ബന്ധുനിയമന വിവാദം; കെ.ടി.ജലീല്‍ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

kodiyeri-jaleel

തിരുവനന്തപുരം: ബന്ധുനിയമന വിവാദം സംബന്ധിച്ച് മന്ത്രി കെ.ടി.ജലീല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

ബന്ധു നിയമന വിവാദത്തില്‍ കെടി ജലീലിന്റെ വാദം തെറ്റാണെന്ന് റിപ്പോര്‍ട്ട് എത്തിയിരുന്നു. നിയമനത്തില്‍ അപേക്ഷിച്ച നാലു പേര്‍ക്കും കെ.ടി ജലീലിന്റെ ബന്ധുവായ അദീപിനെക്കാള്‍ യോഗ്യതയുള്ളവരെന്ന് തെളിഞ്ഞിരുന്നു. അപേക്ഷ തള്ളിയവരില്‍ എസ്ബിഐ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.

ജലീല്‍ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് രംഗത്തെത്തുകയും ചെയ്തിരുന്നു. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കി കൊണ്ട് ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ജലീലിനെതിരായ ആരോപണം.

ബിരുദാനന്തര ബിരുദവും എംബിഎയും പൊതുമേഖലാ സ്ഥാപനത്തില്‍ ഉന്നത തസ്തികയില്‍ 5 വര്‍ഷത്തിലേറെ ജോലിപരിചയവുമുള്ള ഉദ്യോഗാര്‍ഥിയെയാണ് ഒഴിവാക്കിയത്. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് ഡെപ്യൂട്ടേഷന് വരുന്നതില്‍ തെറ്റില്ലെന്നാണ് ജലീല്‍ ഇക്കാര്യത്തില്‍ ഉന്നയിച്ച വിശദീകരണം.

Top