കെടിഎം ഇന്ത്യയുടെ 790 ഡ്യൂക്ക് പുറത്തിറങ്ങി: വില 8.64 ലക്ഷം രൂപ

കെടിഎം ഇന്ത്യയുടെ 790 ഡ്യൂക്ക് പുറത്തിറങ്ങി. പുതിയ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന് 8.64 ലക്ഷം രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില. ആദ്യ ഘട്ടത്തില്‍ മുംബൈ, പുണെ, സൂറത്ത്, ഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് വാഹനം ലഭ്യമാവുക. ഈ വര്‍ഷം 790 ഡ്യൂക്കിന്റെ ലിമിറ്റഡ് നമ്പര്‍ യൂണിറ്റുകള്‍ മാത്രമേ വിപണിയിലെത്തുകയുള്ളുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇറക്കുമതി വഴിയാണ് 790 ഡ്യൂക്ക് ഇന്ത്യയിലേക്കെത്തുന്നത്. ഡ്യൂക്കിന്റെ വില കൂടാന്‍ കാരണമിതാണെന്ന് കെടിഎം ഇന്ത്യ വെളിപ്പെടുത്തിയിട്ടുണ്ട്. കെടിഎം നിരയിലെ മറ്റു മോഡലുകള്‍ക്ക് സമാനമായ ഡിസൈനിലാണ് 790 ഡ്യൂക്ക്. എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഉയര്‍ന്ന് നില്‍ക്കുന്ന എക്സ്ഹോസ്റ്റ് എന്നിവയാണ് പ്രധാന ഫീച്ചേഴ്സ്.

2128 എംഎം നീളവും 1475 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 169 കിലോഗ്രാമാണ് ഭാരം. 14 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 17 ഇഞ്ച് അലോയി വീലുകളാണ് ബൈക്കിനുള്ളത്. മുന്നില്‍ 43 എംഎം അപ്പ്സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 300 എംഎം ഡിസ്‌കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണുള്ളത്.

സ്വിച്ചമ്പിള്‍ കോര്‍ണറിങ് എബിഎസ്, മോട്ടോ സ്ലിപ്പ് റെഗുലേഷനോടുകൂടിയ ക്വിക്ക്ഷിഫ്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളും 790 ഡ്യൂക്കിലുണ്ട്. കൂടാതെ സ്പോര്‍ട്ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നീ നാല് ഡ്രൈവിങ് മോഡലുകളും പുതിയ ഹൈ പെര്‍ഫോമെന്‍സും ലഭ്യമാക്കിയിട്ടുണ്ട്.

799 സിസി പാരലല്‍ ട്വിന്‍ എന്‍ജിന്‍ 9000 ആര്‍പിഎമ്മില്‍ 103 ബിഎച്ച്പി പവറും 8000 ആര്‍പിഎമ്മില്‍ 87 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ബോക്സ്. ഹോണ്ട സിബിആര്‍ 650ആര്‍, ഡുക്കാട്ടി മോണ്‍സ്റ്റര്‍, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ എന്നിവയാണ് ഇന്ത്യയില്‍ 790 ഡ്യൂക്കിന്റെ പ്രധാന എതിരാളികള്‍.

Top