ബന്ധു നിയമനം; ജലീല്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ബ്ലാക്‌മെയില്‍ ചെയ്‌തെന്ന് പി.കെ.ഫിറോസ്

കോഴിക്കോട്: ബന്ധു നിയമന വിവാദം സംബന്ധിച്ച് മന്ത്രി കെ.ടി.ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്ത്.

ജലീല്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും ഇതില്‍ ഭയന്നാണ് അന്വേഷണം പ്രഖ്യാപിക്കാന്‍ മടിക്കുന്നതെന്നും ഫിറോസ് പറഞ്ഞു. കോടതി വിധി പ്രതികൂലമായി ബാധിക്കുമെന്നു ഭയന്നാണു കോടതിയെ സമീപിച്ചോളൂ എന്ന മറുപടി പോലും മുഖ്യമന്ത്രിയില്‍ നിന്നു ലഭിക്കാത്തതെന്നും ബ്ലാക്‌മെയില്‍ ചെയ്തത് സംബന്ധിച്ചു കൃത്യമായ വിവരം യൂത്ത് ലീഗിനു ലഭിച്ചിട്ടുണ്ടെന്നും അത് ഉടനെ തന്നെ പുറത്തു വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവായ കെ.ടി.അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി ജലീല്‍ മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. നിയമന അംഗീകാരത്തിനുള്ള ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലിരിക്കേ മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി ബന്ധുവിനെ നിയമിക്കുകയായിരുന്നു എന്നും ആരോപണത്തില്‍ പറയുന്നു.

Top