ഇടുക്കിയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ചനിലയില്‍

SUICIDE

കുമളി: ഇടുക്കിയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതിയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ സെന്തില്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ വാളാര്‍ഡി സ്വദേശി ഗുരുസ്വാമിയെയാണ് വീടിന് സമീപത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തിയത്.

കുമളി വാളാര്‍ഡിക്ക് സമീപം മേല്‍പരട്ടിലെ കുറ്റിക്കാട്ടില്‍ ഓട്ടോ ഡ്രൈവറായ സെന്തില്‍ കുമാറിന്റെ മൃതദേഹം ഇന്നലെ വൈകിട്ടാണ് കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.കടം കൊടുത്ത പണം തിരികെ വാങ്ങാന്‍ ബന്ധുവായ ഗുരുസ്വാമിയുടെ അടുത്തേക്ക് പോയതായിരുന്നു സെന്തില്‍. ഇയാളെ കാണാതായതോടെ പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലാണ് ഗുരുസ്വാമിയുടെ വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തില്‍ മല്‍പിടുത്തത്തിന്റെ സൂചനകളും രക്തക്കറയും സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഗുരുസ്വാമിയെ കാണാതാവുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ വീടിന് സമീപത്ത് തന്നെ ഉണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഗുരുസ്വാമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Top