കുല്‍ഭൂഷന്‍ ജാദവ് കേസ്; നയതന്ത്ര സഹായം ലഭ്യമാക്കുന്നതിന് നടപടി തുടങ്ങിയതായി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്‌:കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുന്നതിന് നടപടി തുടങ്ങിയതായി പാക്കിസ്ഥാന്‍. കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്റെ നടപടി.

ഇന്ത്യക്കുവേണ്ടി ബലൂചിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവൃത്തിയും നടത്തിയെന്നാരോപിച്ച് 2017 ഏപ്രിലിലാണ് പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. തുടര്‍ന്ന്, വധശിക്ഷ അസാധുവാക്കി കുല്‍ഭൂഷനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു.

അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച ഇന്ത്യക്ക് അനുകൂലമായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ പാക്കിസ്ഥാന്‍ പുനപ്പരിശോധിക്കണമെന്നും വിയന്ന ഉടമ്പടി പ്രകാരം തടവുകാരന് ലഭിക്കേണ്ട നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി പാക്കിസ്ഥാനു നിര്‍ദേശം നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് പാക്കിസ്ഥാന്റെ പ്രസ്താവന. അതേസമയം, ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കാമെന്ന് പാക്കിസ്താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്ന് പാക് വിദേശകാര്യ വക്തവ് അവകാശപ്പെട്ടു.

വ്യാപാര ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാക്കിസ്ഥാന്‍ ബലൂചിസ്താനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ വാദം. 2016 മാര്‍ച്ച് മൂന്നിനാണ് കുല്‍ഭൂഷണ്‍ പിടിയിലായത്.

Top