര്‍ന്നുവരുന്ന ഐഎസ് ബന്ധത്തെ എതിര്‍ക്കുന്നതിന് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാനായി ബുധനാഴ്ച കോഴിക്കോട്ട് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ചേരും.

ജനാധിപത്യ രീതിയില്‍ ഭീകര സംഘടനകളെ എതിര്‍ക്കുന്നതിനുള്ള ബിജെപിയുടെ പരിപാടികള്‍ക്ക് യോഗത്തില്‍ രൂപം നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.

Top