കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ സംഘം പാക്കിസ്ഥാനില്‍ ; മേഖലയിൽ കനത്ത സുരക്ഷ

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവുമായി അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും കൂടികാഴ്ച നടത്തി.

നീണ്ട 22 മാസങ്ങള്‍ക്ക് ശേഷമാണ് കുടുംബം കുല്‍ഭൂഷണിനെ കണ്ടത്.

ഇന്ത്യന്‍ ഹൈക്കമ്മീഷണറും പാക് നയതന്ത്ര ഉദ്യോഗസ്ഥനും കുടുംബത്തെ സ്വീകരിക്കാന്‍ ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തിയിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിനെ കുടുംബം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

കൂടിക്കാഴ്ച നടക്കുന്ന ഇസ്‌ലാമാബാദിലെ വിദേശ കാര്യ ഓഫിസിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു.

ആക്രമണമുണ്ടായാല്‍ നേരിടുന്നതിനായി ഓഫിസിനു ചുറ്റും പൊലീസ്, അര്‍ധ സൈനിക വിഭാഗം എന്നിവരെ നിയോഗിച്ചിട്ടുണ്ട്.
KULBHUSHAN-MET-FAMILY
ജാദവിന് നയതന്ത്ര പ്രതിനിധികളുമായി ആശയവിനിമയം നടത്താന്‍ അനുമതി നല്‍കിയെന്ന് പാക് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയതെന്നും നയതന്ത്ര പ്രതിനിധികള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള അറിയിപ്പ് കിട്ടിയില്ലെന്നുമാണ് ഇന്ത്യയുടെ വിശദീകരണം.

ഉച്ചയോടെയാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയും അമ്മയും ദുബായ് വഴി പാക്കിസ്ഥാനിലെത്തിയത്. ഏഴു വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യം ഇന്ത്യന്‍ ഹൈക്കമ്മിഷണറുടെ ഓഫിസിലേക്കാണ് ഇവര്‍ പോയത്.

വിദേശകാര്യ മന്ത്രാലയം ഓഫിസില്‍ അരമണിക്കൂറാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചത്.

ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയ്‌ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണനയിലാണ്.

2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്ന് ജാദവിനെ അറസ്റ്റു ചെയ്‌തെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ വിരമിച്ച ശേഷം ഇറാനില്‍ കച്ചവടം നടത്തുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.

Top