യോഗ്യത എന്ന വാക്ക് തന്നെ ലീഗിന് അയോഗ്യതയാണെന്ന് കെ.ടി ജലീൽ

മുസ്ലീം ലീഗിനെ തുറന്ന് എതിര്‍ക്കുമ്പോഴും താഴെ തട്ടിലെ ലീഗ് നേതൃത്വം ശക്തരാണെന്ന് സമ്മതിച്ച് കെ.ടി ജലീല്‍ എം.എല്‍.എ. ക്രഡിബിള്‍ ആയ പ്രാദേശിക നേതാക്കള്‍ ലീഗിന് ഉള്ളത് കൊണ്ടു മാത്രമാണ് പൂര്‍ണ്ണമായും അടിത്തട്ടില്‍ ലീഗിനെ തകര്‍ക്കാന്‍ കഴിയാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെ പൗരപ്രമുഖരും നല്ല മനുഷ്യരുമാണ് താഴെ തട്ടില്‍ ലീഗിനുള്ളത്. എന്നാല്‍ മുകളിലോട്ട് വരും തോറും ക്വാളിറ്റി കുറഞ്ഞു വരികയാണെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമര്‍ശം. അതേസമയം, പാണക്കാട് തങ്ങള്‍മാര്‍ നല്ല മനുഷ്യരാണെന്ന് തുറന്നു പറയാനും ജലീല്‍ തയ്യാറായി. ( അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണുക)

മുസ്ലിംലീഗ് വേദിയില്‍ നിന്നും ആദ്യമായി ഇടതുപക്ഷ വേദിയിലെത്തിയപ്പോള്‍ എന്താണ് തോന്നിയത്?

മുസ്ലിംലീഗ് വേദിയില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും ഞാന്‍ അഭിമുഖികരിക്കുന്നത് മുസ്ലിംജനവിഭാഗത്തെയാണ്. ഒരു മള്‍ട്ടി റിലീജിയസ് സൊസൈറ്റിയെ എനിക്ക് അഭിസംബോധന ചെയ്യാന്‍ സാധിച്ചുവെന്നുള്ളതാണ് ഇടതുപക്ഷത്തേക്ക് വന്നപ്പോഴുണ്ടായ ഏറ്റവും വലിയ കാര്യം. ഞാന്‍ സിപിഐഎം നേതൃത്വം നല്‍കിയ സഖാവ് പിണറായി വിജയന്‍ നയിച്ച രണ്ട് ജാഥയില്‍ പാര്‍ട്ടിയുടെ അംഗമല്ലായിരുന്നിട്ടുപോലും ഉള്‍പ്പെടുത്തപ്പെട്ടയാളാണ്. ആ ജാഥകളില്‍ എനിക്കുണ്ടായ അത്മസംതൃപ്തി ചെറുതല്ല.

ഞാന്‍ മുസ്ലിം ലീഗിന്റെയും മുസ്ലിംയൂത്ത് ലീഗിന്റെയും പല സംസ്ഥാന ജാഥകളിലും പങ്കാളിയായിട്ടുണ്ട്. യൂത്ത്‌ലീഗിന്റെ ഒരു ജാഥ ഞാന്‍ നയിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ എന്റെ മുന്‍പില്‍ എന്നെ കേള്‍ക്കാന്‍ വന്നു നില്‍ക്കുന്നവരില്‍ മഹാഭൂരിഭാഗവും മുസ്ലിം ജനവിഭാഗമായിരുന്നു. മുസ്ലിം ജനതയുടെ പ്രശ്‌നങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മുസ്ലിംങ്ങള്‍ മാത്രമല്ല കേള്‍ക്കേണ്ടത്. എല്ലാ ജനവിഭാഗങ്ങളും കേള്‍ക്കണം. മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ഒന്നാണെന്നുള്ള വികാരമാണ് വിചാരമാണ് ജനങ്ങളില്‍ ഉണ്ടാക്കേണ്ടത്. അതുണ്ടാക്കാന്‍ ഒരു ബഹുമത സമൂഹത്തെ ലഭിക്കുന്നു എന്നതും അവരോട് സംവദിക്കാന്‍ കഴിയുന്നുവെന്നുള്ളതുമാണ് സിപിഐഎമ്മുമായി സഹകരിച്ചതുകൊണ്ട് എനിക്കുണ്ടായ ഏറ്റവും വലിയ നേട്ടം. ആ നേട്ടത്തിന് സമാനമാവില്ല എംഎല്‍എയായതോ മന്ത്രിയായതോ ഒന്നുമെന്നാണ് എന്റെ വിശ്വാസം.

