വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ തകര്‍ത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കെടി ജലീല്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ തകര്‍ത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കെടി ജലീല്‍. പുരോഹിതന്‍മാര്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. മാധ്യമങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുന്നതിന്റെ പരമാവധി ലഘൂകരിച്ചാണ് വിഴിഞ്ഞം സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

നിയന്ത്രണം വിട്ട ജനക്കൂട്ടം നിയമം ലംഘിച്ച് പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തത് കേരളത്തില്‍ ആദ്യ സംഭവമാണ്. പൊലീസ് വാഹനങ്ങളുള്‍പ്പെടെ പൊതുമുതല്‍ തകര്‍ത്ത് കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചത് ലാഘവത്തോടെ കാണാനാവില്ല. പിണറായി വിരുദ്ധ വിഷം തുപ്പുന്ന ചില പുരോഹിതന്‍മാരുടെ ഉള്ളിലിരിപ്പ് അവരുടെ വാക്കുകളില്‍ വ്യക്തമാണെന്നും ജലീല്‍ പറഞ്ഞു.

കെടി ജലീല്‍ പറഞ്ഞത്:

വിഴിഞ്ഞം ”കലാപം’ നിസ്സാരമല്ല. വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ തകര്‍ത്തത് ഞെട്ടിക്കുന്ന സംഭവമാണ്. പുരോഹിതന്‍മാര്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയരാണ്. പത്രദൃശ്യ മാധ്യമങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുന്നതിന്റെ പരമാവധി ലഘൂകരിച്ചാണ് വിഴിഞ്ഞം സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധരോടുള്ള അവരുടെ ‘കരുതല്‍’ അപാരം തന്നെ.

സ്ഥാപിത ലക്ഷ്യങ്ങളോടെ ചിലര്‍’ നിയന്ത്രണം വിട്ട ജനക്കൂട്ടം നിയമം ലംഘിച്ച് പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തത് കേരളത്തില്‍ ആദ്യ സംഭവമാണ്. അവിടുത്തെ സാധന സാമഗ്രികള്‍ നശിപ്പിച്ചത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. പോലീസ് വാഹനങ്ങളുള്‍പ്പടെ പൊതുമുതല്‍ തകര്‍ത്ത് കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചത് ലാഘവത്തോടെ കാണാനാവില്ല. പിണറായി വിരുദ്ധ വിഷം തുപ്പുന്ന ചില പുരോഹിതന്‍മാരുടെ ഉള്ളിലിരിപ്പ് അവരുടെ വാക്കുകളില്‍ വ്യക്തമാണ്.

35 പോലീസുകാരെയാണ് കലാപകാരികള്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പോലീസ് സ്റ്റേഷനിലെ വിലപിടിപ്പുള്ള രേഖകളാണ് നശിപ്പിക്കപ്പെട്ടത്. നിയമവാഴ്ച നില നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഒരു പോലീസ് സ്റ്റേഷന്‍ മണിക്കൂറുകള്‍ നിയന്ത്രണത്തിലാക്കാന്‍ ഒരു സംഘത്തിന് സാധിച്ചത് എന്തിന്റെ ബലത്തിലാണെന്ന് പ്രത്യേകം അന്വേഷിക്കണം.

Top