‘നിയമനം റദ്ദാക്കിയതിന് മുൻകാല പ്രാബല്യം നൽകരുത്’, കെടിയു മുൻ വിസി സുപ്രീംകോടതിയിൽ

ഡൽഹി : കെടിയു മുൻ വിസി സുപ്രീംകോടതിയിൽ. കെടിയു വിസി നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നാവശ്യപ്പെട്ടാണ് ഡോ. രാജശ്രീ സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി നൽകിയത്. നിയമനം റദ്ദാക്കിയതിന് മുൻകാല പ്രാബല്യം നൽകി, ശമ്പളവും മറ്റു അനൂകൂല്യം തിരിച്ചുപിടിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം.

ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ ടി യു) വൈസ് ചാൻസലരായി ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീം കോടതിയാണ് റദ്ദാക്കിയത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലായിരുന്നു ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിൻറെ ഉത്തരവ്. കെ ടി യു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മു‌ൻ ഡീൻ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ, അത് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിയിരുന്നു നടപടി.

സാങ്കേതിക സർവക‌ലാശാല വിസിയായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിയമനത്തിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. യു ജി സി ചട്ടങ്ങൾ പ്രകാരം വൈസ് ചാൻസലർ നിയമനത്തിന് ഒന്നിലധികം പേരുകൾ അടങ്ങുന്ന പാനലാണ് സെർച്ച് കമ്മിറ്റി ചാൻസലർക്ക് കൈമാറണം. എന്നാൽ സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിന് ഒരാളുടെ പേര് മാത്രമാണ് സമിതി ചാൻസലർക്ക് കൈമാറിയത്. ഈ നടപടി ചട്ടലംഘനമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

Top