സിപിഐഎം നല്‍കുന്ന പരിഗണന ലീഗിലായിരുന്നുവെങ്കില്‍ ലഭിക്കുമായിരുന്നോ ?

ലീഗിലായിരുന്നുവെങ്കില്‍ ലഭിക്കില്ല ലീഗില്‍ യോഗ്യതയുണ്ടാവുകയെന്നത് ഒരയോഗ്യതയാണ്. ഹരിതയുടെ മിടുക്കികളായിട്ടുള്ള പെണ്‍കുട്ടികള്‍ നേരിടുന്ന പ്രതിസന്ധി അതാണ്. ലീഗിന്റെ ദേശീയ സെക്രട്ടറിയാണല്ലോ കുഞ്ഞാലിക്കുട്ടി സാഹിബ്. അദ്ദേഹം പത്രസമ്മേളനം നടത്തുമ്പോള്‍ അത് കേള്‍ക്കുന്നവര്‍ക്കുണ്ടാകുന്നതിനേക്കാള്‍ ക്ലാരിറ്റി ഹരിതയുടെ പെണ്‍കുട്ടികള്‍ക്ക് ഉണ്ടെന്നുള്ളത് കുറച്ചു ദിവസങ്ങളായി നമ്മള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കാണുകയാണ്. യോഗ്യതയുള്ളവരെ മാറ്റിനിര്‍ത്തി താന്‍ പറയുന്നത് കേള്‍ക്കുന്നവരെയും തന്നേക്കള്‍ യോഗ്യത കുറഞ്ഞവരേയുമാണ് കുഞ്ഞാലിക്കുട്ടി സാഹിബ് പ്രോത്സാഹിപ്പിക്കുന്നത്. തന്നേക്കാള്‍ വളരാന്‍ സാധ്യത വിദൂരതയിലെങ്കിലും കാണാന്‍ സാധിച്ചാല്‍ അവരെ മുളയിലെ നുള്ളിക്കളയും. സിഎച്ചിന്റെ കാലത്ത് ഒന്നും അങ്ങനെയായിരുന്നില്ല. കഴിവുള്ളവരെ പ്രോത്സാപ്പിച്ചുകൊണ്ടുവരുന്നതായിരുന്നു സിഎച്ചിന്റെ രീതി. മുസ്ലിം ജനവിഭാഗത്തില്‍പ്പെടുന്നവരെ പ്രധാന സ്ഥാനങ്ങളില്‍ സിഎച്ച് പ്രതിഷ്ഠിക്കുമ്പോള്‍ ഒരിക്കലും നാലാളുകള്‍ കേട്ടാല്‍ കണ്ടാല്‍ അത് തെറ്റായിപ്പോയെന്ന് പറയാത്ത അത്രയും ബഹുമുഖപ്രതിഭകളെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായ ഘട്ടത്തില്‍ ഇഎംഎസ് മുഖ്യമന്ത്രിയും സിഎച്ച് വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. ഗനി സാഹിബിനെയാണ് ആദ്യത്തെ വൈസ് ചാന്‍സിലറായി നിയമിച്ചത്. ഗനിയെ വൈസ് ചാന്‍സിലറായി നിയമിച്ച ഘട്ടത്തില്‍ പലരും അതിനെതിരായി വിമര്‍ശനമുന്നയിച്ചു. സുകുമാര്‍ അഴിക്കോട് മാഷ് പോലും. എന്നാല്‍, ഗനി സാഹിബ് അദ്ദേഹത്തിന്റെ ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇതേ അഴിക്കോട് മാഷ് പറഞ്ഞത് ഒരു ടേം കൂടി ഗനി സാഹിബിന് നീട്ടിക്കൊടുക്കണമെന്നാണ്. വിമര്‍ശിച്ചവരെക്കൊണ്ട് മാറ്റിപ്പറയിക്കാന്‍ കഴിവുള്ളവരെയാണ് സിഎച്ച് മുസ്ലിം സമുദായത്തില്‍ നിന്ന് അവതരിപ്പിച്ചത്. എന്നാല്‍, സിഎച്ചിനു ശേഷം ഒരിക്കലും അങ്ങനെയുണ്ടായിട്ടില്ല. കഴിവ് ഏറ്റവും കുറഞ്ഞവരെയും മുസ്ലിം സമുദായത്തിന് അപമാനമുണ്ടാക്കുന്നവരെയുമാണ് പിന്നീട് അവര്‍ അവതരിപ്പിച്ചത്.

