കൂടത്തായിക്ക് പിന്നാലെ കുളത്തറയും . . ! ഏഴ് ദുരൂഹ മരണങ്ങളില്‍ നേരറിയുമോ ?

തിരുവനന്തപുരം: കൂടത്തായിക്ക് പിന്നാലെ കേരളക്കരയെ നടുക്കി മറ്റൊരു കൊലപാതക പരമ്പരയും ചുരുളഴിയുന്നു. കരമന കുളത്തറയില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കി.

പല കാലങ്ങളിലായിട്ടായിരുന്നു ഏഴു മരണങ്ങള്‍. കരമന കാലടി കൂടത്തില്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന ഇവര്‍ മരിച്ചുകിടക്കുന്നതായി കാണപ്പെടുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ഇവരുടെ മരണശേഷം, കുടുംബവുമായി ബന്ധമില്ലാത്ത രണ്ടു പേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം. കുടുംബത്തിലെ കാര്യസ്ഥന്‍ വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് പരാതി. വ്യാജ ഒസ്യത്ത് തയാറാക്കിയതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സ്വത്ത് കിട്ടിയവരിലൊരാള്‍ അവിടുത്തെ വീട്ടുജോലിക്കാരിയുടെ മകനാണ്.

കരമനയിലും നഗരത്തിന്റെ പലഭാഗങ്ങളിലുമായി കൂടത്തില്‍ കുടുംബത്തിനു സ്വത്തുക്കളുണ്ട്. കാലടിയില്‍ 6.17 ഏക്കര്‍ സ്ഥലം അടക്കം ഏകദേശം 200 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. 2003 നു ശേഷമായിരുന്നു മരണങ്ങള്‍. കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥന്‍ ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നാണ് ആരോപണം.

15 വര്‍ഷത്തിനിടയില്‍ ആയിരുന്നു മരണങ്ങള്‍ നടന്നത്. വിഷ പദാര്‍ത്ഥങ്ങള്‍ നല്‍കി കൊലപ്പെടുത്തിയതായിട്ടാണ് പരാതി നല്‍കിയ ബന്ധുക്കള്‍ സംശയിക്കുന്നത്.

തിരുവനന്തപുരം ക്രൈം ഡി.സി.പി മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടന്നിരുന്നു.തുടര്‍ന്നാണ് പ്രത്യേക സംഘത്തിന് കൈമാറിയത്

Top