ബന്ദിപ്പൂര്‍ രാത്രി യാത്ര ; കേന്ദ്ര നിര്‍ദേശം അംഗീകരിക്കില്ല, നിരോധനം തുടരുമെന്ന് കുമാരസ്വാമി

kumaraswami-new

ബെംഗളൂരു: കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിലൂടെ രാത്രി യാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, രാത്രിയാത്ര നിരോധനം നീക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ബദല്‍ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരുന്നു. ദേശീയ പാത 212(766)ന്റെ ബന്ദിപ്പൂര്‍ വനത്തിലൂടെ കടന്നു പോകുന്ന 25 കിലോമീറ്റര്‍ ദൂരത്തില്‍ വയനാടു മുതല്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ അഞ്ച് ആകാശ പാതകള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കുമാരസ്വാമി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയില്‍ തുടരുന്ന യാത്രാ നിരോധന കേസില്‍ നിലപാടറിക്കുന്നതിന് മുന്‍പാണ് കേന്ദ്രം ഉപരിതല ഗതാഗത സെക്രട്ടറി വൈ.എസ്. മാലിക്ക് വഴി കര്‍ണാടക ചീഫ് സെക്രട്ടറിക്ക് ബദല്‍ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്തയച്ചത്.

ബന്ദിപ്പൂര്‍ വനത്തിലൂടെ രാത്രിയും ഗതാഗതം ആകാമെന്ന നിലപാടിലാണ് ഉപരിതല ഗതാഗത മന്ത്രാലയം. 9 വര്‍ഷമായി പകല്‍ 15മണിക്കൂര്‍ മാത്രമാണ് ഗതാഗതം അനുവദിക്കുന്നത്.

Top