ഇതേ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലറായി അബ്ദുള്‍ റബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന സമയത്ത് നിയമിതനായിട്ടുള്ളയാളാണ് ഡോ. അബ്ദുള്‍ സലാം. അദ്ദേഹം ഇന്ന് ബിജെപിയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. അതുപോലെ തന്നെ ലീഗ് വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന സമയത്ത് തന്നെയാണ് ഇപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.എസ് രാധാകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ നോമിനിയായി സംസ്‌കൃത സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലറായി നിയമിതനായിരുന്നത്. ഇങ്ങനെ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥികളെ ഉണ്ടാക്കികൊടുക്കുന്ന ചുമതലയാണ് യുഡിഎഫും ലീഗും ഭരിക്കുമ്പോള്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നല്ല മിടുക്കന്മാരായ യോഗ്യന്മാരായ എത്രയോ ആളുകള്‍ മുസ്ലിം സമുദായത്തിലുണ്ട്. അവരെ മുന്നിലേക്ക് കൊണ്ടുവരാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അത് മുസ്ലിം സമുദായത്തെ സംബന്ധിച്ച് പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിധാരണകള്‍ അവസാനിപ്പിക്കും. ഇത്ര മിടുക്കന്മാരായിട്ടുള്ളവര്‍ ഒരു കാലത്ത് പിന്നില്‍ നിന്നിരുന്ന ജനവിഭാഗത്തില്‍ നിന്ന് വളര്‍ന്നുവരുന്നുവെന്നുള്ളതില്‍ മുസ്ലിം സമൂഹത്തിലും സന്തോഷം കാണുന്നുണ്ട്.

ലീഗ് നേതാക്കളും സിപിഐഎം നേതാക്കളും തമ്മിലുള്ള പ്രകടമായ വ്യത്യാസം എന്താണ്?

മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാക്കന്മാര്‍ അവര്‍ നല്ല നേതൃത്വമാണ്. അതുകൊണ്ടാണ് ലീഗിനെ പലപ്പോഴും പൂര്‍ണമായും അടിത്തട്ടില്‍ തകര്‍ക്കാന്‍ കഴിയാത്തത്. വളരെ ക്രഡിബിള്‍ ആയിട്ടുള്ള ലീഡേഴ്‌സാണ് താഴെത്തട്ടില്‍ മുസ്ലിംലീഗിനെ നയിക്കുന്നത്. നാട്ടിലെ പൗരപ്രമുഖരും നല്ല മനുഷ്യരുമാണവര്‍. എന്നാല്‍, ഉയര്‍ന്നു ഉയര്‍ന്നു വരുമ്പോള്‍ ക്വാളിറ്റി കുറഞ്ഞു വരുന്നു. വളരെ ഭക്തന്മാരായിട്ടുള്ള സത്യസന്ധരായിട്ടുള്ള ആളുകളെ മേല്‍ത്തട്ടില്‍ വരുമ്പോള്‍ ഭരിക്കുന്നത് കുഞ്ഞാലിക്കുട്ടിയെപ്പോലുള്ളവരാണ്. ഒരുതരത്തിലുള്ള മതാഭിമുഖ്യവും സാമ്പത്തിക സത്യസന്ധതയുമില്ലാത്ത കുഞ്ഞാലിക്കുട്ടിയാല്‍ ഭരിക്കപ്പെടുകയാണ് ലീഗ് രാഷ്ട്രീയത്തിലെ പ്രാദേശിക നേതാക്കന്മാര്‍. ഈ ഒരു വൈരുദ്ധ്യമാണ് ലീഗ് ഇന്ന് നേരിടുന്നത്. ഇത് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നില്ല. മുന്‍പുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കന്മാരുടെ കാലത്ത് ഇങ്ങനെയായിരുന്നില്ല. ലീഗിന്റെ മുന്‍ നേതാവ് കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ കാര്യമെടുത്താല്‍ അദ്ദേഹം ഈ അടുത്താണ് മരണപ്പെട്ടത്. ഇന്നുവരെ ലീഗിന്റെ ഒരു രൂപപോലും അദ്ദേഹം പറ്റിയിട്ടുണ്ടാവില്ല. അത്രമാത്രം വിശുദ്ധി കാത്തു സൂക്ഷിച്ചവരാണ് അവരൊക്കെ. ആ സ്ഥാനത്താണ് ലീഗിന്റെ മൊത്തം ഫണ്ടുകള്‍ ശേഖരിച്ച് അതൊടൊപ്പം അഴിമതിപ്പണവും ചേര്‍ത്ത് ബാങ്കുകളിലിട്ട് പലിശ വാങ്ങി ഇപ്പോള്‍ ലീഗ് പ്രവര്‍ത്തനം നടത്തുന്നത്. ഇതിന് അറുതി വേണം അന്ത്യമുണ്ടാവണം.

