ലങ്കാ ദഹനം പൂര്‍ണം; ട്വന്റി 20യില്‍ സ്വന്തം മണ്ണില്‍ ജയമറിയാതെ ശ്രീലങ്ക

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയും ഇന്ത്യക്കു സ്വന്തം.

പരമ്പരയിലെ ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ സമ്പൂര്‍ണ ജയം നേടിയ ഇന്ത്യ ട്വന്റി 20 യിലും അത് ആവര്‍ത്തിച്ചു. ഏക ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ലങ്ക 171 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. 54 പന്തില്‍ 82 റണ്‍സ് നേടിയ നായകന്‍ കോഹിലിയും, 36 പന്തില്‍ 51 റണ്‍സ് നേടിയ മനീഷ് പാണ്ഡെയുമാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്.

ഓപണര്‍മാരായ രോഹിത് ശര്‍മ ഒമ്പതും, കെ രാഹുല്‍ 24 റണ്‍സുമെടുത്ത് പുറത്തായെങ്കിലും മൂന്നാം വിക്കറ്റില്‍ കോഹിലിയും, പാണ്ഡെയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു.

അര്‍ധ സെഞ്ച്വുറി നേടിയ മുനവീര (53) യുടെയും, 40 റണ്‍സെടുത്ത പ്രിയഞ്ചന്റെയും ഇന്നിംഗ്‌സാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ചാഹല്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് നേടി.

മൂന്ന് ടെസ്റ്റുകളും, അഞ്ച് ഏകദിനങ്ങളും, ഏക ട്വന്റി -20 മത്സരവും ജയിച്ച ഇന്ത്യ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ടീമെന്ന ഓസീസിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. 2010ല്‍ പാക്കിസ്താനെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകള്‍ തൂത്തുവാരിയാണ് ഓസീസ് റെക്കോര്‍ഡിട്ടത്.

Top