Kummanam-km Mani-BJP-kerala congress

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിനു വേണ്ടി വാതില്‍ തുറന്ന് ബിജെപി സംസ്ഥാന നേതൃത്വം. ബിജെപിയോടുള്ള നിലപാട് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് നേരിടുന്ന അവഗണനയെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും മാത്രമാണ് മാണി പറഞ്ഞിട്ടുള്ളത്. ബിജെപിയോടുള്ള നിലപാട് വ്യക്തമാക്കിയ ശേഷം മാത്രമേ തങ്ങള്‍ നിലപാട് പറയൂ എന്നും കുമ്മനം വിശദീകരിച്ചു.

എന്‍ഡിഎയില്‍ ബിഡിജെഎസ് ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. സഖ്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബിജെപി മുന്‍ അധ്യക്ഷന്‍ വി.മുരളീധരനും മാണിക്കായി വാതില്‍ തുറന്നു കിടക്കുകയാണെന്ന് മുന്‍പ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിലവില്‍ യുഡിഎഫ് വിടുന്ന കാര്യം കേരള കോണ്‍ഗ്രസിന്റെ പരിഗണനയില്‍ ഇല്ലെന്ന് നേതാക്കള്‍ അറിയിച്ചു. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജോസഫ് എം. പുതുശേരിയും ആന്റണി രാജുവും വ്യക്തമാക്കി.

Top