അതേസമയം, ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗ് നിലനില്‍ക്കും. ഇടതുപക്ഷവും കേരളീയ പൊതുസമൂഹവും ആഗ്രഹിക്കുന്നതും അതുതന്നെയാണ്. എന്നാല്‍ അത് നല്ല രീതിയിലുള്ള ഒരു നിലനില്‍പ്പായിരിക്കണം. അല്ലാതെ നിലനിന്നിട്ട് എന്താണ് കാര്യം? വിഷപ്പഴങ്ങളോടുകൂടിയ ഒരു വൃക്ഷം വീട്ടുമുറ്റത്തു നില്‍ക്കുമ്പോള്‍ അത് തണല്‍ നല്‍കുന്നു എന്നുള്ളതുകൊണ്ടുമാത്രം നമുക്ക് അതിനെ വളര്‍ത്താനാവില്ല. അതിനെ വെട്ടിമാറ്റപ്പെടുകയും എന്നാല്‍, നമുക്ക് തണലേകാന്‍ ഒരു മരം ഉണ്ടാകുകയും വേണമെന്ന് സ്വാഭാവികമായും മനുഷ്യര്‍ ആഗ്രഹിക്കും. അത് എതിരാളികള്‍ പോലും ആഗ്രഹിക്കും. ലീഗ് നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ അത് നിലനില്‍ക്കേണ്ടത് നല്ല നേതൃത്വത്തിന്‍ കീഴിലാവണം. മാന്യന്മാര്‍, സാമ്പത്തിക സത്യസന്ധത പുലര്‍ത്തുന്നവര്‍ എന്നിവരാകണം അതിന്റെ തലപ്പത്ത് വരേണ്ടവര്‍. ലീഗിന്റെ പല നേതാക്കന്മാരുമായും അടുക്കുമ്പോള്‍ അവരോടുള്ള മതിപ്പ് കുറയുകയാണ് ചെയ്യുക. എന്നാല്‍ സിപിഐഎമ്മിന്റെ പല മുതിര്‍ന്ന നേതാക്കളോടും അടുത്തപ്പോള്‍ തനിക്ക് അവരോടുള്ള ആദരവ് വര്‍ധിക്കുകയാണുണ്ടായത്.

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ട് ജാഥകളില്‍ അംഗമായിരുന്നപ്പോഴും ഇപി ജയരാജനുമായും ഗോവിന്ദന്‍ മാഷുമായിട്ടും സീമ ടീച്ചറുമായിട്ടും അടുത്ത് ഇടപഴകേണ്ടിവന്നപ്പോഴും ഒക്കെ അവരോടുള്ള സ്‌നേഹം വര്‍ധിച്ചിട്ടേയുള്ളു. അതാണ് ലീഗ് നേതാക്കളും സി.പി.എം നേതാക്കളും തമ്മിലുള്ള വ്യത്യാസം. അതേസമയം, പാണക്കാട് തങ്ങള്‍മാര്‍ നല്ല മനുഷ്യരാണ്. അവരുമായിട്ട് അടുക്കുമ്പോള്‍ ബഹുമാനം വര്‍ധിക്കുകയേയുള്ളു. സെയ്ദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ കാര്യത്തിലാണെങ്കിലും ഹൈദരലി ശിഹാബ് തങ്ങളുടെ കാര്യത്തിലാണെങ്കിലും എനിക്ക് നേരിട്ട് അനുഭവമുണ്ട്. അവരോട് ഒരിക്കലും അനാദരവോ ബഹുമാനക്കുറവോ തോന്നിയിട്ടുമില്ല. സ്‌നേഹവും ആദരവും വര്‍ധിച്ചിട്ടേയുള്ളൂ. എന്നാല്‍, മറ്റു ചില നേതാക്കന്മാര്‍ ഇതിനെയൊക്കെ നിയന്ത്രിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ അവരോട് അടുത്ത് ഇടപഴകിയപ്പോള്‍ സ്‌നേഹവും ആദരവും കുറയുന്നതായാണ് തോന്നിയത്. ഇതു തന്നെയാണ് ഈ രണ്ട് പാര്‍ട്ടികളുടെ നേതാക്കന്മാരുമായി ഇടപഴകിയപ്പോള്‍ തനിക്കുണ്ടായ അനുഭവം.

ഈന്തപ്പഴം കടത്തു മുതല്‍ ബന്ധുനിയമനം വരെ നിരവധി ആരോപണങ്ങള്‍ താങ്കള്‍ക്കെതിരെ ഉയര്‍ന്നു വന്നിരുന്നു. എങ്ങനെയാണ് ഇതിനെ പ്രതിരോധിച്ചത്?

