സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ വിശദീകരണവുമായി മന്ത്രി കെ.ടി. ജലീല്‍

kt jaleel

കോഴിക്കോട്: തന്റെ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരിക്കു പറ്റിയെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ വിശദീകരണം നല്‍കി മന്ത്രി കെ.ടി ജലീല്‍. കഴിഞ്ഞദിവസം മലപ്പുറം ചെട്ടിയാംകിണറിന് സമീപത്ത് ബൈക്കില്‍നിന്ന് വീണവര്‍ക്ക് സഹായം നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നും ഓടിക്കൂടിയെത്തിവര്‍ തന്നെ തടഞ്ഞു നിര്‍ത്തുകയാണുണ്ടായതെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

താന്‍ വാഹനത്തില്‍ പോകുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടത്തിനിടെ തെന്നി വീണത് കണ്ടാണ് വാഹനം നിര്‍ത്തിയത്. തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കവെ അവിടെ എത്തിയ ചിലര്‍ തനിക്കെതിരെ തിരിയുകയായിരുന്നു. ബൈക്കില്‍നിന്ന് വീണ കുട്ടികളോട് കാര്യങ്ങള്‍ തിരക്കി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ തന്നെ തടഞ്ഞുവെച്ചപ്പോള്‍ സ്വാഭാവികമായും പ്രതികരിച്ചു. മുസ്ലീംലീഗ് പ്രവര്‍ത്തകരാണ് തനിക്കെതിരെ തിരിഞ്ഞതെന്നും തന്റെ വാഹനം ബൈക്കില്‍ തട്ടിയിട്ടില്ലെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയെ തടഞ്ഞുനിര്‍ത്തിയെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കല്‍പ്പകഞ്ചേരി പോലീസ് പറഞ്ഞു. മന്ത്രിയുടെ വാഹനം ബൈക്കില്‍ ഇടിച്ചിട്ടില്ലെന്നും ബൈക്കില്‍നിന്ന് വീണവരെ സഹായിക്കാനാണ് മന്ത്രി കാറില്‍നിന്നിറങ്ങിയതെന്നും പൊലീസും പറഞ്ഞു.

Top