ബന്ധു നിയമന വിവാദം; കെ.ടി ജലീലിന്റെ വാദം തെറ്റെന്ന് വിവരാവകാശ രേഖ

Kt Jaleel

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കെടി ജലീലിന്റെ വാദം തെറ്റാണെന്ന് വിവരാവകാശ രേഖ.

നിയമനത്തില്‍ അപേക്ഷിച്ച നാലു പേര്‍ക്കും അദീപിനെക്കാള്‍ യോഗ്യതയുള്ളവരെന്നാണ് തെളിഞ്ഞിരിക്കുന്നത്. അപേക്ഷ തള്ളിയവരില്‍ എസ്ബി ഐ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുണ്ട്.

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ.ടി.ജലീലിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു.

ജലീല്‍ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ചാണ് യൂത്ത് ലീഗ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കോടതിയെ സമീപിക്കാന്‍ യൂത്ത് ലീഗിനെ മന്ത്രി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കി കൊണ്ട് ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ജലീലിനെതിരായ ആരോപണം. ബിരുദാനന്തര ബിരുദവും എംബിഎയും പൊതുമേഖലാ സ്ഥാപനത്തില്‍ ഉന്നത തസ്തികയില്‍ 5 വര്‍ഷത്തിലേറെ ജോലിപരിചയവുമുള്ള ഉദ്യോഗാര്‍ഥിയെയാണ് ഒഴിവാക്കിയിരുന്നത്.

ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് ഡെപ്യൂട്ടേഷന് വരുന്നതില്‍ തെറ്റില്ലെന്നാണ് ജലീല്‍ ഇക്കാര്യത്തില്‍ ഉന്നയിച്ച വിശദീകരണം.

Top