സാദിഖലി തങ്ങളുടെ വിവാദ പരാമർശത്തിൽ വെട്ടിലായി ലീഗ് , രൂക്ഷമായി വിമർശിച്ച് കെ.ടി ജലീലും ഇടതുപാർട്ടികളും രംഗത്ത്

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായ രാഷ്ട്രീയ പോരിലേക്കാണ് മുസ്ലീംലീഗും ഇടതുപക്ഷവും ഇപ്പോള്‍ പോകുന്നത്. മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഇടതുപക്ഷ എം.എല്‍.എ ആയ കെടി ജലീല്‍ ആഞ്ഞടിച്ചതും മറ്റൊരു ഇടതു ഘടകകക്ഷിയായ ഐ.എന്‍.എല്‍ രംഗത്ത് വന്നതും മലബാര്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് മുസ്ലീം രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണിപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്.

‘അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന’ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടാണ് ലീഗിനെ വെട്ടിലാക്കിയിരിക്കുന്നത്. മുസ്ലിം സംഘടനകള്‍ മാത്രമല്ല ലീഗ് അണികളും… അവര്‍ക്ക് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന വിഭാഗങ്ങളും ഈ പ്രസംഗം കേട്ട് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്. ലീഗ് – യൂത്ത് ലീഗ് നേതാക്കന്‍മാരും വലിയ ആശങ്കയിലാണുള്ളത്. സാദിഖലി തങ്ങളുടെ പ്രസംഗത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമോ എന്ന ഭയവും ലീഗ് നേതൃത്വത്തില്‍ രൂപം കൊണ്ടിട്ടുണ്ട്.

അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചുമാറ്റി നിര്‍മ്മിച്ച രാമക്ഷേത്രം ഇന്ത്യന്‍ മതേതരത്വത്തിന്റെ മരണമണിയാണ് മുഴക്കുന്നതെന്ന് മുസ്ലിംകള്‍ക്കിടയിലും മതേതരവാദികള്‍ക്കിടയിലും വിമര്‍ശനമുയരുന്നതിനിടെയാണ് സാദിഖലി ശിഹാബ് തങ്ങള്‍ ഹിന്ദുത്വ അജണ്ടയെ അനുകൂലിക്കുന്ന രീതിയില്‍ പരസ്യ പ്രസ്താവന നടത്തിയിരിക്കുന്നത്.മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ പഞ്ചായത്തില്‍ ജനുവരി 24 ന് നടന്ന മുസ്ലിംലീഗ് സമ്മേളനത്തിലാണ് സാദിഖലി തങ്ങള്‍ വിവാദ പ്രസംഗം നടത്തിയിരുന്നത്.ഇതിന്റെ വീഡിയോ 10 ദിവസം കഴിഞ്ഞാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പക്കപ്പെട്ടിരുന്നത്. ഗ്യാന്‍വാപി പള്ളിയില്‍… ഹിന്ദു വിശ്വാസികള്‍ക്ക് പൂജിക്കാന്‍ അനുമതി നല്‍കിയ വര്‍ത്തമാനകാല സാഹചര്യത്തില്‍ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസംഗത്തെയും ഗൗരവമായാണ് മതേതര പാര്‍ട്ടികളും നോക്കി കാണുന്നത്.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിന് ക്ഷണംകിട്ടിയ ഉടനെ തന്നെ ആ ക്ഷണം തള്ളിക്കളഞ്ഞ ആദ്യത്തെ രാഷ്ട്രീയ നേതാവ് സീതാറാം യെച്ചൂരിയാണ്. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സി. പി.എം അണികള്‍ ലീഗിനെ കടന്നാക്രമിച്ചിരിക്കുന്നത്. ലീഗ് ആര്‍ക്കു വേണ്ടിയാണ് നിലനില്‍ക്കുന്നതെന്നത് വ്യക്തമാക്കണമെന്നതാണ് അവരുടെ ആവശ്യം.

