വേളിക്കായലില്‍ മുങ്ങിയ കെടിഡിസിയുടെ ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റ് പൊക്കിയെടുത്തു

തിരുവനന്തപുരം: വേളിക്കായലില്‍ മുങ്ങിയ നാലുമാസം മുമ്പ് 75 ലക്ഷം മുടക്കി നവീകരിച്ച കെടിഡിസിയുടെ ഫ്‌ളോട്ടിംഗ് റസ്റ്റോറന്റ് ഒരാഴ്ചക്ക് ശേഷം പൊക്കിയെടുത്തു. റസ്റ്റോറന്റ് മുങ്ങാന്‍ കാരണം കെടിഡിസിയുടെ അനാസ്ഥയാണെന്ന് നിര്‍മ്മാണ കമ്പനി ആരോപിച്ചു. മുങ്ങിയതിന്റെ കാരണത്തെ കുറിച്ച് കെടിഡിസിയും നിര്‍മ്മാണം നടത്തിയ ഫ്‌ളോട്ടേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മില്‍ തര്‍ക്കം തുടങ്ങി.

മുങ്ങിയ റെസ്റ്റോറ്റന്റ് പൊക്കിയെടുക്കാന്‍ കരാര്‍ കമ്പനി തന്നെ യന്ത്രങ്ങളുമായി നാല് ദിവസം മുമ്പ് വേളിയിലെത്തി. എന്നാല്‍ എറണാകുളത്തുള്ള മറ്റൊരു കമ്പനിയുമായി കെടിഡിസിയിലെ എഞ്ചിനീയറിങ് വിഭാഗവുമെത്തി. റെസ്റ്റോറന്റ് ഉയര്‍ത്താനാകെ എറണാകുളത്ത് നിന്നെത്തിയ കമ്പനി മടങ്ങി. തര്‍ക്കത്തെ തുടര്‍ന്ന് ഈ ഒഴുകുന്ന ഭക്ഷണശാല വെള്ളത്തില്‍ തന്നെ കിടക്കുകയായിരുന്നു.

ഒടുവില്‍ ടൂറിസം മന്ത്രി നേരിട്ട് ഇടപെട്ടാണ് കരാര്‍ കമ്പനിയെ കൊണ്ട് തന്നെ റസ്റ്റോറന്റ് ഉയര്‍ത്തിയത്. അതേസമയം സംഭവത്തില്‍ കെടിഡിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2006ലാണ് ഫ്‌ളോട്ടേഴ്‌സ് ഇന്ത്യ നിര്‍മ്മിച്ച ഈ ഹോട്ടല്‍ കെടിഡിസിക്ക് കൈമാറിയത്. കരാര്‍ തുകയില്‍ 30 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ഇനി റസ്റ്റോറന്റ് ഉയര്‍ത്തിയതിനും കമ്പനിക്ക് പണം നല്‍കേണ്ടിവരും.

Top