കുമ്പളം ടോള്‍ നിര്‍ത്തലാക്കണമെന്ന്, പ്രതിഷേധമുയര്‍ത്തി ജനങ്ങള്‍

ദിവസങ്ങള്‍ കൂടുംതോറും കൊച്ചിയിലെ ഗതാഗതക്കുരുക്കുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരാള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. കടുത്ത വെയിലിലും മഴയിലും ശക്തമായ ഗതാഗതക്കുരിക്കും സഹിച്ച് പതിയെ നീങ്ങുന്ന വാഹനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍ നേരം ഒരുപാടെടുക്കും. അങ്ങനെ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് വരുമ്പോഴാകട്ടെ അടുത്ത പണി കിട്ടുന്നത് കുമ്പളം ടോള്‍ പ്ലാസയിലാണ്. അവിടെയും ക്യൂ പാലിക്കണം. തന്റെ മുന്നിലുള്ള വാഹനങ്ങള്‍ കഴിഞ്ഞ് തന്റെ ഊഴമാകുന്നത് വരെ. ഇങ്ങനെ യാത്രക്കാരെ പിഴിഞ്ഞെടുക്കുന്ന നിലപാടാണ് കുമ്പളം ടോള്‍പ്ലാസ സ്വീകരിച്ച് വന്നിട്ടുള്ളത്. ടോള്‍ പ്ലാസ അധികൃതരുടെ നടപടികള്‍ക്കെതിരെ നിരവധി തവണ പ്രക്ഷോപം ഉയര്‍ന്നെങ്കിലും ടോള്‍ ഇപ്പോഴും പിരിച്ചെടുക്കുന്നുണ്ട്.

ഇതിന് പരിഹാരമായാണ് വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലം പണി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. തുടര്‍ന്ന് ഇരുപാലങ്ങളുടെയും പണി നടപ്പില്‍ വരുത്തിയെങ്കിലും പകുതിയ്ക്ക് വെച്ച് നിന്ന് പോയിരുന്നു. പിന്നീട് വിദഗ്ദ സംഘം പരിശോധനയ്‌ക്കെത്തുകയും ചെയ്തു. മേല്‍പ്പാലം പൂര്‍ത്തിയാവാന്‍ ഇനിയും മാസങ്ങള്‍ എടുക്കും. അതുവരെ എന്നത്തേയും പോലെ ടോള്‍ പ്ലാസ വഴിയാണ് വാഹനങ്ങള്‍ സഞ്ചരിക്കേണ്ടത്. എന്നാല്‍ പാലം പണി പൂര്‍ത്തിയാകുന്നതുവരെ ടോള്‍ നിര്‍ത്തിവെക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം. അതിനെതിരെ ഇപ്പോള്‍ പ്രക്ഷോപങ്ങളും നടക്കുന്നുണ്ട്.

ഇതിനിടെ കുമ്പളം ടോള്‍ പ്ലാസയിലെ ടോള്‍പിരിവ് നിര്‍ത്തലാക്കാന്‍ വാഹനയുടമകളും ഡ്രൈവര്‍മാരും ശബ്ദമുയര്‍ത്തിത്തുടങ്ങിയിരുന്നു. കുണ്ടന്നൂര്‍-തേവര ടോള്‍പിരിവ് നിര്‍ത്തലാക്കിയതിനെത്തുടര്‍ന്നായിരുന്നു ഈ പ്രക്ഷോപം. ഇതോടെ ടോള്‍ പ്ലാസ നിരവധി സംഘര്‍ഷങ്ങള്‍ക്കാണ് വേദിയായത്.

അരൂര്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള പതിനാറര കിലോമീറ്റര്‍ ദേശീയപാത വികസിപ്പിച്ചതിന്റെ പേരില്‍ പതിനഞ്ച് വര്‍ഷങ്ങളായി ടോള്‍ പിരിക്കുന്നുണ്ട്. പതിനാറര കിലോമീറ്ററിനുള്ളില്‍ ആറു പാലങ്ങളും അവയോട് ചേര്‍ന്നുള്ള സര്‍വീസ് റോഡുകളുമുണ്ട്. നൂറു കോടി രൂപയാണ് ദേശീയപാത വികസനത്തിനായി ആദ്യം മുതല്‍മുടക്കിയതെങ്കിലും പിന്നീട് ഇത് പരിഷ്‌കരിച്ച് നാല്‍പ്പതു കോടി രൂപ കൂടി ചെലവഴിക്കുകയായിരുന്നു.

