ബിനോയ് കോടിയേരിക്കെതിരായ ആരോപണം: സാക്ഷ്യപത്രത്തില്‍ ദുരൂഹതയുണ്ടെന്ന് കുമ്മനം

kummanam

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണത്തില്‍ ദുരൂഹത നീങ്ങുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍.

ദുബായ് പോലീസിന്റേതെന്ന് പറഞ്ഞ് പുറത്ത് വിട്ട സാക്ഷ്യപത്രം യഥാര്‍ഥത്തില്‍ ദുരൂഹത കൂട്ടുകയാണ് ചെയ്യുന്നതെന്നും, സാക്ഷ്യ പത്രത്തിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

ആരോപണം ഉയര്‍ന്ന ദിവസം ബിനോയിയുടേതായി പുറത്തു വന്ന വിശദീകരണത്തില്‍ ദുബായില്‍ ചെക്കു കേസുണ്ടെന്നും അത് കോടതി വഴി പരിഹരിച്ചുവെന്നും പറഞ്ഞിരുന്നു. കോടതി 60,000 ദിര്‍ഹം പിഴ ഈടാക്കിയെന്നും ബിനോയ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബിനോയ് ഹാജരാക്കിയ സാക്ഷ്യപത്രത്തില്‍ തനിക്കെതിരെ നാളിതുവരെ ഒരു കേസുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവ രണ്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും കുമ്മനം പറഞ്ഞു.

കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ വിദേശത്ത് എന്ത് വ്യവസായമാണ് നടത്തുന്നതെന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ദുബായില്‍ പോയി വലിയ ബിസിനിസ്സ് തുടങ്ങാനുള്ള മൂലധനം എവിടെ നിന്നുണ്ടായെന്നും കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോടിയേരി ബാലകൃഷ്ണന്റെ മകന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി വിശദീകരണങ്ങള്‍ പുറത്തു വന്നെങ്കിലും സംഭവത്തിലെ ദുരൂഹതകള്‍ നീങ്ങുന്നില്ല. ബിനോയിയുടെ പേരില്‍ നാളിതു വരെ ദുബായില്‍ കേസുകളൊന്നുമില്ലെന്ന ദുബായ് പൊലീസിന്റെ സാക്ഷ്യപത്രം യഥാര്‍ത്ഥത്തില്‍ ദുരൂഹത കൂട്ടുകയാണ് ചെയ്തത്. ആരോപണം ഉയര്‍ന്ന ദിവസം ബിനോയിയുടേതായി പുറത്തു വന്ന വിശദീകരണത്തില്‍ ദുബായില്‍ ചെക്കു കേസുണ്ടെന്നും അത് കോടതി വഴി പരിഹരിച്ചുവെന്നും പറയുന്നുണ്ട്. കോടതി 60,000 ദിര്‍ഹം പിഴ ഈടാക്കിയെന്നും ബിനോയ് തന്നെ വ്യക്തമാക്കിയതാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം ബിനോയ് ഹാജരാക്കിയ സാക്ഷ്യപത്രത്തില്‍ തനിക്കെതിരെ നാളിതുവരെ ഒരു കേസുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്.ഇവ രണ്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ മനസ്സിലാകും. അതുകൊണ്ട് തന്നെ ദുബായി പൊലീസിന്റേതെന്ന് പറഞ്ഞ് പുറത്തു വിട്ട സാക്ഷ്യപത്രത്തിന്റെ ആധികാരികത സംശയാസ്പദമാണ്.

മാധ്യമ വാര്‍ത്തകള്‍ അനുസരിച്ച് ദുബായിലെ ജാസ് ടൂറിസം കമ്പനി മേധാവി ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍മര്‍സൂക്കിക്ക്
ബിനോയ് നല്‍കാനുള്ളത് 13 കോടി രൂപയാണ്. ഈ പണവും കൊടുത്തു തീര്‍ത്തോയെന്ന് വ്യക്തമാക്കണം. അതല്ല ഇക്കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെങ്കില്‍ വാര്‍ത്ത പുറത്തു വിട്ട മാധ്യമങ്ങള്‍ക്കും പരാതി നല്‍കിയെന്നു പറയുന്ന വ്യവസായിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമോയെന്നും കോടിയേരി വ്യക്തമാക്കണം.

പോളിറ്റ് ബ്യൂറോയ്ക്ക് ഇത്തരമൊരു പരാതി കിട്ടിയിട്ടില്ലെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. മാത്രമല്ല ബിനോയ് പറയുന്നതും വ്യവസായി പറയുന്നതും വിശ്വസിക്കുന്നില്ലായെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ കോടിയേരി വിശദീകരിക്കണം.

കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ വിദേശത്ത് എന്ത് വ്യവസായമാണ് നടത്തുന്നതെന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ദുബായില്‍ പോയി വലിയ ബിസിനിസ്സ് തുടങ്ങാനുള്ള മൂലധനം എവിടെ നിന്നുണ്ടായെന്നും കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തണം.

Top