‘ചെയ്ത പാപങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രായശ്ചിത്തം ചെയ്യാന്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു’: കെ ടി ജലീല്‍

മലപ്പുറം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോണ്‍ഗ്രസിന്റെ തിരുമാനത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍.ചെയ്ത പാപങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രായശ്ചിത്തം ചെയ്യാന്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെ ടി ജലീല്‍ പറഞ്ഞു.രാമക്ഷേത്ര പ്രതിഷ്ഠ വിഷയത്തില്‍ വൈകിയെങ്കിലും കോണ്‍ഗ്രസ്സ്, ഇടതുപാര്‍ട്ടികള്‍ വഴിനടത്തിയ പാതയിലൂടെ മതേതര പ്രയാണത്തിന് തയ്യാറായത് സ്വാഗതാര്‍ഹമാണെന്ന് കെ ടി ജലീല്‍ എംഎല്‍എ. ഹിന്ദുത്വ അജണ്ടയെ മുന്‍നിര്‍ത്തി ബി.ജെ.പി ചെയ്യുന്ന വര്‍ഗ്ഗീയ ചേരിതിരിവിന് ചൂട്ടുപിടിക്കലല്ല തങ്ങളുടെ ജോലിയെന്ന് വൈകിയെങ്കിലും കോണ്‍ഗ്രസ്സ് മനസ്സിലാക്കിയത് നന്നായെന്നും ജലീല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

രാമക്ഷേത്ര ഭൂമിപൂജാ ചടങ്ങിലേക്ക് വെള്ളി ഇഷ്ടിക കൊടുത്തയച്ച് രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച അശോക് ഗഹ്ലോട്ട് രാജസ്ഥാനില്‍ ബാലറ്റ് മല്‍സരത്തില്‍ മൂക്ക്കുത്തി വീണത് നാം കണ്ടുവെന്നും ജലീല്‍ പറഞ്ഞു. ഒരു ദൈവത്തിനും ആരാധനാലായം പണിയാത്ത അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയില്‍ അധികാരം അരക്കിട്ടുറപ്പിച്ചത് കോണ്‍ഗ്രസ്സിന് കാണാനാകാതെ പോയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.ഒരു ദൈവത്തെയും കൂട്ടുപിടിക്കാതെയാണ് ആന്ധ്രയിലും കര്‍ണ്ണാടകയിലും മിന്നുന്ന ജയം കോണ്‍ഗ്രസ് സ്വന്തമാക്കിയത്. വസ്തുതകള്‍ ഇതായിരിക്കെ ബിജെപിക്ക് തപ്പ് കൊട്ടുന്ന ഏര്‍പ്പാട് കോണ്‍ഗ്രസ്സ് നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടി ഉപ്പുവെച്ച കലംപോലെയാകുമെന്ന് തിരിച്ചറിയാന്‍ നേതൃത്വത്തിനായത് ശുഭസൂചകമാണെന്നും കെ ടി ജലീല്‍ പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ വൈകി ഉദിച്ച വിവേകം ബി.ജെ.പി വിരുദ്ധ ഇന്ത്യാമുന്നണിയെ ശക്തിപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പീതവര്‍ണ്ണ രാഷ്ട്രീയം മനസ്സില്‍ പേറുന്നവരുടെ ഉപചാപക സംഘത്തില്‍ നിന്ന് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും എത്രയും പെട്ടന്ന് രക്ഷപ്പെടുന്നുവോ അത്രയും അവര്‍ക്കും കോണ്‍ഗ്രസ്സിനും നല്ലത്! നഹ്‌റുവിയന്‍ ആശയങ്ങളുടെ പുനരുജ്ജീവനമാണ് വര്‍ത്തമാന ഇന്ത്യ ആഗ്രഹിക്കുന്നത്. അതിലേക്ക് അവരെ നയിക്കാന്‍ മായം ചേരാത്ത മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവര്‍ക്കേ കഴിയൂ. ആ ചേരിയില്‍ ഇടതുപക്ഷത്തോടൊപ്പം കോണ്‍ഗ്രസ്സും ഉണ്ടാകണം. മറ്റു സെക്കുലര്‍ പാര്‍ട്ടികളും അണിനിരക്കണം. വോട്ടിന്റെ എണ്ണത്തെക്കാള്‍ പ്രധാനമാണ് ഓരോ പാര്‍ട്ടിയുടെയും ആശയാടിത്തറയെന്ന് ജലീല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Top