കുല്‍ഭൂഷന്‍ ജാദവ് കേസ്: പാക്ക് അറ്റോര്‍ണി ജനറല്‍ അടക്കം വിദഗ്ധ സംഘം ഹേഗിലെത്തി

ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ ഇന്ന് വിധി പുറപ്പെടുവിക്കാനിരിക്കെ പാക്ക് നിയമ വിദഗ്ദരുടെ സംഘം ഹേഗിലെത്തി. പാക്ക് അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാന്‍, വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഹേഗിലെത്തിയത്.

മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെതിരെ ചാരവൃത്തിയാരോപിച്ച് പാക്ക് പട്ടാളക്കോടതി 2017 ഏപ്രിലില്‍ വധശിക്ഷ വിധിച്ച കേസില്‍ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പറയാനിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 ആണ് വിധി പുറപ്പെടുവിക്കുക.

പാക്ക് പട്ടാളക്കോടതി വിധിക്കെതിരേ 2018 മേയ് എട്ടിനാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തിരുന്നു. കുല്‍ഭൂഷണ്‍ ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കണ്‍വെന്‍ഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു പാക്കിസ്ഥാന്റെ വാദം.

Top