കെ ടി ജലീലിന് വധഭീഷണി, ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ  കെ.ടി ജലീലിന് വധ ഭീഷണി. മുസ്ലിം ലീഗിന്റെ അനുഭാവിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നതെന്നാണ് സൂചന. ലീഗിനെതിരെ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും വാഹനത്തിന്റെ ബ്രേക്കൊന്ന് പോയാല്‍ മതിയെന്നും സന്ദേശത്തില്‍ മുന്നറിയിപ്പുണ്ട്.

വാട്‌സ് ആപ്പ് ശബ്ദ സന്ദേശമായാണ് ഫോണിലേക്ക് എംഎല്‍എക്കെതിരായ ഭീഷണി വന്നത്. വാഹാനാപകടത്തില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. സിപിഎമ്മിന്റെ ഒപ്പം ചേര്‍ന്നുളള നീക്കങ്ങള്‍ അവസാനിപ്പിക്കണം.വാഹനത്തില്‍ ഒരുപാട് യാത്ര ചെയ്യുന്നയാളാണ് അത് മറന്ന് പോകരുതെന്നും ഓഡിയോയിലുണ്ട്. ഈ ദിവസം ഓര്‍മ്മയില്‍ വെച്ചോ എന്നും കൊലപ്പെടുത്തുമെന്നും ഫോണ്‍ സന്ദേശത്തിലുണ്ട്.

ജലീലിനെതിരായ വധ ഭീഷണിക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. അതേസമയം സന്ദേശത്തില്‍ ഹംസ എന്നാണ് അജ്ഞാതന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇത് ഇയാളുടെ യഥാര്‍ത്ഥ പേരാണോയെന്നും വ്യക്തമല്ല. മുസ്ലിം ലീഗിനെതിരെ സംസാരിക്കുമ്പോള്‍ ഇരിക്കുന്ന കൊമ്പാണ് ജലീല്‍ മുറിക്കുന്നതെന്ന് ഓര്‍ക്കണമെന്നും തറവാട് മാന്തുമെന്നും സന്ദേശത്തില്‍ പറയുന്നു. എംഎല്‍എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഡിജിപിക്ക് പരാതി നല്‍കി. തെളിവും പൊലീസിന് കൈമാറി.

Top