കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഗവർണർക്ക് രാജിക്കത്ത് കൈമാറി

ബംഗളൂരു: വിശ്വസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ എച്ച് ഡി കുമാരസ്വാമി ഗവർണർ വാജുഭായി വാലയ്ക്ക് രാജിക്കത്ത് കൈമാറി. ഭരണപക്ഷത്തെ പതിനാറ് എം എൽ എമാരുടെ രാജിയെ തുടർന്നാണ് കുമാരസ്വാമി സർക്കാർ ന്യൂനപക്ഷമായത്. തുടർന്ന് സർക്കാർ വിശ്വാസവോട്ട് നേരിടുകയും പരാജയപ്പെടുകയുമായിരുന്നു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ 99 എം എൽ എമാരാണ് അനുകൂലിച്ചത്. 105 എം എൽ എമാർ എതിർത്തു.

പതിന്നാലുമാസമാണ് കോൺഗ്രസ്-ജെ ഡി എസ് സർക്കാർ അധികാരത്തിലുണ്ടായിരുന്നത്. രാജിവെച്ച എം എൽ എമാരെ അനുനയിപ്പിക്കാൻ പലവഴികളും കോൺഗ്രസും ജെ ഡി എസും ശ്രമിച്ചിരുന്നു. എന്നാൽ നിലപാടിൽനിന്ന് പിന്നോട്ടു പോകാൻ തയ്യാറായില്ല.

ചൊവ്വാഴ്ച അഞ്ചരയോടെയാണ് വിശ്വാസപ്രമേയത്തിനു മേലുള്ള ചർച്ച പൂർത്തിയാക്കിക്കൊണ്ടുള്ള മറുപടി പ്രസംഗം കുമാരസ്വാമി നടത്തിയത്. സന്തോഷത്തോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങി.

വെകുന്നേരം ഏഴ് മണിയോടെ ഡിവിഷൻ വോട്ടിംഗിലൂടെയാണ് വിശ്വാസ വോട്ടെടുപ്പിന്റെ നടപടികൾ നടന്നത്. ഭരണപക്ഷത്ത് 99 എം.എൽ.എമാർ മാത്രമാണ് ഹാജരായത്. അതേസമയം പ്രതിപക്ഷ നിരയിൽ 105 എം.എൽ.എമാരുണ്ടായിരുന്നു. പാർട്ടി വിപ്പും അയോഗ്യതാ ഭീഷണിയും തള്ളി വിമത എം.എൽ.എമാർ സഭയിൽ ഹാജരായില്ല. ശേഷം വിശ്വാസവോട്ടെടുപ്പിൽ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവരുടെ കണക്ക് വായിച്ച സ്പീക്കർ വിശ്വാസവോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.

Top