സാങ്കേതിക സര്‍വകലാശാല പരീക്ഷയിലും ഇടപെട്ടു; കെ.ടി ജലീലിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജലീലിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷ പരിഷ്‌കരണത്തില്‍ കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പരീക്ഷാ പരിഷ്‌കരണം സംബന്ധിച്ച് മന്ത്രി നേരിട്ട് ഉത്തരവിറക്കി. പരീക്ഷ എങ്ങിനെ നടത്തണമെന്ന് മന്ത്രി നിര്‍ദേശിക്കുകയും ഇതിനായി വി.സി. ഉത്തരവിറക്കുകയും ചെയ്തു. ചോദ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ.പി.ജെ അബ്ദുല്‍ കലാം യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്ന സംവിധാനം മന്ത്രി മാറ്റി. മന്ത്രിയുടെ ഓഫീസില്‍ തയാറാക്കിയ പ്രൊപ്പോസല്‍ മന്ത്രി അംഗീകരിച്ച ശേഷം നടപ്പാക്കാന്‍ വി.സിയോട് ആജ്ഞാപിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തിനു മേലുള്ള പ്രൊ ചാന്‍സലറായ മന്ത്രിയുടെ കൈകടത്തലാണ്.

ജലീലിനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് ഇന്ന് വീണ്ടും കത്ത് നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top