ജീവിതത്തില്‍ താന്‍ ഇന്നുവരെ പത്തുപൈസ കൈക്കൂലി വാങ്ങിയിട്ടില്ല. ഞാന്‍ ഇതു പറയുമ്പോള്‍ ലോകത്ത് എല്ലാവരും കേള്‍ക്കും. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഈ ഇന്റര്‍വ്യൂ (എക്‌സ്പ്രസ് കേരള) പ്രസിദ്ധീകരിക്കുന്നതിന് പിന്നാലെ അയാള്‍ വന്ന് കമന്റ് ഇടും. ഞാന്‍ 15 കൊല്ലം എംഎല്‍എ ആയിരുന്നു. 12 വര്‍ഷം ഒരു കോളജിലെ അധ്യാപകനായിരുന്നു. എന്റെ അടിസ്ഥാനപരമായിട്ടുള്ള വിശ്വാസമെന്നുപറയുന്നത് സാമ്പത്തിക കുറ്റം ലോകത്തിലെ ഏറ്റവും വലിയ ക്രൈം ആണെന്നതാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക കാര്യങ്ങളില്‍ അതിസൂക്ഷമത പുലര്‍ത്താന്‍ ഞാന്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഒരു തരത്തിലുള്ള അവിഹിത സമ്പാദ്യവും എനിക്കില്ല. 25 വര്‍ഷത്തെ തന്റെ എല്ലാ അക്കൗണ്ടുകളും പരിശോധിച്ചു. എല്ലാ അന്വേഷണ ഏജന്‍സികളും കൈമലര്‍ത്തി. സാധാരണഗതിയില്‍ ഒരു മനുഷ്യന്റെ 25 കൊല്ലത്തെ അക്കൗണ്ട് പരിശോധിച്ചാല്‍ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് കണ്ടെത്താന്‍ കഴിയും. എന്റെ അക്കൗണ്ടിലേക്കോ ഭാര്യയുടെ അക്കൗണ്ടിലേക്കോ ഇന്നുവരെ ശമ്പള പണമല്ലാതെ മറ്റൊരാളും ഒരു നയാപൈസ പോലും അയച്ചിട്ടില്ല. നികുതി കൊടുക്കാത്ത പണം ഒരു രൂപപോലും ഞങ്ങളുടെ കൈയ്യിലില്ല. ഈ ഉറപ്പാണ് സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സത്യസന്ധത പുലര്‍ത്താത്തവര്‍ക്കെതിരായി പൊരുതാന്‍ എനിക്ക് ശക്തി പകരുന്നത്. ഞാന്‍ ഒരാള്‍ക്കും പത്തുപൈസ കടം കൊടുക്കാനില്ല. ആരുടെ കൈയ്യില്‍ നിന്നെങ്കിലും പത്തു രൂപ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കൊടുക്കാത്തതായിട്ടുമില്ല. ഈ ഇന്റര്‍വ്യൂ കാണുന്ന ലോകത്തിലെ എല്ലാ മനുഷ്യരുമുണ്ട്. അവരില്‍ നിന്നാരില്‍ നിന്നെങ്കിലും കടം വാങ്ങിയിട്ട് കൊടുക്കാത്തതായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വന്ന് ഇപ്പോള്‍ തന്നെ പറയാം. എങ്കില്‍ താന്‍ അതിന്റെ എത്രയോ ഇരട്ടി അവര്‍ക്ക് തിരിച്ചു കൊടുക്കാന്‍ തയ്യാറുമാണ്.

നിലവില്‍ മറ്റൊരു വ്യക്തിയുമായി ഒരു രൂപയുടെ കടം പോലും എനിക്ക് ഇല്ല. ഒരാള്‍ക്കും വണ്ടിച്ചെക്കും കൊടുത്തിട്ടില്ല. ഈ ഉറപ്പാണ് എന്നെ പൊതു പ്രവര്‍ത്തന രംഗത്ത് മുന്നോട്ട് പോകുവാന്‍ പ്രേരിപ്പിക്കുന്നത്. ബന്ധു നിയമനത്തിന്റെ കാര്യത്തില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം തകരുന്നത് കണ്ടപ്പോള്‍ അത് നേരെയാക്കാന്‍ ഒരു വര്‍ഷം ഡെപ്യുട്ടേഷനില്‍ പ്രശസ്തമായൊരു ബാങ്കില്‍ നിന്നുള്ളയാളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹിച്ചു പോയി. ജോലി ഇല്ലാത്ത ഒരാള്‍ക്ക് നിയമനം കൊടുക്കുകയല്ല ചെയ്തത്. ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം കിട്ടുന്ന ഒരാളെ ഒരു കൊല്ലത്തേക്ക് എണ്‍പതിനായിരം രൂപയ്ക്ക് സേവനമനുഷ്ഠിക്കാന്‍ സമ്മതിപ്പിച്ച് കൊണ്ടുവരികയാണ് ചെയ്തത്. ഈ വിവാദത്തെ തുടര്‍ന്ന് ഒരു കാര്യം എന്തായാലും ഞാന്‍ മനസിലാക്കി സര്‍ക്കാരിന്റെ ഒരു സ്ഥാപനവും നന്നാക്കാന്‍ ശ്രമിക്കരുത്. അത് തകരുകയാണെങ്കില്‍ തകരാന്‍ അനുവദിക്കുക. ഇങ്ങനെ പൊളിഞ്ഞു പോകുകയാണെങ്കില്‍ പോകട്ടെയെന്ന് വിചാരിക്കുക. അതിനെ നന്നാക്കാന്‍ ഒരു ശ്രമവും നടത്തരുത്. കഴിഞ്ഞ അഞ്ച് കൊല്ലത്തെ മന്ത്രിയെന്നനിലയില്‍ പഠിച്ച ഏറ്റവും വലിയ പാഠവും അതാണ്.

