സര്‍ക്കാര്‍ കോവിഡ് മരണനിരക്ക് കുറവാണെന്ന് പ്രചരിപ്പിച്ചെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ മറച്ചുവെച്ചു കൊണ്ടാണ് സര്‍ക്കാര്‍ കൊവിഡ് മരണനിരക്ക് കുറവാണെന്ന് പ്രചരിപ്പിച്ചതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കൊവിഡ് വന്ന ശേഷം മനുഷ്യന്‍ മരിക്കുന്നത് കൊവിഡ് മൂലമല്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കൊവിഡ് മരണങ്ങളെ അതല്ലാതാക്കി മാറ്റി എന്തിനാണ് സര്‍ക്കാര്‍ മരണങ്ങള്‍ മറച്ചു വയ്ക്കുന്നതെന്നും ഇതുമൂലം പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാവങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യം നഷ്ടമാകുന്നു. കുറേ ആളുകള്‍ പട്ടികയില്‍ ഇല്ലാതെ പോയി. തെരെഞ്ഞെടുപ്പിന് മുമ്പ് മരങ്ങള്‍ മുറിക്കണമെന്ന വാശി സര്‍ക്കാരിനുണ്ടായിരുന്നു. സമയബന്ധിതമായി മരംമുറി നടക്കുകയും ചെയ്തു. മരംമുറിയിലെ അഴിമതി ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.

കിറ്റെക്‌സ് വിവാദത്തില്‍ ഒരുവശത്ത് തല്ലും മറു വശത്ത് തലോടലുമാണ് നടക്കുന്നത്. വ്യവസായികള്‍ക്ക് ബുദ്ധിമുട്ടുള്ള അന്തരീക്ഷമാണ് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. അവര്‍ക്ക് സംരക്ഷണം കൂടി നല്‍കണം. കേരളത്തില്‍ വന്‍ വ്യവസായങ്ങളുണ്ട്. അവര്‍ക്ക് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കണം. രണ്ടാം പിണറായി സര്‍ക്കാര്‍ വ്യവസായ സൗഹൃദമായിരിക്കണം. പ്രതിപക്ഷത്തിന്റെ റോള്‍ ഇപ്പോള്‍ കൂടുതല്‍ പ്രസക്തമായിരിക്കുകയാണ്. പ്രതിപക്ഷത്തിന് യാതൊരു നിരാശയുമില്ല. ഇതെല്ലാം അവസരമായിട്ടാണ് കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Top