‘രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീരാമക്ഷേത്രം ഒരു യാഥാര്‍ഥ്യമാണെന്നും അതില്‍ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നുമാണ് ‘ പ്രസംഗത്തില്‍ സാദിഖലിതങ്ങള്‍ തുറന്നടിച്ചിരുന്നത്. ‘കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ വന്ന ക്ഷേത്രവും കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിര്‍മിക്കാനിരിക്കുന്ന അയോധ്യയിലെ മസ്ജിദും ഇന്ത്യന്‍ മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്നും ‘ ലീഗ് അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ നമുക്ക് പ്രതിഷേധമുണ്ടായിരുന്നെങ്കിലും സഹിഷ്ണുതയോടെ അതിനെ നേരിടാന്‍ ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്ക് കഴിഞ്ഞുവെന്നും സാദിഖലി തങ്ങള്‍ പറയുകയുണ്ടായി. ലീഗ് അദ്ധ്യക്ഷന്റെ ഈ പ്രസംഗം പുറത്തു വന്നതോടെ വലിയ പ്രതിഷേധമാണ് സോഷില്‍ മീഡിയയില്‍ ലീഗ് നേതൃത്വം നേരിടുന്നത്. പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ തന്നെ കൂട്ടത്തോടെ എതിര്‍പ്പുമായി വന്നതാണ് ലീഗിനെ ഇപ്പോള്‍ ഏറെ വെട്ടിലാക്കിയിരിക്കുന്നത്. സാദിഖലി തങ്ങളെ പിന്തുണച്ച് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തു വന്നെങ്കിലും അതൊന്നും തന്നെ പ്രതിഷേധത്തെ തണുപ്പിക്കാന്‍ പ്രാപ്തമായിട്ടില്ല.

‘ബാബരി മസ്ജിദ് തകര്‍ന്ന സമയത്ത് ശിഹാബ് തങ്ങള്‍ എടുത്ത നിലപാടാണ് ഇപ്പോള്‍ സാദിഖലി തങ്ങളും എടക്കുന്നതെന്നും അന്ന് ശിഹാബ് തങ്ങള്‍ക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞെന്നും അതു പോലെയാണ് ഇപ്പോഴത്തെ വിവാദത്തിനൊടുവിലും സംഭവിക്കുകയെന്നുമാണ് ‘ കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണം.ബിജെപിയുടെ കെണിയില്‍ വീഴേണ്ടതില്ലന്നാണ് തങ്ങള്‍ പറഞ്ഞതെന്ന വിശദീകരണവും അദ്ദേഹം നല്‍കുകയുണ്ടായി. തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രതിക്ഷേധത്തെ ഒന്നുകൂടി ആളിക്കത്തിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ ന്യായീകരണവും ഇപ്പോള്‍ വഴിവച്ചിരിക്കുന്നത്. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.

നിലവിലുള്ള ദേശീയ രാഷ്ട്രീയ സാഹചര്യത്തിന് മീസ്ലിംലീഗും വഴങ്ങിയെന്നും സമുദായ താല്‍പര്യം പ്രകടിപ്പിച്ചില്ലന്നുമുള്ള വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം മുന്നോട്ടു വയ്ക്കുന്നത്. ബാബരി മസ്ജിദുമായ ബന്ധപ്പെട്ട് ഇപ്പോഴും സമുദായത്തില്‍ തുടരുന്ന വികാരം ലീഗ് അദ്ധ്യക്ഷന്‍ അവഗണിച്ചു എന്ന കുറ്റപ്പെടുത്തലും ശക്തമാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ലീഗ് മുഖപത്രം ബാബ്രി മസ്ജിദ് തകര്‍ത്ത കാര്യം മറച്ചുവെച്ചതും ഇതോടൊപ്പം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനൊന്നിനും വ്യക്തതയുള്ള ഒരു മറുപടി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ലീഗുള്ളത്.

ലോകസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ലീഗും അതിന്റെ പോക്ഷക സംഘടനകളും അവരുടെ ശക്തി കേന്ദ്രങ്ങളില്‍ താഴെ തട്ടുമുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തി വരവെയാണ് അപ്രതീക്ഷിത വിവാദവും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇത് ലീഗ് അണികളെ ശരിക്കും ബാധിച്ചിട്ടുണ്ട്. വിവാദ പ്രസംഗം നടത്തിയത് ലീഗ് അദ്ധ്യക്ഷന്‍ തന്നെ ആയതിനാല്‍ ലീഗിലെ മറ്റാര്‍ക്കും തന്നെ അതിനെ തള്ളിപ്പറയാനോ മറിച്ചൊരു നിലപാട് സ്വീകരിക്കാനോ ധൈര്യമില്ലന്നതും ഒരു വസ്തുത തന്നെയാണ്. അഖിലേന്ത്യാ പ്രസിഡന്റിനെ തീരുമാനിക്കുന്ന… സംസ്ഥാന പ്രസിഡന്റുള്ള രാജ്യത്തെ ഏക രാഷ്ട്രീയപാര്‍ട്ടിയും ലീഗ് തന്നെയാണ്. അതായത് എല്ലാ അധികാരകേന്ദ്രവും പാണക്കാട്ടാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പറയുന്നതു തന്നെയാണ് ലീഗിന്റെ അവസാനവാക്ക്. അതില്‍ ഇന്നുവരെ മാറ്റംവന്ന ഒരു ചരിത്രവുമില്ല. അതു തന്നെയാണ് വിവാദ പ്രസംഗത്തിലും ലീഗിനെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. ലീഗ് അദ്ധ്യക്ഷന്റെ നിലപാടില്‍ എതിര്‍പ്പുള്ള നേതാക്കള്‍ക്ക് അത് തുറന്നു പറയാനുള്ള ധൈര്യം പോലും ഇപ്പോഴില്ല. എന്നാല്‍ അവരുടെ അനുഭാവികളും അണികളും അങ്ങനെയല്ല. മാറിയ കാലത്ത് അവരും ഇപ്പോള്‍ പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. അതാകട്ടെ ലീഗ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രകടമാണ്. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാത്ത സാധാരണ പ്രവര്‍ത്തകരും അനുഭാവികളുമാണ് ലീഗിന്റെ എക്കാലത്തെയും കരുത്ത്. ആ കരുത്തിലാണിപ്പോള്‍ വിള്ളല്‍ വീണിരിക്കുന്നത്.

