ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വര്‍ണ കിറ്റ് ആണോ എന്ന് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെയും മന്ത്രി കെ.ടി. ജലീലിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. മന്ത്രി കെ.ടി ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വര്‍ണ കിറ്റ് ആണോ എന്ന് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പറഞ്ഞ തീയതിക്ക് മുമ്പ് സ്വപ്നെയെ ജലീല്‍ വിളിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അങ്ങനെയാവുമ്പോള്‍ യു.എ.ഇ കൗണ്‍സുലേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് വിളിച്ചത് എന്നത് പച്ചക്കള്ളമാണെന്ന് കെ.സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് സംഘവുമായി മന്ത്രിക്ക് ബന്ധമുണ്ട്. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ആളാണ് ജലീല്‍. നേരത്തെയും ജലീല്‍ തീവ്രവാദ സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സ്വപ്നയെ വിളിച്ചു. സ്വപ്നയും സെക്രട്ടറിയെ വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയുടെ ഫോണിലൂടെ മന്ത്രി സ്വര്‍ണക്കടത്തു സംഘവുമായി സംസാരിച്ചിട്ടില്ല എന്ന് എന്തുറപ്പാണ് ഉള്ളത്. ഇതിനു മുന്‍പും ജലീല്‍ സ്വപ്നയെ വിളിച്ചതിന് തെളിവ് പുറത്തുവന്നു. മന്ത്രിയുടെ വാക്കുകള്‍ വിശ്വാസ യോഗ്യമല്ല. അദ്ദേഹത്തിന്റെ വാക്കുകളില്‍ ആശയക്കുഴപ്പമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജലീല്‍ നല്‍കുന്നത് വസ്തുതാപരമായ വിശദീകരണമല്ല. ജലീലും ഓഫീസും സംശയത്തിന്റെ നിഴലിലാണെന്നും ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി സരിത്ത് നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. സരിത്ത് ഇങ്ങോട്ട് വിളിച്ചതിനേക്കാല്‍ കൂടുതല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് അങ്ങോട്ട് വിളിച്ചത്. ഇതെല്ലാം സാധാരണ സൗഹൃദത്തിന്റെ ഭാഗമായിട്ടാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി രാഷ്ട്രീയ മര്യാദ കാണിക്കണം. ജനങ്ങളോട് ഉത്തരം പറയാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. രാഷ്ട്രീയ സാദാചാരവും മര്യാദയും പുരപ്പുറത്ത് കയറി പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല. രാജിവെച്ച് മര്യാദ കാണിക്കണം. വരും ദിവസങ്ങളില്‍ ബി.ജെ.പിയും പാര്‍ട്ടിയുടെ മറ്റ് പോഷക സംഘടനകളും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭത്തിന് തുടക്കമിടുമെന്നും സുരേന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Top