ജലീലിനെ തെറുപ്പിക്കേണ്ട ‘അജണ്ടകൾ’ ലീഗിന്റേത്, പിന്നിൽ പകയുടെ രാഷ്ട്രീയം

കെ.ടി ജലീല്‍ എന്ന മന്ത്രിയോട് യു.ഡി.എഫിന് പ്രത്യേകിച്ച് മുസ്ലീം ലീഗിനുള്ള പക വ്യക്തമാണ്. അത് അവരുടെ പൊന്നാപുരം കോട്ടയില്‍ വിള്ളലുണ്ടാക്കിയ അന്നു മുതല്‍ തുടങ്ങിയതാണ്. ജലീലിനു മുന്നില്‍ കുഞ്ഞാലിക്കുട്ടി കാലിടറി വീണപ്പോള്‍ തുടങ്ങിയതാണ് ഈ കൊടുംപക. മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ച് ജലീലിന് തുടര്‍ച്ചയായി മലപ്പുറം ജില്ലയില്‍ നിന്നും വിജയിക്കാന്‍ കഴിയുന്നത് ചുവപ്പിന്റെ കരുത്ത് കൊണ്ടു കൂടിയാണ്.

ജലീലും സി.പി.എമ്മും കൈകോര്‍ത്താല്‍ ഏത് ലീഗ് കോട്ടയും തകര്‍ക്കാന്‍ കഴിയുമെന്നത് കുറ്റിപ്പുറം മാത്രമല്ല, ഒടുവില്‍ താനൂരും തെളിയിച്ചു കഴിഞ്ഞതാണ്. ഈ പൊന്നാപുരം കോട്ടയിലും ചെങ്കൊടി പാറിക്കാന്‍ ജലീലിന്റെ ഇടപെടലും സി.പി.എമ്മിന് ഏറെ കരുത്തായിട്ടുണ്ട്.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും വോട്ട് വര്‍ദ്ധിപ്പിച്ച് ലീഗിനെ വിറപ്പിച്ചത് സി.പി.എമ്മാണ്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പോലും മിന്നുന്ന പ്രകടനമാണ് എസ്.എഫ്.ഐയും മലപ്പുറത്ത് കാഴ്ചവച്ചിരുന്നത്.

ലീഗ് അനുഭാവികള്‍ കൂട്ടത്തോടെ ചുവപ്പിന് കീഴില്‍ അണിനിരക്കുന്നതിന് പിന്നില്‍ ജലീലിന്റെ മന്ത്രി പദവിയും ഒരു കാരണമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ പുതിയ വിലയിരുത്തല്‍. കെ.ടി ജലീലിനെ എത്രമാത്രം ലീഗ് പേടിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണിത്.

എങ്ങനെയും ജലീലിന്റെ ഇമേജ് തകര്‍ക്കുക, അതു വഴി മന്ത്രി സ്ഥാനം തെറിപ്പിക്കുക എന്നതാണ് ലീഗിന്റെ ഇപ്പോഴത്തെ പ്രഖ്യാപിത ലക്ഷ്യം.മലപ്പുറത്തെ അവശേഷിക്കുന്ന പൊന്നാപുരം കോട്ടകളെങ്കിലും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ പെടാപ്പാടുകളെല്ലാം.

യൂത്ത് ലീഗിനെ മുന്‍ നിര്‍ത്തി ജലീലിനെതിരെ നയിച്ച പ്രക്ഷോഭത്തിന്റെ മുനയൊടിഞ്ഞതോടെയാണ് പുതിയ നീക്കങ്ങളുമായി ലീഗ് നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്.വിജി എന്ന ഒരു പാവം വിദ്യാര്‍ത്ഥിനിയുടെ അഡ്മിഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തവുമാണ്.

വഴുതക്കാട് ഗവ.വിമന്‍സ് കോളജില്‍ ഈ കുട്ടിക്ക് പഠിക്കാന്‍ അവസരം നല്‍കിയതാണ് പ്രതിപക്ഷത്തെ ഏറെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി അനുകൂലികളായ ലീഗിനെ ഒപ്പം നിര്‍ത്തുന്നതിന് വേണ്ടി രമേശ് ചെന്നിത്തലയാണ് വിഷയം വഷളാക്കിയിരിക്കുന്നത്. ഒരു പാവം പെണ്‍കുട്ടിയുടെ ഭാവിക്കു മേലാണ് ഇവരെല്ലാം ചേര്‍ന്ന് ഇപ്പോള്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.

‘അനാഥയാണ്, ദ്രോഹിക്കരുത്,’ എന്ന വിജിയുടെ വിലാപങ്ങള്‍ ഒന്നും തന്നെ യുഡിഎഫ് നേതാക്കളുടെ കരളലിയിച്ചിട്ടില്ല. രാഷ്ട്രീയ മുതലെടുപ്പിനായി പ്രതിപക്ഷനേതാവും ഒരുവിഭാഗം മാധ്യമങ്ങളും പടച്ചുവിട്ട വ്യാജ ആരോപണങ്ങളില്‍ പൊലിഞ്ഞത് ഈ നിര്‍ധന പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളാണ്. മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വന്ന വ്യാജവാര്‍ത്തകളില്‍ മനംനൊന്ത് പഠനം ഉപേക്ഷിക്കുകയാണന്ന ഈ പതിനെട്ടുകാരിയുടെ തീരുമാനം ഞെട്ടിക്കുന്നതാണ്. ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ പഠനം തുടരുകയാണ് വിജി ഇനി ചെയ്യേണ്ടത്. പുതിയ അധ്യായന വര്‍ഷം നഗരത്തിലെ ഏതെങ്കിലും കോളെജില്‍ സൗജന്യമായി ബിരുദ പഠനം നടത്താനുള്ള അവസരം വിജിക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഈ നിലപാടിനൊപ്പമാണ് വിദ്യാര്‍ത്ഥിനിയും ഇനി നില്‍ക്കേണ്ടത്.

