കെ ടി ജലീലും സ്പീക്കറും നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഉന്നത പദവികളില്‍ ഇരിക്കുന്ന വ്യക്തികള്‍ പാലിക്കേണ്ട മിനിമം പ്രോട്ടോക്കോള്‍ പാലിക്കാതെ മന്ത്രി കെ ടി ജലീലും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും നടത്തിയിരിക്കുന്നത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മര്യാദയും ഉത്തരവാദിത്ത ബോധവും രണ്ടുപേരുടെയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സസ്പെന്റ് ചെയ്യാന്‍ കണ്ടെത്തിയ മുഖ്യ കാരണം. മന്ത്രിയും സ്പീക്കറും ചെയ്തതാവട്ടെ അതിലേറെ വലിയ കുറ്റകൃത്യമാണ്.

ഇരുവരെയും എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മന്ത്രി ജലീല്‍ സര്‍വ്വ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഉപഹാരം കൈപ്പറ്റിയത്. മന്ത്രിയുടെ നടപടി രാജ്യത്തിന്റെ അന്തസ്സ് അപകീര്‍ത്തിപ്പെടുത്തുന്നതാണ്. എം.പി,എം, എല്‍.എ,മന്ത്രി തുടങ്ങിയ എല്ലാവര്‍ക്കും വിദേശ രാജ്യങ്ങളുടെ കാര്യാലയവുമായും നയതന്ത്ര പ്രതിനിധികളുമായും ബന്ധപ്പെടുന്നതിന് വ്യക്തമായ ചട്ടങ്ങളും വ്യവസ്ഥകളും നിലവിലുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് മന്ത്രി ഇടപെടല്‍ നടത്തുകയും യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഉപഹാരം നേരിട്ട് കൈപ്പറ്റുകയും ചെയ്തത്.

റംസാന്‍ കാലത്ത് അഗതികള്‍ക്ക് സക്കാത്ത് നല്‍കാന്‍ വേണ്ടിയാണ് താന്‍ ഉപഹാരം സ്വീകരിച്ചതെന്നാണ് മന്ത്രി പറയുന്നത്. ഇത് ചട്ടലംഘനം മാത്രമല്ല നമ്മുടെ നാടിന് അപമാനം വരുത്തിവച്ചിരിക്കുന്ന നടപടി കൂടിയാണ്. അഗതികള്‍ക്ക് റംസാന്‍കാലത്ത് സക്കാത്ത് പോലും നല്‍കാന്‍ കഴിയാത്ത നാട് എന്ന നിലയിലേക്ക് കേരളത്തെ അധഃപതിപ്പിച്ചു.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശ്ശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിനും ബാധ്യസ്ഥനായ സ്പീക്കര്‍ക്ക് സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ രണ്ടും മൂന്നും പ്രതികളുമായി വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവുമാണുള്ളത്. ഇത് സഭയുടെ മാന്യതയ്ക്ക് ഒട്ടും ഭൂഷണമല്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സ്പീക്കര്‍ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കാന്‍ സ്പീക്കര്‍ക്കായില്ല. സ്പീക്കറുടെ ഈ നടപടിയെ പൊതുസമൂഹത്തിന്റെ മുന്നില്‍ തുറന്ന് കാട്ടാന്‍ തന്നെയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. സ്പീക്കര്‍ സഭയുടെ കേവലം കസ്റ്റോഡിയന്‍ മാത്രമല്ല പൊതുസമൂഹത്തിന് മുഴുവന്‍ മഹനീയ മാതൃക സൃഷ്ടിക്കേണ്ട വ്യക്തി കൂടിയാണ്. ഇന്ത്യന്‍ പാര്‍ലമെന്റിനെ അലങ്കരിച്ച ആദ്യകാല സ്പീക്കര്‍ മാവ്ലങ്കാറുടെ കാലം മുതല്‍ക്കെയുള്ള പാര്‍ലമെന്റിന്റെ ചരിത്രം പഠിക്കാന്‍ സ്പീക്കറും സിപിഎമ്മും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Top