ജെന്റില്‍മാന്‍ രണ്ടാംഭാഗം ഒരുങ്ങുന്നു; വീണ്ടും ബ്രഹ്മാണ്ഡചിത്രവുമായി കെ.ടി. കുഞ്ഞുമോന്‍

ചെന്നൈ: തമിഴ് സിനിമാ ചരിത്രത്തില്‍ ബ്രഹ്മാണ്ഡ സിനിമാനിര്‍മ്മാണത്തിന് ആരംഭം കുറിച്ച നിര്‍മ്മാതാവ് കെ.ടി.കുഞ്ഞുമോന്‍ വീണ്ടുമെത്തുന്നു. തമിഴില്‍ ഏറെ ജനശ്രദ്ധ നേടിയ ജെന്റില്‍മാന്റെ രണ്ടാം ഭാഗവുമായാണ് മലയാളിയായ കെ.ടി കുഞ്ഞുമോന്‍ ഇത്തവണ എത്തുന്നത്. 1993 ല്‍ കെ.ടി.കുഞ്ഞുമോന്‍ നിര്‍മ്മിച്ച് ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജെന്റില്‍മാന്‍. എന്നാല്‍ ഒട്ടേറെ പുതുമകളോടെയാണ് ജെന്റില്‍മാന്‍ 2 പ്രദര്‍ശനത്തിനെത്തുന്നത്. ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഹോളിവുഡ് നിലവാരത്തില്‍ വലിയ ബജറ്റില്‍ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറക്കുമെന്ന് അദ്ദേഹം പറയുന്നു.

‘എന്റെ ജെന്റില്‍മാന്‍ തമിഴ്, തെലുങ്കു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആ ചിത്രത്തെ മെഗാ ഹിറ്റാക്കി മാറ്റിയിരുന്നു ആരാധകര്‍. ഇന്ത്യയില്‍ മാത്രമല്ലാതെ ലോകമെമ്പാടും പല ഭാഷകളില്‍ പുറത്തിറങ്ങിയ ഈ സിനിമയെ ജനങ്ങള്‍ ആഘോഷമാക്കി മാറ്റി. ഈ സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. നടീ നടന്മാര്‍ മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടന്നു വരുന്നു. ഔദ്യോഗികമായ അറിയിപ്പ് ഉടന്‍ ഉണ്ടാവും. ഈ സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളില്‍ റിലീസ് ചെയ്യുകയുള്ളൂ’- കെ.ടി കുഞ്ഞുമോന്‍ പറഞ്ഞു.

അര്‍ജ്ജുന്‍, എ.ആര്‍. റഹ്മാന്‍, ക്യാമറാമാന്‍ ജീവ, പ്രഭുദേവ, വടിവേലു എന്നിവരെ പ്രശസ്തരാക്കിയതും ഈ ഒറ്റ ചിത്രമാണ്. മധുബാലയാണ് ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്.സിനിമ മെഗാഹിറ്റായതിനെ തുടര്‍ന്ന് കുഞ്ഞുമോന്‍ ‘ജെന്റില്‍മാന്‍ ‘കെ.ടി. കുഞ്ഞുമോന്‍ എന്നാണ് ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്.

Top