നമ്മളുടെ ആത്മാര്‍ത്ഥയ്ക്കും സത്യസന്ധതയ്ക്കും ഒരു വിലയും കോടതികളില്‍ നിന്നു പോലും ലഭിച്ചെന്ന് വരികയില്ല. കോടതികള്‍ക്ക് ഒരിക്കലും നമ്മളുടെ മനസ് തുറന്നുനോക്കാന്‍ കഴിയില്ല.കള്ളന്മാര്‍, സ്വജനപക്ഷപാതരായിട്ടുള്ളവര്‍, അവര്‍ ചെയ്യുന്നതാണ് ഞാനും ചെയ്യുന്നതെന്നാണ് ഒരു വിഭാഗം വിചാരിക്കുന്നത്. അതില്‍ നിന്നൊക്കെ ഇതിനകം തന്നെ ഒരുപാട് പാഠം പഠിച്ചു. എനിക്ക് കുറ്റബോധം അശേഷമില്ല കാരണം നമ്മള്‍ മനസാക്ഷിയ്ക്ക് മുന്നില്‍ പ്രതികൂട്ടില്‍ നിര്‍ത്തെപ്പെടുമ്പോഴാണ് ഭയപ്പെടേണ്ടതും പേടിക്കേണ്ടതും. അങ്ങനെയൊരു പേടിയൊ ഭയപ്പാടൊ എനിക്കില്ല. എന്റെ മനസാക്ഷിയുടെ മുന്നില്‍ നൂറ്റിയൊന്നു ശതമാനവും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയാന്‍ കഴിയുന്നയാളാണ് ഞാന്‍ ഇതിലൊന്നും ഒരു കഴമ്പുമില്ലായെന്നുള്ളതുകൊണ്ടാണ് ഇതിനൊക്കെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. സ്വര്‍ണക്കള്ളക്കടത്ത് നടത്തിയെന്നാണ് തന്നേക്കുറിച്ച് ഇ.ഡി പറഞ്ഞത്. ഒരുതരി സ്വര്‍ണം പോലും തന്റെ വീട്ടിലില്ല. എന്റെ ഭാര്യയോ മക്കളോ സ്വര്‍ണം ഉപയോഗിക്കാറില്ല. ഈ ഭൂമുഖത്ത് എന്റെ സമ്പാദ്യമെന്നുപറയുന്നത് പത്തൊന്‍പതര സെന്റ് സ്ഥലവും അതിലൊരു സാധാരണ വീടും ഇപ്പോള്‍ താന്‍ ഉപയോഗിക്കുന്ന വാഹനവുമാണ്. ഇതല്ലാതെ മറ്റൊരു സമ്പാദ്യവും ലോകത്തെവിടെയും തനിക്ക് ഇല്ല. ഈ ബോധ്യവും ഉറപ്പുമാണ് ഇങ്ങനെയൊരു സാമ്പത്തിക തട്ടിപ്പിനെതിരായി ഇറങ്ങാന്‍ എന്നെ പ്രചോദിപ്പിച്ചിരിക്കുന്നത്.

