കുലുക്കല്ലൂര്‍ ക്രെഡിറ്റ് സഹകരണ സംഘം തട്ടിപ്പ്; സിപിഎം അന്വേഷണ കമ്മീഷനെ നിയമിച്ചു

പാലക്കാട്: കുലുക്കല്ലൂര്‍ ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പില്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയമിച്ചു. ചെര്‍പ്പുളശേരി ഏരിയ കമ്മിറ്റി വിളിച്ച അടിയന്തര യോഗത്തിലാണ് മൂന്നംഗ കമ്മീഷനെ അന്വേഷണ ചുമതല ഏല്‍പിച്ചത്. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുലുക്കല്ലൂര്‍ ക്രെഡിറ്റ് സഹകരണ സ്ഥാപനത്തിലെ ജീവനക്കാരന്‍ 43.5 ലക്ഷം രൂപ വ്യാജ ഒപ്പിട്ട് തട്ടിയെന്നാണ് സംഘത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. തട്ടിപ്പ് പുറത്തായതോടെ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് പാര്‍ട്ടി അംഗങ്ങളുടെ ഇടപെടല്‍ പരിശോധിക്കാന്‍ ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കി.

തുടര്‍ന്ന് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നത്. തട്ടിപ്പില്‍ കൂടുതല്‍ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനായി കമ്മീഷനെ നിയോഗിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. ഉണ്ണികൃഷ്ണന്‍, ഇ. വിനോദ്കുമാര്‍, എം. സിജു എന്നിവരെയാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.

സാമ്പത്തിക തട്ടിപ്പില്‍ പൊലീസ് ഉടന്‍തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത. നിയമനടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് പണം നഷ്ടമാകില്ലെന്നും സിപിഎം ഏരിയ നേതൃത്വം ഉറപ്പുനല്‍കുന്നു.

Top