ഓണവിപണിയിലേക്ക് ഇത്തവണ കുടുംബശ്രീയുടെ കൈപുണ്യവും

ണവിപണിയിലേക്ക് ഇത്തവണ കുടുംബശ്രീയുടെ കൈപുണ്യം കൂടിയെത്തുകയാണ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും അടുത്തയാഴ്ചയോടെ തുടക്കമിടുന്ന ഓണം ഫെയറിനുള്ള ഒരുക്കത്തിലാണ് സിഡിഎസുകളെല്ലാം. എല്ലാ അയല്‍ക്കൂട്ടങ്ങളോടും ഒരു ഉത്പന്നമെങ്കിലും നിര്‍മിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മായം കലരാത്ത കറി പൗഡര്‍ മുതല്‍ ഉപ്പേരിയും അച്ചാറും വരെ കുടുംബശ്രീ യൂണിറ്റുകള്‍ ഒരുക്കുന്നുണ്ട്.

ബ്ലോക്ക് ഭാരവാഹികളുടെ കീഴിലാവും പ്രവര്‍ത്തനം. ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ മേളയ്ക്കാവശ്യമായ ഉത്പന്നങ്ങളുടെ പട്ടിക തയാറാക്കുന്നുണ്ട്. ആവശ്യമുള്ളിടങ്ങളിലേക്കു ജില്ലാ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ സാധനങ്ങളെത്തിക്കും.

ഗ്രാമപ്രദേശത്ത് 12,000 രൂപ നഗരത്തില്‍ 15,000 എന്നിങ്ങനെ ഓരോ ഫെയറിനും നല്‍കും. മൂന്ന് ദിവസമെങ്കിലും മേള നടത്തുന്നവര്‍ക്കേ ഇതു ലഭിക്കൂ. വലിയ ഫെയറുകള്‍ക്കു കുറഞ്ഞത് ഒരു ലക്ഷവും ചെറിയ ഫെയറിന് 50000 രൂപയും കലക്ഷനാണു ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 6ന് എങ്കിലും ആരംഭിക്കണമെന്നാണു നിര്‍ദേശം. വന്‍വിപണി ലക്ഷ്യമിടുന്ന പലയിടങ്ങളിലും ഒന്നിനു തന്നെ മേള ആരംഭിക്കാനാണു കോ ഓര്‍ഡിനേറ്റര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഭക്ഷ്യോത്പന്നങ്ങള്‍ക്കു വേണ്ട സാധനങ്ങള്‍ എല്ലായിടത്തും തയാറാണ്. എല്ലാ ജില്ലകളിലെ യൂണിറ്റുകളും ഓണവിപണി ലക്ഷ്യമിട്ടുള്ള തയാറെടുപ്പുകളിലാണെന്ന് അധികൃതര്‍ പറഞ്ഞു. പുറത്തു നിന്നു വാങ്ങുന്നവര്‍ കൂടാതെ കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടര ലക്ഷം കുടുംബങ്ങള്‍ ഒരു സാധനമെങ്കിലും വാങ്ങണമെന്നു നിര്‍ദേശമുണ്ട്.

Top