നിലവിലെ സാഹചര്യം മനസ്സിലാക്കി ഇടതുപക്ഷ സംഘടനകളും ലീഗ് അദ്ധ്യക്ഷനെതിരെ ശക്തമായാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. ‘ഈ പോക്കു പോയാല്‍ നാളെ ബി.ജെ.പിയുടെ മുന്നണിയില്‍ ലീഗ് ചേരില്ലന്നതിന് എന്താണ് ഉറപ്പെന്നാണ് ഇടതു പ്രൊഫൈലുകള്‍ ചോദിക്കുന്നത്. മലപ്പുറത്തെ ഇടതുപക്ഷത്തിന്റെ പ്രധാന തുറുപ്പുചീട്ടായ കെ.ടി ജലീലും സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചാണ് . രംഗത്തു വന്നിരിക്കുന്നത്.എല്‍.കെ.അഡ്വാനിക്കാണ് ഇത്തവണ ഭാരതരത്നം ലഭിച്ചതെന്നു പറഞ്ഞ കെ.ടി ജലീല്‍ അടുത്ത വര്‍ഷം ഈ ‘മഹോന്നത പദവി’ മലപ്പുറത്തെത്തിയാല്‍ പോലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് തുറന്നടിച്ചിരിക്കുന്നത്.
ജലീലിന്റെ ഈ ഫെയ്സ് ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

‘രാമക്ഷേത്രവും ഇനി പണിയാന്‍ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ ‘മഹാനെ’ത്തേടി അടുത്ത വര്‍ഷം ഈ ‘മഹോന്നത പദവി’ മലപ്പുറത്തെത്താന്‍ സാധ്യതയുണ്ടെന്നാണ് ജലീല്‍ പരിഹസിച്ചിരിക്കുന്നത്. ലീഗ് അദ്ധ്യക്ഷന്റെ പേര് എടുത്തുപറഞ്ഞില്ലങ്കിലും ഉന്നം കൃത്യവും വ്യക്തവുമാണ്. ബാബരിമസ്ജിദ് പൊളിച്ച സ്ഥലത്താണ് രാമക്ഷേത്രം പണിതതെന്നകാര്യം ചരിത്രസത്യമാണെന്നും മനുഷ്യവംശം നിലനില്‍ക്കുന്നെടത്തോളം ആ സത്യവും നിലനില്‍ക്കുമെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ ജലീല്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. സുന്നി വഖഫ് ബോര്‍ഡിന് കീഴിലുള്ള 2.77 ഏക്കര്‍ സ്ഥലം കോടതി വിധിയിലൂടെയാണ് രാമക്ഷേത്ര ട്രസ്റ്റ് സ്വന്തമാക്കിയിരിക്കുന്നത്. ആ വിധിന്യായം ന്യായമാണെന്നു വന്നാല്‍ തെറ്റുകാരാവുന്നത് നൂറ്റാണ്ടുകളായി ബാബരി മസ്ജിദില്‍ ആരാധന നിര്‍വ്വഹിച്ച ലക്ഷക്കണക്കിന് വരുന്ന പാവം മനുഷ്യരാകുമെന്നതാണ് ജലീല്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ വന്നാല്‍ ബാബര്‍ ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണ് പള്ളിയെന്ന ചരിത്ര വിരുദ്ധത സത്യമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്നതാണ് ജലീല്‍ ഉയര്‍ത്തുന്ന വാദം.

