നാഴിക കല്ലായി മാറാന്‍ ‘മഹല്‍ സോഫ്റ്റ് പദ്ധതി’;കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: മഹല്ലുകളുടെ ശാക്തീകരണത്തിനും നവീകരണത്തിനും ഏറെ സഹായകരമാകുന്ന നൂതന പദ്ധതിയായ ‘മഹല്‍ സോഫ്റ്റ് പദ്ധതി’ വഖഫ് ന്യൂനപക്ഷ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.

ഒക്ടോബര്‍ 3 ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ജില്ലയിലെ വള്ളക്കടവ് മഹല്ലിലെ അറഫ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മഹല്‍ അംഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും സഹായങ്ങളും മൊബൈല്‍ ആപ്പ് വഴിയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയും സമയ ബന്ധിതമായി അറിയാന്‍ മഹല്‍ സോഫ്റ്റ് പദ്ധതിയിലൂടെ അവസരം ഒരുക്കുകയാണ് ഇവിടെ.

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്വയം തൊഴിലിന് സഹായം തേടുന്നവര്‍ക്കും സാമൂഹ്യ പരിരക്ഷ പദ്ധതികളും വായ്പകളും ചികിത്സാ സഹായങ്ങളും ആഗ്രഹിക്കുന്നവര്‍ക്കും ഈ പദ്ധതി വളരെയധികം ഉപകാരപ്രദമായിരിക്കും. വ്യക്തികളുടെ കൃത്യമായ വിദ്യാഭ്യാസ ആരോഗ്യസാമൂഹ്യ വിവരങ്ങള്‍ അറിയുന്നതിലൂടെ കാലോചിതമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ട് മഹല്ലുകളെയും അംഗങ്ങളുടെയും ശാക്തീകരണം സര്‍ക്കാരിനും വഖഫ് ബോര്‍ഡിനും ന്യൂനപക്ഷ ക്ഷേമ വകുപ്പിനും മഹല്‍ സോഫ്റ്റ് പദ്ധതി പൂര്‍ത്തീകരണത്തിലൂടെ സാധ്യമാക്കാന്‍ കഴിയുന്നതാണ്.

കേരള സംസ്ഥാന വഖഫ് ബോര്‍ഡും സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മഹല്‍ സോഫ്റ്റ് ‘ സാമൂഹ്യ മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ നാഴിക കല്ലായി മാറുമെന്ന പ്രതീക്ഷയോടെയാണ് അവതരിപ്പിക്കുന്നത് .സംസ്ഥാന സര്‍ക്കാരിനോ വഖഫ് ബോര്‍ഡിനോ മഹല്ലുകള്‍ക്കോ യാതൊരു സാമ്പത്തിക ചിലവും വരാതെ ആയിരിക്കും സോഫ്റ്റ്‌വെയര്‍ പദ്ധതി അവതരിപ്പിക്കുന്നത്.

മഹല്ലുകളില്‍ നിന്ന് തന്നെ തിരഞ്ഞെടുത്ത സോഫ്റ്റ് വെയറും കമ്പ്യുട്ടറും പരിജ്ഞാനമുള്ള ചെറുപ്പക്കാര്‍ക്ക് താലൂക്ക് ജില്ലാ തലത്തില്‍ പരിശീലനം നല്‍കിയാണ് പദ്ധതി ഓരോ മഹല്ലുകളിലും നടപ്പില്‍ വരുത്തുക.

അഡ്വ .വി എസ് ശിവകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ഉത്ഘാടന ചടങ്ങില്‍ സംസ്ഥാന ന്യൂനപക്ഷ വഖഫ് വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ .ടിവി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരിക്കും.

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരള ഡയറക്ടര്‍ ഡോ .സുരേഷ് കുമാര്‍ ,എസ് ആര്‍ സി ഗവേര്‍ണിംഗ് ബോഡി മെമ്പര്‍ ഡോ ഹുസ്സൈന്‍ രണ്ടത്താണി, വള്ളക്കടവ് മഹല്‍ പ്രസിഡന്റ് എ സൈഫുദ്ധീന്‍ ഹാജി , കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ചിഞ്ചു ടീച്ചര്‍,തിരുവനന്തപുരം യതീംഖാന പ്രസിഡന്റ് എം കെ നാസറുദ്ദീന്‍ , പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായ താജുദ്ധീന്‍ ,ഷാഹിര്‍ ഇസ്മായില്‍ ,ഷാഫി അമ്പലത് ,വഖഫ് ഡിവിഷണല്‍ ഓഫീസര്‍ എച് ഹബീബ് എന്നവരും ചടങ്ങില്‍ പങ്കെടുക്കും.

Top