സി.പി.എമ്മിന് വീണ്ടും തലവേദനയായി മന്ത്രി, ഇടതു സമരത്തിൽ പങ്കെടുത്തതിന് മാപ്പ്. . !

kt jaleel

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ വീണ്ടും സി.പി.എമ്മിന് ‘ബാധ്യത’യാകുന്നു.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും അധികം വിമര്‍ശനം നേരിട്ടത് മന്ത്രി കെ.ടി ജലീലിനും അദ്ദേഹത്തിന്റെ വകുപ്പായ തദ്ദേശസ്വയം ഭരണ വകുപ്പിനും ആയിരുന്നു.

ജലീലിന്റെ തട്ടകമായ മലപ്പുറം ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ലീഗ് നേതാക്കളുടെ താല്‍പ്പര്യമാണ് ജലീല്‍ നടപ്പാക്കുന്നതെന്നും ‘സൂപ്പര്‍ പവറായി’ മാറാന്‍ ശ്രമിക്കുകയുമാണെന്ന കടുത്ത വിമര്‍ശനങ്ങളാണ് പ്രതിനിധികള്‍ ഉയര്‍ത്തിയിരുന്നത്.

പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ വിളിച്ചു വരുത്തി നടപടി സ്വീകരിക്കാന്‍ പറ്റാത്തതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് മന്ത്രിയെ തിരുത്തണമെന്ന ആവശ്യം നേതാക്കളില്‍ നിന്നു പോലും ഉയര്‍ന്നിരുന്നു.

ഈ അതൃപ്തി നിലനില്‍ക്കെ തന്നെയാണ് ഇപ്പോള്‍ സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി ബാര്‍കോഴ കേസിലെ സമരത്തില്‍ മാപ്പ് പറഞ്ഞ് ജലീല്‍ രംഗത്തെത്തിയിരിക്കുന്നത്.

കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടയാന്‍ നിയമസഭയില്‍ ഇടതു അംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് ജലീല്‍ മാപ്പിരന്നിരിക്കുന്നത്.

കെ.ടി.ജലീല്‍ ഉള്‍പ്പെടെ ഇടതു പക്ഷത്തെ അഞ്ച് എം.എല്‍.എമാര്‍ക്ക് എതിരെ എടുത്ത കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് സി.പി.എമ്മിനെ നാണം കെടുത്തിയ അപ്രതീക്ഷിത മാപ്പുപറച്ചില്‍.

മാണിയ്‌ക്കെതിരായ ബാര്‍ കോഴ ആരോപണത്തെ തള്ളിപ്പറയുന്നതിന് ജലീലിന്റെ പ്രസ്താവന യു.ഡി.എഫിന് സഹായകമാവുമോ എന്ന ആശങ്ക സി.പി.എം നേതാക്കള്‍ക്കുണ്ട്. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുക എന്നത് എല്‍.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടായിരുന്നുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ നിലപാടില്‍ മാറ്റം വന്നിട്ടില്ല. എല്‍.ഡി.എഫിന്റെ വലിയ പോരാട്ടങ്ങളില്‍ ഒന്നു തന്നെയായിരുന്നു ഇത്. ജലീല്‍ നിലപാട് മാറ്റിയതാവുമെന്നും അദ്ദേഹം തുറന്നടിച്ചു.

അധ്യാപകനായതിന്റെ പേരില്‍ മാപ്പ് പറഞ്ഞുവെന്ന് ജലീല്‍ പറയുമ്പോള്‍ താന്‍ 36 വര്‍ഷം അധ്യാപകനായിരുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. കുഞ്ഞമ്മതും വ്യക്തമാക്കി. സി.പി.എമ്മും എല്‍.ഡി.എഫും നിലപാട് മാറ്റിപ്പറയാത്ത കാലത്തോളം തങ്ങള്‍ ഒപ്പം നില്‍ക്കുമെന്നും വിഷയങ്ങളില്‍ നിലപാട് പറയാന്‍ നേതൃത്വമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജലീലിനെക്കൂടാതെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍, സംസ്ഥാന സമിതിയംഗം വി. ശിവന്‍കുട്ടി, കെ. കുഞ്ഞമ്മത്, സി.പി.ഐ നേതാവ് കെ. അജിത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസം എടപ്പാളില്‍ അധ്യാപകര്‍ക്ക് നടത്തിയ ഏകദിന ശില്‍പശാലയിലായിരുന്നു മന്ത്രി കെ.ടി. ജലീല്‍ മാപ്പപേക്ഷ നടത്തിയത്. സ്പീക്കറുടെ വേദി തകര്‍ത്തത് അടക്കമുള്ള സംഭവത്തില്‍ അധ്യാപകനായ താന്‍ പങ്കെടുത്തതില്‍ അധ്യാപകസമൂഹത്തോടും വിദ്യാര്‍ഥികളോടും ആത്മാര്‍ഥമായി മാപ്പ് അപേക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘അധ്യാപകന്‍ എന്നനിലയില്‍ ഏറ്റവും അധികം ദുഃഖിപ്പിച്ച സംഭവം ആയിരുന്നു അതെന്നും അധ്യാപകനായ ജനപ്രതിനിധിക്ക് എല്ലാത്തിനും നിയന്ത്രണരേഖയുണ്ടെന്നും അതിനപ്പുറം കടന്നതിലുള്ള പശ്ചാത്താപം മൂലമാണ് ക്ഷമാപണം നടത്തുന്നതെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.

Top