രാമക്ഷേത്രം കൊണ്ട് പ്രശ്നങ്ങള്‍ തീരുമോ എന്ന് ലീഗ് അദ്ധ്യക്ഷനോട് ചോദിക്കുന്ന കെ.ടി ജലീല്‍ കാശിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടങ്ങിക്കഴിഞ്ഞ കാര്യവും ഹൈദരാബാദിലെ ചാര്‍മിനാറിനോട് ചേര്‍ന്ന് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിലില്‍ പൂജ ആരംഭിച്ച വിവരവും എടുത്തു പറഞ്ഞിട്ടുണ്ട്. ഇതിനെല്ലാം പുറമെ മഥുരയിലെ ഈദ്ഗാഹ് മസ്ജിദും പിടിച്ചടക്കുമെന്ന് തീവ്രവര്‍ഗീയവാദികള്‍ പ്രഖ്യാപിച്ച് കഴിഞ്ഞതായും ലോകാല്‍ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ തകര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് തന്നെ ബി.ജെ.പിയുടെ എം.പി യാണെന്നും ജലീല്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ‘വ്രണിത ഹൃദയങ്ങളെ സാന്ത്വനിപ്പിക്കുന്നതിന് പകരം അവരുടെ ഹൃദയങ്ങള്‍ക്കേറ്റ മുറിവുകളില്‍ എന്തിനാണ് മുളക് പുരട്ടുന്നത് ‘ എന്ന ചോദ്യത്തോടെയാണ് തന്റെ പ്രതികരണം അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നത്.

ഇടതുപക്ഷ എം.എല്‍.എ കൂടിയായ ജലീലിന്റെ ഈ വാക്കുകള്‍ സാദിഖലി ശിഹാബ് തങ്ങളെ മാത്രമല്ല ലീഗിനെ മൊത്തത്തില്‍ ചുട്ടുപൊള്ളിക്കുന്നതാണ്. ആ ചൂട് ലോകസഭ തിരഞ്ഞെടുപ്പില്‍ കൂടി പ്രതിഫലിച്ചാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ ലീഗിനു ബുദ്ധിമുട്ടാകും. നിലവില്‍ ലീഗ് കോട്ടയായ പൊന്നാനിയില്‍ പോലും കടുത്ത വെല്ലുവിളിയാണ് യു.ഡി.എഫ് നേരിടുന്നത്. സമസ്ത ഉള്‍പ്പെടെയുള്ള ലീഗ് വോട്ട് ബാങ്കുകളും പഴയപോലെ ഭദ്രമല്ല. ലീഗ് നേതൃത്വത്തിനെതിരെ ശക്തമായ വികാരമാണ് സമസ്ത നേതൃത്വത്തിനുള്ളത്. അതിപ്പോള്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലുമാണ്. സാദിഖലി തങ്ങളുടെ വിവാദ പരാമര്‍ശത്തില്‍ സമസ്തയിലും എതിര്‍പ്പ് ശക്തമാണ്. എ. പി വിഭാഗം ഉള്‍പ്പെടെ മറ്റു മുസ്ലിം സംഘടനകളും അനവസരത്തിലുള്ള പ്രതികരണമായാണ് ലീഗ് അദ്ധ്യക്ഷന്റെ പ്രതികരണത്തെ നോക്കി കാണുന്നത്. സാദിഖലി തങ്ങളെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രംഗത്തു വന്നിട്ടുണ്ടെങ്കിലും മറ്റു ഉന്നത നേതാക്കള്‍ ഇപ്പോഴും മൗനം തുടരുകയാണ്. സാദിഖലി ശിഹാബ് തങ്ങളുടെ വിവാദ പ്രസംഗം മുന്നണിയെ മൊത്തത്തില്‍ ബാധിക്കുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമായ മലബാറിലെ… കാസര്‍ഗോഡ് കണ്ണൂര്‍ വടകര കോഴിക്കോട് വയനാട് മണ്ഡലങ്ങള്‍ നിലവില്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇതില്‍ വയനാട് ഒഴികെയുള്ള നാല് മണ്ഡലങ്ങളും ഇത്തവണ തിരിച്ചുപിടിക്കാന്‍…ശക്തമായ പ്രവര്‍ത്തനമാണ് ഇടതുപക്ഷം നടത്തി വരുന്നത്. ലീഗ് അദ്ധ്യക്ഷന്റെ വിവാദ പ്രസംഗം പൊന്നാനിക്കു പുറമെ ഈ നാല് മണ്ഡലങ്ങളിലേക്ക് കൂടി വ്യാപിച്ചാല്‍ ഇടതുപക്ഷത്തിനെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ് .

EXPRESS KERALA VIEW

Top