കുല്‍ദീപ് സെംഗറിന്റെ ഭാര്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട; ബിജെപി

ലഖ്‌നൗ: ഉന്നാവ് പീഡന കേസിലെ പ്രതി കുല്‍ദീപ് സെംഗറിന്റെ ഭാര്യയോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ബിജെപി നിര്‍ദ്ദേശം. ലഖ്‌നൗ ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ നിന്ന് സംഗീത സെന്‍ഗറെ ഒഴിവാക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുറത്ത് വന്ന സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

നിലവില്‍ ഉന്നാവോയിലെ പഞ്ചായത്ത് ചെയര്‍പേഴ്‌സണാണ് സംഗീത. ഫത്തേപ്പൂര്‍ ചൗരസ്യ ത്രിതീയ സീറ്റിലാണ് ഇവര്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിപ്പിക്കാനൊരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. കുല്‍ദീപ് സെംഗറിന് ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്നു അംഗത്വം നഷ്ടപ്പെട്ടിരുന്നു. ഉന്നാവോയിലെ ബെഗര്‍മാ നിയോജക മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെംഗറിനെ നിയമപ്രകാരം അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇതിനു പിന്നാലെ ബിജെപിയില്‍ നിന്നു ഇദ്ദേഹത്തെ പുറത്താക്കുകയും ചെയ്തിരുന്നു.

2020 ല്‍ ഉന്നാവോ കേസിലെ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് സെംഗറിന് പത്ത് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. 2017 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ ജീവപര്യന്തം തടവില്‍ കഴിയുകയാണ് കുല്‍ദീപ് സെംഗര്‍. 2021 ഏപ്രില്‍ 15 മുതല്‍ നാലു ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2 ന് ഫലം പ്രഖ്യാപിക്കും.

 

Top