ബന്ധു നിയമനം; അദീബിന്റെ യോഗ്യത വിവാദത്തില്‍, കെ.ടി ജലീലിന്റെ വാദം പൊളിയുന്നു

Kt Jaleel

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിയുന്നു. ജലീലിന്റെ ബന്ധുവായ അദീബിന്റെ യോഗ്യതയാണ് വിവാദത്തിലായിരിക്കുന്നത്.

അദീബിന്റെ പിജിഡിബിഎ കോഴ്‌സിന് അംഗീകാരമില്ലെന്ന് കണ്ടെത്തി. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ പിജിഡിബിഎ കോഴ്‌സിന് അംഗീകാരമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍, ആരോപണത്തില്‍ കെ.ടി. ജലീലിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്. കെ.ടി ജലീലിന്റെ പ്രതിച്ഛായ തകര്‍ക്കുവാനുള്ള ലീഗിന്റെ ശ്രമമാണ് വിവാദത്തിന് പിന്നിലെന്നാണ് കോടിയേരി പറയുന്നത്.

വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കി കൊണ്ട് ബന്ധുവായ കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ജലീലിനെതിരായ ആരോപണം. ബിരുദാനന്തര ബിരുദവും എംബിഎയും പൊതുമേഖലാ സ്ഥാപനത്തില്‍ ഉന്നത തസ്തികയില്‍ 5 വര്‍ഷത്തിലേറെ ജോലിപരിചയവുമുള്ള ഉദ്യോഗാര്‍ഥിയെയാണ് ഒഴിവാക്കിയത്. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് ഡെപ്യൂട്ടേഷന് വരുന്നതില്‍ തെറ്റില്ലെന്നാണ് ജലീല്‍ ഇക്കാര്യത്തില്‍ ഉന്നയിച്ച വിശദീകരണം

കൂടാതെ, ജലീലിനെതിരെ മറ്റൊരു ആരോപണവും യൂത്ത് കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. ഭാര്യ എന്‍.പി.ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമിച്ചതുമായി ബന്ധപ്പെട്ടതാണ് ഈ ആരോപണം. കെഇആര്‍ ചട്ടപ്രകാരമുള്ള സീനിയോറിറ്റി നിബന്ധനകള്‍ അട്ടിമറിച്ചാണ് ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചതെന്നാണ് സംസ്ഥാന സെക്രട്ടറി സിദ്ധിഖ് പന്താവൂര്‍ വ്യക്തമാക്കിയത്.

Top