‘സമിതിയില്‍ ഒരു മലയാളി ഉണ്ടെന്നത് വേദനിപ്പിക്കുന്നു’: കെടി ജലീല്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേര് വെട്ടി മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍ എംഎല്‍എ. എത്ര കോണ്‍ഗ്രസ് നേതാക്കന്മാര്‍ വിഷയത്തില്‍ പ്രതികരിച്ചുവെന്ന് കെടി ജലീല്‍ ചോദിച്ചു. നിയമസഭയിലാണ് കെടി ജലീലിന്റെ പ്രതികരണം.

കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം ഒരിടത്തും കണ്ടില്ല. മന്ത്രാലയം ഇതിനായി ചുമതലപ്പെടുത്തിയ സമിതിയില്‍ ഒരു മലയാളി കൂടി ഉണ്ടെന്നത് വേദനിപ്പിക്കുന്നുവെന്നും ജലീല്‍ പറഞ്ഞു. പ്രിയദര്‍ശന്‍ കൂട്ടുനിന്നാണ് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടി മാറ്റിയത്. ഇതിനെതിരായാണ് ജലീലിന്റെ പ്രതികരണം ഉണ്ടായത്.

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌ക്കാരത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കിയിരുന്നു. ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌ക്കാരത്തില്‍ നിന്ന് പ്രശസ്ത നടി നര്‍ഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഇതുവരെ ഇന്ദിരാ ഗാന്ധിയുടെ പേരിലാണ് നല്‍കിയിരുന്നത്. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പടെയുള്ള പുരസ്‌ക്കാരങ്ങളുടെ സമ്മാന തുക കൂട്ടാനും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം രൂപവത്കരിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അവാര്‍ഡുകളുടെ പേരുകള്‍ മാറ്റികൊണ്ട് ഉത്തരവിറക്കിയത്. കൊവിഡ് മഹാമാരിയുടെ കാലത്താണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെ അംഗങ്ങളായ സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

ഐക്യകണ്‌ഠേനയാണ് തീരുമാനം അംഗീകരിച്ചതെന്ന് സമിതി അംഗങ്ങളിലൊരാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ശബ്ദ വിഭാഗത്തില്‍ ഉള്‍പ്പെടെ സാങ്കേതിക വിഭാഗത്തിലെ ചില മാറ്റങ്ങളാണ് താന്‍ നിര്‍ദേശിച്ചിരുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. 2022ലെ എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ചട്ടങ്ങളിലാണ് ഇതുസംബന്ധിച്ച മാറ്റം വരുത്തിയിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് 2023 ലാണ് 2021ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കിയത്. ജനുവരി 30 ആയിരുന്നു 2022 ലെ അവാര്‍ഡിനുള്ള നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇന്ദിരാ ഗാന്ധിയുടെ പേര് ഇല്ലാതെയായിരിക്കും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നല്‍കുക. നേരത്തെ നവാഗത സംവിധായകനുള്ള അവാര്‍ഡ് തുക നിര്‍മാതാവും സംവിധായകനും നല്‍കിയിരുന്നു.

Top