രാജീവ് ഗാന്ധിയോട് ആദരം ; കുമാരസ്വാമി സത്യപ്രതിജ്ഞ മാറ്റിവച്ചു

JDS

ബംഗളൂരു ; കര്‍ണാടകയില്‍ ജനവിധിയറിഞ്ഞ നിമിഷം മുതല്‍ തുടങ്ങിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നു പ്രഖ്യാപിച്ച ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ചടങ്ങുകള്‍ മാറ്റിവച്ചു. തിങ്കളാഴ്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികമായതിനാല്‍ അന്നത്തെ ചടങ്ങ് മാറ്റണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യമനുസരിച്ചാണ് തീരുമാനം. ബുധനാഴ്ച സത്യപ്രതിജ്ഞാചടങ്ങ് നടക്കുമെന്നാണു വിവരം.

ഉപമുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വരയാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ സൂചന. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡി.കെ.ശിവകുമാറും മന്ത്രിസഭയിലെത്തിയേക്കുമെന്നും സൂചനയുണ്ട്.

വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണു മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചു കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായി വാലയെ കണ്ടത്. സര്‍ക്കാര്‍ രൂപീകരണത്തിന് തിടുക്കം കാട്ടില്ലെന്നും ഗവര്‍ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു വിധാന്‍ സൗധയിലെ സംഭവ വികാസങ്ങള്‍ക്കു പിന്നാലെ കുമാരസ്വാമി പറഞ്ഞിരുന്നത്.

നിയമസഭയില്‍ വികാരാധീനനായി നടത്തിയ പ്രസംഗത്തിനു ശേഷമാണു യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്. ‘കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഞാന്‍ കര്‍ണാടകയില്‍ ഉടനീളം സഞ്ചരിച്ചു. ജനങ്ങള്‍ നല്‍കിയ പിന്തുണയും സ്‌നേഹവും മറക്കാന്‍ കഴിയില്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് 104 സീറ്റ് നല്‍കി അനുഗ്രഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്. എപ്പോഴെങ്കിലും തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കണ്ടിട്ടുണ്ടോ? ഞാന്‍ പാര്‍ട്ടി പ്രസിഡന്റായത് 2016ലാണ്. കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണു ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. ആറര കോടി ജനങ്ങള്‍ പിന്തുണച്ചത് ബിജെപിയെ ആണ്. കോണ്‍ഗ്രസിനും ജെഡിഎസിനും ജനാധിപത്യത്തില്‍ വിശ്വാസമില്ല’ യെഡിയൂരപ്പ പറഞ്ഞു.

Top