കുമാര സ്വാമി ‘ചതിച്ചാല്‍’ കേരളത്തിലെയും ജനതാദള്‍ വെട്ടിലാകും, മന്ത്രി സ്ഥാനം പോകും

mathew 1

തിരുവനന്തപുരം: കര്‍ണ്ണാടകയില്‍ തൂക്ക് മന്ത്രിസഭ വരികയും ജനതാദള്‍(എസ്) ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്താല്‍ കേരളത്തിലും പ്രതിഫലനമുണ്ടാകും.ജനതാദള്‍ (എസ്) മന്ത്രിയായി മാത്യു ടി തോമസിന് തുടരാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകും മാത്രമല്ല, പാര്‍ട്ടി മാറിയില്ലങ്കില്‍ ഇടതു മുന്നണിയില്‍ നിന്നും പുറത്താകുകയും ചെയ്യും.

എന്‍.സി.പി ഗോവയിലടക്കം ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോഴും ദേശീയ നേതൃത്വം മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ്സിനൊപ്പം നിന്നതിനാലാണ് കേരളത്തില്‍ പടിക്ക് പുറത്താകാതെ ഇരുന്നത്.വേണ്ടിവന്നാല്‍ എന്‍.സി.പി വിടാന്‍ തയ്യാറാണെന്ന് മന്ത്രി ശശീന്ദ്രന്‍ അടക്കമുള്ളവര്‍ അന്ന് നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.

mathew 2

എന്നാല്‍ ജനതാദള്‍(എസ്) നെ സംബന്ധിച്ച് സ്ഥിതി അതല്ല, ആ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തന്നെ കര്‍ണ്ണാടകയിലാണ്. എച്ച്.ഡി. ദേവഗൗഡയും മകന്‍ കുമാരസ്വാമിയും സ്വീകരിക്കുന്ന നിലപാടാണ് പാര്‍ട്ടി നയം.ബി.ജെ.പിയുമായി അടുപ്പം പുലര്‍ത്തുന്ന ഇവര്‍ക്ക് തൂക്ക് സഭയുണ്ടായാല്‍ പരസ്പരം കൈകോര്‍ക്കാമെന്ന നിലപാടിലാണ്. മന്ത്രിസഭ രൂപീകരണ ചര്‍ച്ചയ്ക്ക് വിലപേശാന്‍ കുമാരസ്വാമി സിംഗപ്പൂരില്‍ കേന്ദ്രീകരിച്ചിരിക്കുകയാണിപ്പോള്‍.

ബി.ജെ.പിയെ സംബന്ധിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്‍പ് കര്‍ണ്ണാടക ഭരണം പിടിക്കേണ്ടത് അനിവാര്യമായതിനാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. മത നിരപേക്ഷ പാര്‍ട്ടി ആയി അറിയപ്പെടുന്ന ജനതാദള്‍ ഒപ്പം കൂടിയാല്‍ ലോക് സഭ തിരഞ്ഞെടുപ്പിലും വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡ, അനന്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജനതാദള്‍ നേതൃത്വവുമായി ആശയവിനിമയം തുടരുന്നത്. ഫലം വന്നാല്‍ നേരിട്ട് ദേവഗൗഡയെയും കുമാരസ്വാമിയെയും സന്ദര്‍ശിക്കുവാനാണ് തീരുമാനം.

കോണ്‍ഗ്രസ്സും ജനതാദള്‍ നേതാക്കളെ സ്വാധീനിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരെയാണ് രാഹുല്‍ ഗാന്ധി ചര്‍ച്ചയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ രാഹുല്‍ തന്നെ കളത്തിലിറങ്ങും.