kt-jaleel

പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ അനിവാര്യമാണ്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന സമയത്തും ഇപ്പോള്‍ വിഡി സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കുന്ന ഘട്ടത്തിലും അവര്‍ അത് കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. വിഡി സതീശന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിലയിരുത്തി ഒരഭിപ്രായം പറയാന്‍ സമയമായിട്ടില്ല. കുറച്ചുകൂടി സമയം അദ്ദേഹത്തിന് കൊടുക്കണം. എന്തായാലും എല്ലാറ്റിലും ഒരു രാഷ്ട്രീയം സ്വാഭാവികമാണല്ലോ. ആ നിലയ്ക്കുള്ള രാഷ്ട്രീയം പ്രതിപക്ഷം ഇപ്പോള്‍ സ്വീകരിക്കുന്നുണ്ട്. എന്നിരുന്നാലും നമുക്ക് കുറച്ചുകൂടി കാത്തിരിക്കാം. പുതിയ പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് വിധേനയാണെന്ന്. ഈ ആക്ഷേപങ്ങളും ആരോപണങ്ങളുമൊക്കെ (റിസര്‍വേഷന്‍ വിവാദം) നിയമസഭയില്‍ വന്ന സമയത്ത് അദ്ദേഹം സഭയില്‍ പറഞ്ഞിട്ടുണ്ട് ”തന്നെ ആര്‍ക്കും സ്വാധിനിക്കാന്‍ കഴിയില്ലന്നും തന്റെ അഭിപ്രായങ്ങള്‍ സത്യസന്ധമാണെങ്കില്‍ തിരുത്തിക്കാനും ആര്‍ക്കും കഴില്ലന്നും ‘ വിഡി സതീശന്‍ കുഞ്ഞാലിക്കുട്ടി സാഹിബിനെ സീറ്റിലിരുത്തിയാണ് തുറന്നടിച്ചിരിക്കുന്നത്. ഞങ്ങളോടാണിത് പറഞ്ഞതെങ്കിലും സത്യത്തില്‍ അത് കൊള്ളുന്നത് കുഞ്ഞാലിക്കുട്ടിക്കാണ്. ആ നിലയ്‌ക്കൊക്കെ സതീശന്‍ നന്നായിട്ട് പെര്‍ഫോം ചെയ്യുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 20ല്‍ ഒരു സീറ്റ് മാത്രമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. അടുത്ത തെരഞ്ഞടുപ്പില്‍ എത്ര് സീറ്റ് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്?

നേരെ റിവേഴ്‌സ് ആകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് സീറ്റ് ലഭിക്കാതിരിക്കാനുള്ള കാരണം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും നരേന്ദ്രമോദിടെ ഭരണത്തിന് പരിസമാപ്തിയാകുമെന്നുള്ള രീതിയില്‍ വ്യാപകമായ പ്രചരണം നടന്നതു കൊണ്ടാണ്. നെഹ്‌റു കുടുംബത്തോടുള്ള ഒരു ആഭിമുഖ്യം നരേന്ദ്രമോദിയെന്നു പറയുന്ന ഫാസിസ്റ്റ് പ്രധാനമന്ത്രി നിഷ്‌കാസിതനാവുന്നുവെന്നതിലുള്ള സന്തോഷം ഇതിലുപരി വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചത് കേരളത്തില്‍ നിന്നും ഒരു പ്രധാനമന്ത്രി ഉണ്ടാകുന്നു തുടങ്ങി ഇതെല്ലാം യു.ഡി.എഫിന് നേട്ടമായി. അതു കൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ മികച്ച വിജയം നേടിയത്. എന്നാല്‍ കാര്യങ്ങള്‍ എന്താണെന്നുള്ളതിന്റെ നിജസ്ഥിതി ജനങ്ങള്‍ ഇപ്പോള്‍ മനസിലാക്കിയിട്ടുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ബിജെപിയെ എതിര്‍ക്കാന്‍ ആശയപരമായി അവരോട് ഇഞ്ചോടിഞ്ച് പൊരുതി നില്‍ക്കാന്‍ വാക്കുകള്‍കൊണ്ടും ആശയതലത്തിലും പ്രത്യേയ ശാസ്ത്ര രംഗത്ത് ആര്‍എസ്എസിന്റെ വീക്ഷണങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ തിരിച്ചറിവിന്റെ പ്രതിഫലനം, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും കാണും.

മലപ്പുറത്തെ ലീഗ് കോട്ടകളെ തകര്‍ത്ത ഒരു ചരിത്രം മുന്‍പ് ഇടതുപക്ഷത്തിനുണ്ട്. ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ?

നമ്മള്‍ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികള്‍ അപ്പോഴത്തെ രാഷ്ട്രീയമായിട്ടുള്ള സ്ഥിതിവിശേഷങ്ങള്‍ ഇവയൊക്കെ മറ്റു പലപ്രദേശങ്ങളിലെന്നപോലെ മലപ്പുറത്തും സ്വാധീനിക്കപ്പെടും. ലീഗിലെ അണികള്‍ അസംതൃപ്തരാകുന്ന ഒരു സ്ഥിതി സമീപകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ തീര്‍ച്ചയായും തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കും. അങ്ങനെ തന്നെയാണ് കരുതേണ്ടതും.