സമൂഹത്തിലെ ആലംബമില്ലാത്തവരുടെ പ്രതീകമാണ് വിജി. അമ്മയുടെ മരണത്തോടെ അനാഥയായ വിജി ബന്ധുക്കളുടെ കാരുണ്യത്തിലാണ് നിലവില്‍ കഴിയുന്നത്. ചേര്‍ത്തല എന്‍എസ്എസ് കോളേജിലാണ് ആദ്യം ബി.എസ്.സി ബോട്ടണിക്ക് അവള്‍ക്ക് മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രയാസംമൂലം ദിവസവും പോയിവരാനോ ഹോസ്റ്റലില്‍ നില്‍ക്കാനോ വിജിക്ക് സാധിച്ചിരുന്നില്ല. ഇതോടെ കേരള സര്‍വകലാശാലാ രജിസ്ട്രാറെ നേരിട്ടുകണ്ട് നഗരത്തിലെ കോളേജിലേക്ക് മാറ്റിനല്‍കണമെന്ന് പലതവണ അപേക്ഷിക്കുകയായിരുന്നു. എന്നിട്ടും അനുകൂല തീരുമാനം ലഭിക്കാതായതോട് കൂടിയാണ് ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കിയിരുന്നത്. വിജിയുടെ നിസ്സഹായത മനസ്സിലാക്കിയ മന്ത്രി രണ്ട് ഒഴിവുണ്ടായിരുന്ന വഴുതക്കാട് ഗവ. വിമന്‍സ് കോളേജില്‍ ചേര്‍ന്ന് പഠിക്കാനാണ് അവസരം ഒരുക്കിയിരുന്നത്. ഇതിനെയാണിപ്പോള്‍ പ്രതിപക്ഷനേതാവും മാധ്യമങ്ങളും ദുര്‍വ്യാഖ്യാനം ചെയ്ത് വേട്ടയാടിയിരിക്കുന്നത്. പ്രതിപക്ഷനേതാവിന്റെയും മാധ്യമങ്ങളുടെയും ആരോപണങ്ങള്‍ വിജിയുടെ ആത്മവിശ്വാസമാണ് തകര്‍ത്തിരിക്കുന്നത്. വ്യാജ ആരോപണങ്ങള്‍ പ്രചരിച്ചതോടെ അവള്‍ പൂര്‍ണമായും ഒറ്റപ്പെടുകയായിരുന്നു. ഇതോടെയാണ് പഠനം ഈ വര്‍ഷം ഉപേക്ഷിക്കുന്നതായി കാണിച്ച് സര്‍വകലാശാലാ വിസിക്ക് കത്ത് നല്‍കാന്‍ വിജി നിര്‍ബന്ധിതമായത്.

ഇവിടെ സമൂഹത്തിലെ ആലംബമില്ലാത്തവരുടെ പ്രതീകമായാണ് ഈ പെണ്‍കുട്ടി മാറിയിരിക്കുന്നത്. ആരുമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ തന്നെയാണ് തുണയാകേണ്ടത് അക്കാര്യത്തില്‍ സംശയമില്ല. ഈ അര്‍ത്ഥത്തില്‍ മന്ത്രിയെടുത്ത നിലപാട് ശരി തന്നെയാണ് മാനുഷിക പരിഗണനയെ അതേ രൂപത്തില്‍ കാണാന്‍ പ്രതിപക്ഷവും മാധ്യമങ്ങളുമാണ് തയ്യാറാകേണ്ടിയിരുന്നത്.

രാഷ്ട്രിയ പകയും വ്യക്തി വൈരാഗ്യങ്ങളുമെല്ലാം ഒരു വ്യക്തിയുടെയും ജീവിതം തകര്‍ക്കുന്ന രൂപത്തിലാക്കി മാറ്റരുത്. അതൊടുവില്‍ തിരിച്ചടിക്കുക തന്നെ ചെയ്യും.

ആരോപണം ഉന്നയിക്കുന്നവരും അത് ഏറ്റെടുക്കുന്നവരും ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. വിജിയെ പോലുള്ള പാവം പെണ്‍കുട്ടിയുടെ കണ്ണീര്‍ തുള്ളികള്‍ ഇനിയും ഈ മണ്ണില്‍ വീണാല്‍ അതിന് യു.ഡി.എഫാണ് വലിയ വില നല്‍കേണ്ടി വരിക.

ഏതെങ്കിലും ഒരു മന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത് കൊണ്ട് മാത്രം നിങ്ങള്‍ വിജയിക്കുകയില്ല. ജലീലിനെതിരെ ചെന്നിത്തല സംഹാര താണ്ഡവമാടിയപ്പോള്‍ തന്നെയാണ് കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും കോട്ടകൊത്തളങ്ങളും തകര്‍ന്നടിഞ്ഞിരുന്നത്. അക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്

Political Reporter

Top