കോണ്‍ഗ്രസ്സിനെ പിന്തുണച്ചാലും ഒരിക്കലും ബി.ജെ.പിയെ പിന്തുണക്കരുതെന്ന നിലപാട് കേരള ഘടകം ജനതാദള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.എന്നാല്‍ ഈ ആവശ്യമൊന്നും മുഖവിലക്കെടുക്കാതെ കൂടുതല്‍ ‘നേട്ടം’ ഏത് ഭാഗത്താണ് എന്ന് നോക്കി നിലപാട് സ്വീകരിക്കാനാണ് കുമാരസ്വാമിയുടെ തീരുമാനം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ബി.ജെ.പിയുമായി കൂട്ട് കൂടുന്നതാണ് നല്ലതെന്ന നിലപാടാണ് അദ്ദേഹത്തിന്.

എന്നാല്‍ സോഷ്യലിസ്റ്റ് നിലപാടുകള്‍ പിന്തുടരുകയും വര്‍ഗ്ഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്ത് മുന്നോട്ട് പോകുന്ന പാര്‍ട്ടിയുടെ അടിസ്ഥാന നയത്തില്‍ തന്നെ ‘കത്തി’ വയ്ക്കുന്ന ഇടപാടായി പോകും അതെന്ന നിലപാടും പാര്‍ട്ടിക്കകത്തുണ്ട്.ബി.ജെ.പിയുമായി ജനതാദള്‍ കൂട്ട് കൂടിയാല്‍ പാര്‍ട്ടി പിളര്‍ത്തി ഒരു വിഭാഗം എം.എല്‍.എമാരെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ്സ് പദ്ധതി.ഇതിനായുള്ള കരുക്കളും അണിയറയില്‍ സജീവമാണ്.

mathew 3

നാല്‍പ്പത് സീറ്റോളം നേടി ജനതാദള്‍ (എസ്) നിര്‍ണ്ണായക ശക്തിയാവുമെന്നാണ് അഭിപ്രായ സര്‍വേയില്‍ പുറത്ത് വന്നിരുന്നത്.ജനതാദള്‍ (യു) നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതോടെ കേരളത്തില്‍ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തോട് സഹകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.രാജ്യസഭയിലേക്ക് വീരേന്ദ്രകുമാറിനെ വീണ്ടും തിരഞ്ഞെടുക്കാന്‍ ഈ ധാരണ മൂലം കഴിഞ്ഞു.

ജനതാദള്‍ (എസു) മായി വീരേന്ദ്രകുമാര്‍ വിഭാഗം ലയിക്കണമെന്ന നിലപാട് സി.പി.എം മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും മന്ത്രി മാത്യു ടി തോമസ് അടക്കമുള്ളവരുടെ എതിര്‍പ്പ് മൂലം അത് നടന്നിട്ടില്ല.കര്‍ണ്ണാടകയില്‍ ബി.ജെ.പിയുമായി ജനതാദള്‍ സഖ്യമുണ്ടാക്കിയാല്‍ പിന്നെ വീരേന്ദ്രകുമാര്‍ വിഭാഗവുമായി ലയിക്കുക മാത്രമേ മാത്യു ടി തോമസിനും സംഘത്തിനും വഴിയുള്ളു.

ജനതാദള്‍ (എസ്) ന് ഉളള നാല് എം.എല്‍.എമാരില്‍ കെ.കൃഷ്ണന്‍കുട്ടിയും, സി.കെ.നാണുവും വീരേന്ദ്രകുമാര്‍ വിഭാഗത്തോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. മാത്യു ടി തോമസിനെ മാറ്റിയാല്‍ ഇവരില്‍ ആര്‍ക്കെങ്കിലും മന്ത്രിയാകാനും സാധിക്കും. ഈ ‘അപകടകരമായ’ സാഹചര്യത്തില്‍ മാത്യു ടി തോമസ് വിഭാഗം ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് ‘അരുതാത്തത് ‘ കര്‍ണ്ണാടകയില്‍ സംഭവിക്കരുതേ എന്നാണ്.ചൊവ്വാഴ്ചത്തെ ഫലം കര്‍ണ്ണാടക രാഷ്ട്രീയത്തിന് മാത്രമല്ല കേരള രാഷ്ട്രിയത്തിനും നിര്‍ണ്ണായകമാണ്.Related posts

Back to top