ഭാര്യയുടെ പ്രിന്‍സിപ്പല്‍ നിയമനം; കെ.ടി.ജലീലിനെതിരെ വീണ്ടും ആരോപണം

Kt Jaleel

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ വീണ്ടും ആരോപണം. ഭാര്യ എൻ.പി.ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പലായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് വീണ്ടും ആരോപണം എത്തിയിരിക്കുന്നത്.

ചട്ടലംഘനം ആരോപിച്ച് യൂത്ത് കോൺഗ്രസ് തന്നെയാണ്‌ രംഗത്ത് എത്തിയിരിക്കുന്നത്. കെഇആർ ചട്ടപ്രകാരമുള്ള സീനിയോറിറ്റി നിബന്ധനകൾ അട്ടിമറിച്ചാണ് ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലായി നിയമിച്ചതെന്നാണ് സംസ്ഥാന സെക്രട്ടറി സിദ്ധിഖ് പന്താവൂർ പറയുന്നത്.

ഇതേ സീനിയോറിറ്റിയുള്ള വി.കെ. പ്രീത എന്ന അധ്യാപികയും സ്‌കൂളിലുണ്ടെന്നും ഒരേ സീനിയോറിറ്റിയുള്ള രണ്ടുപേർ വന്നാൽ നിയമനത്തിന് ജനനത്തീയതി മാനദണ്ഡമാക്കണമെന്നാണു ചട്ടമെന്നും ഇതനുസരിച്ച് പ്രീത എന്ന അധ്യാപികയ്ക്കാണ് യോഗ്യതയെന്നും എന്നാൽ സ്‌കൂൾ മാനേജറും ഹയർസെക്കൻഡറി ഡപ്യൂട്ടി ഡയറക്ടറും ഇക്കാര്യം പരിഗണിച്ചില്ലെന്നുമാണ് പുതിയ ആരോപണം.

അതേസമയം, പിതൃസഹോദര പുത്രനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചെന്ന ആരോപണത്തിൽ കെ.ടി. ജലീലിന് പിന്തുണയുമായി സിപിഎം രംഗത്തെത്തിയിരുന്നു. മന്ത്രി ജലീൽ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. ജലീലിനെതിരെയുണ്ടായ ആരോപണത്തിൽ കഴമ്പില്ലെന്നും നിയമനത്തിൽ തെറ്റ് ഉണ്ടായിട്ടില്ലെന്നും പരാതിയുള്ളവർ കോടതിയിൽ പോകട്ടെയെന്നുമാണ് സെക്രട്ടറിയേറ്റ് വ്യക്തമാക്കിയത്.

Top