kulbhushan yadav death sentence india called pak deputy highcommissioner

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച ഇന്ത്യാക്കാരന്‍ കുല്‍ഭുഷന്‍ യാദവ് പ്രശ്‌നത്തില്‍ പാക്ക് ഡെപ്യൂട്ടി ഹൈക്കമിഷണറെ ഇന്ത്യ വിളിച്ചുവരുത്തി. യാദവ് തെറ്റുകാരന്‍ അല്ലെന്നും അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ വ്യാജമാണെന്നും പാക്ക് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സയീദ് ഹൈദര്‍ ഷായോട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗൗതം ബംബാവാല പാക്ക് വിദേശകാര്യ സെക്രട്ടറിയുമായി ഈ മാസം 14ന് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക്ക് ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയത്. യാദവിനെതിരായ കുറ്റം, പട്ടാളക്കോടതിയുടെ ശിക്ഷാവിധി ഇവയുടെ ഓദ്യോഗിക പകര്‍പ്പ് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല.

യാദവിന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായം നല്‍കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം 13 പ്രാവശ്യം പാക്കിസ്ഥാന്‍ നിരസിച്ചിരുന്നു.

അതിനിടെ, യാദവിനെ വിട്ടുകിട്ടുന്നതിന് രാജ്യാന്തര കോടതിയെ സമീപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി അനുവദിച്ചില്ല. ഇക്കാര്യത്തിന് ഗവണ്‍മെന്റ് സാധ്യമായതെല്ലാം ചെയ്തുവരികയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയ്ന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.

Top