ktm 390 adventure around the corner

വില കുറഞ്ഞ അഡ്വഞ്ചര്‍ ബൈക്ക് സെഗ്‌മെന്റിലേയ്ക്ക് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എത്തിയത് കഴിഞ്ഞ വര്‍ഷമാണ്. ഓഫ് റോഡിനും ഓണ്‍ റോഡിനും ഒരുപോലെ ഇണങ്ങിയ ഈ ബൈക്ക് മറ്റു വാഹന നിര്‍മാതാക്കള്‍ക്കും വലിയൊരു സാധ്യതയാണ് തുറന്നുകൊടുത്തിരിക്കുന്നത്.

സുസുക്കിയും ടിവിഎസും ഹോണ്ടയുമെല്ലാം ചെറിയ അഡ്വഞ്ചര്‍ ബൈക്കുകളുടെ പണിപ്പുരയിലാണ്.

ഇപ്പോഴിതാ ഓസ്ട്രിയന്‍ വാഹന നിര്‍മാതാക്കളായ കെടിഎം അഡ്വഞ്ചര്‍ ബൈക്കുമായി എത്തുന്നു. കെടിഎമ്മും ബജാജും സംയുക്തമായി വികസിപ്പിക്കുന്ന ചെറു അഡ്വഞ്ചര്‍ ബൈക്ക് പ്ലാറ്റ്‌ഫോമിലാണ് ബൈക്ക് പുറത്തിറങ്ങുക.

പുതിയ സൂപ്പര്‍ ഡ്യൂക്ക് അഡ്വഞ്ചര്‍ 1290 യെ ആധാരമാക്കി വികസിപ്പിക്കുന്ന പ്ലാറ്റ്‌ഫോമില്‍ രണ്ടു ബൈക്കുകള്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെടിഎം അഡ്വഞ്ചര്‍ 200, കെടിഎം അഡ്വഞ്ചര്‍ 390 എന്നീ പേരുകളിലായിരിക്കും ബൈക്ക് അറിയപ്പെടുക.

നേരത്തെ അഡ്വഞ്ചര്‍ ടൂറര്‍ വികസിപ്പിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും അവ കമ്പനി സ്ഥിരീകരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ പുതിയ ബൈക്കിന്റെ പരീക്ഷയോട്ടം കമ്പനി ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

ഹിമാലയനെ കൂടാതെ കഴിഞ്ഞ മാസം മിലാനില്‍ നടന്ന രാജ്യാന്തര വാഹന മേളയില്‍ പ്രദര്‍ശിപ്പിച്ച ബിഎംഡബ്ല്യു ജി 310 ജിഎസ്, സുസുക്കി വിസ്റ്റോം, കവസാക്കി വേര്‍സിസ് എക്‌സ് 300 തുടങ്ങിയ ബൈക്കുകളോടായിരിക്കും മത്സരിക്കുക.

ഡ്യൂക്ക് 390 ലെ 375 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന ബൈക്ക് ഇവരുമായി മത്സരിക്കുമ്പോള്‍ 200 സിസി എന്‍ജിനും 1.5 ലക്ഷം രൂപ വിലയുമായി എത്തുന്ന അഡ്വഞ്ചര്‍ 200 പുതിയ സെഗ്മെന്റിനായിരിക്കും തുടക്കം കുറിക്കുക.

Top