കുമ്മനം തിരികെയെത്തുമെന്ന് വീണ്ടും സൂചന;തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും!

തിരുവനന്തപുരം: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് തിരുവനന്തപുരത്ത് ലോക്‌സഭാ സീറ്റിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായ് മത്സരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കുമ്മനം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്നും പൊതു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നുമാണ് ബിജെപി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ആഗ്രഹമെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ വ്യക്തമാക്കി.

ശബരിമല സ്ത്രീ പ്രവേശം വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയ സാഹചര്യത്തിലാണ് കുമ്മനത്തെ സംസ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് പരാജയപ്പെട്ടെങ്കിലും ടി.എന്‍.സീമയെ മൂന്നാം സ്ഥാനത്താക്കാന്‍ കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ പാര്‍ട്ടി അടിത്തറയും ശബരിമല പ്രശ്‌നം ഉയര്‍ത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാന്‍ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതു വിലയിരുത്തല്‍.

ഗവര്‍ണര്‍മാര്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരികെയെത്തുന്നതിന് രാജ്യം പലതവണ സാക്ഷിയായിട്ടുണ്ട്. അതുപോലെ കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് സ്ഥാനാര്‍ഥിയായാല്‍ വളരെ ശക്തമായ ത്രികോണമല്‍സരമാകും തിരുവനന്തപുരം മണ്ഡലത്തില്‍ നടക്കുക.

Top