ടിക്കറ്റ് കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കില്ല; കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു

ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ സമരം പിന്‍വലിച്ചു. യൂണിയന്‍ അംഗങ്ങളും ഗതാഗതമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് സമരം അവസാനിപ്പിക്കുവാന്‍ തീരുമാനമായത്.

ടിക്കറ്റ് കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുവാനുള്ള തീരുമാനം മരവിപ്പിച്ചതായും മന്ത്രി അറിയിച്ചു. സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് യൂണിയനുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

റിസര്‍വേഷന്‍ ജോലികള്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചതിനെതിരെയാണ് കെഎസ്ആര്‍ടിസി മിന്നല്‍ സമരം പ്രഖ്യാപിച്ചത്. സംസ്ഥാന വ്യാപകമായിട്ടാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

അതേസമയം, കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം മാറ്റിവെച്ചെന്ന് ടോമിന്‍ തച്ചങ്കരി അറിയിച്ചിരുന്നു എന്നാല്‍ കുടുംബശ്രീ അംഗങ്ങളെ റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി ഏല്‍പിക്കില്ലെന്ന് രേഖാമൂലം എഴുതി നല്‍കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Top