തുടര്‍ന്ന് അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് കുമ്പളം ടോള്‍ വിരുദ്ധ സമിതിയാണ് പിരിവിനെതിരേ നിരന്തര സമരം പ്രഖ്യാപിച്ചത്. പിന്നീട് പല സംഘടനകളും സമരത്തില്‍ കണ്ണിചേര്‍ന്നതോടെ അധികൃതര്‍ക്ക് വിശദീകരണം നല്‍കാതെ വേറെ വഴിയില്ലെന്നായി. ഒടുവില്‍ അധികൃതര്‍ വിശദീകരണങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

ചെലവഴിച്ചതിന്റെ 80 ശതമാനം പോലും പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ടോള്‍ പിരിവ് ഇനിയും തുടരണമെന്നും അവര്‍ വ്യക്തമാക്കി. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ കരാര്‍ കമ്പനിക്ക് മെയ്ന്റനന്‍സിന്റെ ചുമതലകൂടി നല്‍കി. ഇതോടെ ടോള്‍ പിരിക്കാനുള്ള അവകാശത്തിന് ശക്തി കൂടിയെന്നും ടോള്‍വിരുദ്ധ സമിതി കുറ്റപ്പെടുത്തിയിരുന്നു.

ഈയിടെ പിരിവ് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി സമരം വീണ്ടും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അരൂര്‍-ഇടപ്പള്ളി ദേശീയ പാതയോരത്ത് കുമ്പളം ടോള്‍ പ്ലാസയ്ക്ക് മുമ്പിലും പരിസരത്തുമായി അനധികൃത പാര്‍ക്കിങ് നടത്തുന്നുവെന്ന റിപ്പോര്‍ട്ടും ലഭിക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന കൂറ്റന്‍ ലോറികള്‍ നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്യുന്നതായാണ് പരാതി. തിരക്കേറിയ റോഡിലെ ഇത്തരം പാര്‍ക്കിങ് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.

സര്‍വീസ് റോഡിലും ദേശീയപാതയിലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തോന്നിയപോലെ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് മറ്റ് വാഹനയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടാവുകയാണ്. ഇത്തരത്തില്‍ നിയമവിരുദ്ധമായി പാതയുടെ അരിക് ചേര്‍ക്കാതെ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നത് ടോള്‍ പ്ലാസ അധികൃതരോ, സ്ഥലത്ത് ഡ്യൂട്ടി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരോ നിയന്ത്രിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇത് വാഹനാപകടങ്ങള്‍ക്ക് കാരണമാകും.

സമീപത്തെ സ്വകാര്യ ഗോഡൗണിലേക്ക് ചരക്കുമായെത്തുന്ന ലോറികള്‍ക്ക് ഗോഡൗണ്‍ നടത്തിപ്പുകാര്‍ പാര്‍ക്കിങ് സ്ഥലം ഒരുക്കി നല്‍കാത്തതിനാല്‍ അവിടെ വരുന്ന ലോറികളും ദേശീയപാതയില്‍ പാര്‍ക്ക് ചെയ്യുകയാണ്. പല സ്ഥാപനങ്ങളും പാര്‍ക്കിങ് സ്ഥലം കാണിച്ച് പ്രവര്‍ത്തനാനുമതി നേടിയ ശേഷം ഇവിടം കെട്ടിയടച്ച് ഓഫീസ് മുറിയായോ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടിയോ മാറ്റുകയാണ്. ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത് നാട്ടുകാരും മറ്റ് വാഹനയാത്രക്കാരുമാണ്. ദൂരദേശത്ത് നിന്നുവരുന്ന ലോറി ജീവനക്കാര്‍ക്ക് വിശ്രമസൗകര്യം ഒരുക്കി നല്‍കേണ്ടത് ടോള്‍ കരാര്‍ കമ്പനിയാണെങ്കിലും ഇത്തരത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

ഇത്രയും പ്രശ്നങ്ങളുടെ ഇടയില്‍ യാത്രക്കാരെ മര്‍ദിക്കുന്ന പരിപാടിയും ടോള്‍ പ്ലാസ അധികൃതര്‍ക്ക് ഉണ്ടെന്ന് പൊതുജനങ്ങള്‍ പറയുന്നു. ഗുണ്ടകളെപ്പോലെയാണ് ഇവര്‍ യാത്രികരോട് പെരുമാറുന്നതെന്നും പരാതിയുണ്ട്. പരാതി നല്‍കിയിട്ടും നടപടിയൊന്നും ഇല്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും കനത്ത ഗതാഗതക്കുരുക്കുകളും ഇന്ധനനഷ്ടവും കഴിഞ്ഞു വരുന്ന യാത്രികര്‍ക്ക് ബുദ്ധിമുട്ടാണ് കുമ്പളം ടോള്‍ പ്ലാസ. ഇതിനെതിരെ ഇനിയെങ്കിലും സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് പൊതുജനം.

Top