കശ്മീരും പൗരത്വ രജിസ്റ്ററുമൊക്കെ ഹരിയാനയില്‍ പറയേണ്ട കാര്യമെന്ത്? ആഞ്ഞടിച്ച് കുമാരി ഷെല്‍ജ

ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പിസിസി അധ്യക്ഷ കുമാരി ഷെല്‍ജ. കശ്മീര്‍ പുന:സംഘടന ഹരിയാനയിലെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയേയല്ല. സംസ്ഥാനത്തെ നീറുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് കശ്മീര്‍ വിഷയമെന്നും അവര്‍ ആരോപിച്ചു.

ഹരിയാനയില്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. കുട്ടികള്‍ക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളുടെ തോത് വര്‍ധിക്കുകയാണ്. തൊഴിലില്ലായ്മയും യുവാക്കള്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗവും വളരെ കൂടുതലാണ്. എന്നാല്‍, ഇതിലേക്കൊന്നും ശ്രദ്ധ കൊടുക്കാതെ കശ്മീരിനെക്കുറിച്ച് പറഞ്ഞ് വോട്ട് തേടുകയാണ് ബിജെപി. ഇത് അംഗീകരിക്കാനാവില്ലെന്നും കുമാരി സെല്‍ജ പറഞ്ഞു.

അഞ്ചുവര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നായിരുന്നു അധികാരത്തിലേറുമ്പോള്‍ ബിജെപി സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, സ്വന്തം ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനാവതെ ദുരിതത്തിലായിരിക്കുകയാണ് ഹരിയാനയിലെ കര്‍ഷകര്‍. അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ബിജെപി ഹരിയാനയില്‍ വോട്ടുതേടേണ്ടത്. എന്നാല്‍, ഹരിയാനയില്‍ കശ്മീര്‍ പുന:സംഘടനയും പൗരത്വ രജിസ്റ്ററുമൊക്കെയാണ് നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നത്. ബിജെപിയുടെ പ്രചാരണം കാണുമ്പോള്‍. ഹരിയാന സര്‍ക്കാരാണ് ഇതൊക്കെ ചെയ്തതെന്ന് തോന്നും. കശ്മീരും പൗരത്വ രജിസ്റ്ററുമൊക്കെ ഹരിയാനയില്‍ പറയേണ്ട കാര്യമെന്താണെന്നും കുമാരി സെല്‍ജ ചോദിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 3237 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്. ഇതില്‍ 916 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് നേരിടുന്നവരാണ്. ഇതില്‍ കൊലപാതകം, മോഷണം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ നേരിടുന്നവരും ഇതിലുണ്ട്. 90 സീറ്റുകളിലേക്കുള്ള ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ 1108 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ആകെ 1.8 വോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ട്. രണ്ട് സംസ്ഥാനത്തും വോട്ടെണ്ണല്‍ നടക്കുന്നത് ഈ മാസം 24ന് ആണ്.

Top