വയനാട്ടില്‍ വീണ്ടും രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ഇടതുപക്ഷത്തിന് അത് പ്രഹരമാരകില്ലേ?

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചിട്ട് എന്ത് നേട്ടമാണ് കേരളത്തിന് ഉണ്ടായത്. അദ്ദേഹം ദേശാടന പക്ഷിയെപ്പോലെ എപ്പോഴെങ്കിലും ഒരിക്കല്‍ വന്ന് കൈകാണിച്ച് പോകുമെന്നുള്ളതല്ലാതെ എന്ത് പ്രയോജനമാണ് വയനാട് നിയോജകമണ്ഡലത്തിനും കേരള സംസ്ഥാനത്തിനോ ഉണ്ടായിരിക്കുന്നത്. മറിച്ച് അദ്ദേഹം അല്ലാതെ കോണ്‍ഗ്രസിന്റെ കേരളത്തിലെ നേതാവായിരുന്നു പ്രതിനിധാനം ചെയ്തിരുന്നതെങ്കില്‍ ഉണ്ടാകുമായിരുന്നതിനപ്പുറത്തേക്ക് ഒരു അണുമണി തൂക്കം പോലും നേട്ടം ഉണ്ടാക്കിയെടുക്കാന്‍ രാഹുലിന്റെ സാന്നിധ്യം കൊണ്ട് കഴിഞ്ഞിട്ടില്ല.

ഒന്നാമത് നമ്മള്‍ മനസിലാക്കേണ്ട കാര്യം അവരൊന്നും മണ്ഡലം നോക്കി ശീലമുള്ളവരെയല്ല. തെരഞ്ഞെടുപ്പുകാലത്ത് ഏതെങ്കിലുമൊരു മണ്ഡലത്തില്‍ വരും മത്സരിക്കും പിന്നീട് പോകും. പിന്നെ അവര്‍ക്ക് ലോകം ചുറ്റലാണ്. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റത്? അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് അവിടെ മോശമായിരുന്നതു കൊണ്ടാണ് അദ്ദേഹം തോറ്റത്. ആ നിയോജക മണ്ഡലം നോക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഒരുപാട് കൊല്ലം അവിടെ പ്രതിനിധാനം ചെയ്തിട്ട് എടുത്തു പറയത്തക്ക പുരോഗതികള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ആ തിരിച്ചറിവാണ് ജനങ്ങളെ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. നെഹ്രു കുടുംബത്തെ മാത്രം ജയിപ്പിച്ച മണ്ഡലങ്ങളാണ് യുപിയിലെ റായ്ബറേലി, അമേഠി തുടങ്ങിയവ. അവിടങ്ങളില്‍ പോലും രാഹുല്‍ ഗാന്ധിയ്ക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നില്ലെങ്കില്‍ കേരളത്തിലും എന്തുസംഭവിക്കുമെന്നുള്ളത് കാത്തിരുന്ന് കാണാം.

നിരവധി തവണ താങ്കള്‍ എംഎല്‍എയും മന്ത്രിയുമൊക്കെയായി. എന്താണ് അടുത്ത ലക്ഷ്യം?

വായിക്കണം, എഴുതണം ഇതൊക്കെയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. നിലവില്‍ ഒരു പുസ്തകത്തിന്റെ രചനയിലാണ്. അരനൂറ്റാണ്ടിന്റെ കഥ പറയുകയാണ്. ‘പച്ച കലര്‍ന്ന ചുവപ്പ്’എന്നാണ് ആ പുസ്തകത്തിന്റെ പേര്. ആ പുസ്തകത്തില്‍ എന്റെ രാഷ്ട്രീയമുണ്ടാകും എന്റെ വിശ്വാസമുണ്ടാകും എന്റെ സാമൂഹിക കാഴ്ചപ്പാടുകളുണ്ടാവും ചുറ്റുവട്ടത്തേക്ക് ഓരോ കാലത്തും തിരിഞ്ഞു നോക്കുമ്പോള്‍ എന്താണോ കണ്ടത് അതേക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടാകും. ഏകദേശം എഴുപത്തിയഞ്ചോളം പേജ് എഴുതിക്കഴിഞ്ഞു. ഇനിയും ഇരുനൂറ്റ് അന്‍പതോളം പേജ് എഴുതാനുണ്ടാകുമെന്നാണ് വിചാരിക്കുന്നത്.

(Interview part 1)

(interview part 2)

അഭിമുഖം തയ്യാറാക്കിയത്

മനീഷ രാധാകൃഷ്ണന്‍

Top