‘എന്റെ രക്തത്തിനും ഒരു റാത്തല്‍ ഇറച്ചിക്കും വട്ടമിട്ടുപറന്ന കഴുകന്മാരേ’;രൂക്ഷമായി പ്രതികരിച്ച് കെ ടി ജലീല്‍

മലപ്പുറം: സ്വര്‍ണക്കടത്ത് കേസിലെ 44 പ്രതികള്‍ക്ക് പിഴയിട്ടതിന് പിന്നാലെ തനിക്കെതിരെ പണ്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് കെ ടി ജലീല്‍ എം എല്‍ എ. എന്റെ രക്തത്തിനും ഒരു റാത്തല്‍ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന ‘കഴുകന്‍മാര്‍’ മാപ്പ് പറയണമെന്ന് ഞാന്‍ പറയുന്നില്ലെന്ന് കെ ടി ജലീല്‍ പറഞ്ഞു.അവര്‍ സ്വയമൊന്ന് പശ്ചാത്തപിക്കുകയെങ്കിലും വേണ്ടെ? എന്ന ചോദ്യമാണ് ജലീല്‍ ഉന്നയിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനെയും റംസാന്‍ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വര്‍ണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച് എന്നെ അപമാനിക്കാന്‍ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവര്‍ നെഞ്ചത്ത് കൈവെച്ച് ഇക്കാര്യം ആലോചിക്കുന്നത് നന്നായിരിക്കുമെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

എന്നെ വഴിതടഞ്ഞും ചീമുട്ടയെറിഞ്ഞും അപായപ്പെടുത്താന്‍ ശ്രമിച്ചവരും, അതിനവര്‍ക്ക്, എന്റെ സഞ്ചാരവഴികള്‍ യഥാസമയം നല്‍കി സഹായിച്ചവരും അവര്‍ ചെയ്ത കൊടുംപാപത്തിന്റെ കറ കഴുകിക്കളയാന്‍ ഏത് വിശുദ്ധ നദികളിലാണാവോ മുങ്ങിക്കുളിക്കുക? എന്നെ കളളക്കടത്തുകാരനും അവിഹിത സമ്പാദ്യക്കാരനുമാക്കാന്‍ ദിവസങ്ങളോളം അന്തിച്ചര്‍ച്ചകള്‍ നടത്തിയ മാധ്യമ സുഹൃത്തുക്കള്‍ അതിന്റെ പത്തിലൊന്ന് സമയമെങ്കിലും ഞാന്‍ കുറ്റക്കാരനല്ലെന്ന് പറയാന്‍ ‘സന്‍മനസ്സ്’ കാണിക്കുമൊ? എന്ന് ജലീല്‍ ചോദിച്ചു.

Top