ഡൽഹിയിൽ സ്ഥാപിക്കുന്ന മുസ്ലീംലീഗ് ഓഫീസിനെയും വിടാതെ ജലീൽ, പീടികത്തിണ്ണയുടെ മുകളിലോ കോടികളുടെ ഓഫീസ് ?

രൊറ്റ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ലീഗിന്റെ സ്വപ്ന പദ്ധതിക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണിപ്പോൾ മുൻ മന്ത്രി കെ.ടി ജലീൽ. ഡൽഹിയിൽ മുസ്‌ലിം ലീഗിന് ആസ്ഥാന മന്ദിരമൊരുക്കാൻ 26 കോടി രൂപ പിരിച്ചെടുത്ത ലീഗിനെ സംബന്ധിച്ച് ജലീലിന്റെ ആരോപണം അവഗണിക്കാൻ കഴിയുന്നതല്ല. 25 കോടി ലക്ഷ്യമിട്ടു ലീഗ് നടത്തിയ ഓൺലൈൻ പണപ്പിരിവ് ഒരു മാസം തികഞ്ഞപ്പോൾ തന്നെ ശേഖരിച്ചത് 26,77,52,963 രൂപയാണ്. ലീഗ് നേരത്തേ നടത്തിയ ‘എന്റെ പാർട്ടിക്ക് എന്റെ ഹദിയ’ പദ്ധതി പൊളിഞ്ഞെങ്കിലും ഡൽഹി ഓഫീസിനായി നടത്തിയ പണപ്പിരിവ് വൻ വിജയമാവുകയാണ് ഉണ്ടായത്. ഇവിടെയാണ് ലീഗ് നേതൃത്വത്തിന്റെ ഉദ്ദേശശുദ്ധി ജലീൽ ചോദ്യം ചെയ്തിരിക്കുന്നത്.

ഇത്രയും പണം പിരിച്ചെടുത്ത ശേഷം പഴയ ഡൽഹിയിലെ ഏതെങ്കിലും പീടികത്തിണ്ണയുടെ മുകളിൽ ഓഫീസ് സ്ഥാപിക്കാനുള്ള നീക്കത്തെയാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ കെ.ടി ജലീൽ ചോദ്യം ചെയ്തിരിക്കുന്നത്. നാല് കടമുറികളുടെ മുകളിൽ ”ഖാഇദെമില്ലത്ത് സൗധം” എന്ന് ദയവായി നിങ്ങൾ എഴുതിവെക്കരുതെന്നും അങ്ങനെ ചെയ്താൽ ഒരു മഹാനായ “വലിയ്യി”നോട് ചെയ്യുന്ന കൊടിയ വഞ്ചനയാകും അതെന്നുമാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ഒരു പഴയ ലീഗുകാരൻ്റെ ആത്മാർത്ഥമായ അഭ്യർത്ഥനയാണിതെന്നു പറഞ്ഞു കൊണ്ടാണ് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് തുടരുന്നത്. സ്വന്തമായി സ്ഥലം വാങ്ങി എല്ലാ ആവശ്യങ്ങളും നിവർത്തിക്കുമാറ് നല്ലൊരു പ്ലാനുണ്ടാക്കി മനോഹരമായി പണിയേണ്ടതാണ് ഡൽഹിയിലെ ഖാഇദെമില്ലത്ത് സൗധമെന്നാണ് ലീഗ് നേതൃത്വത്തെ ജലീൽ ഉപദേശിക്കുന്നത്.

ഓൾഡ് ഡൽഹിയിലെ ദരിയഗഞ്ചിൽ ജുമാമസ്ജിന്റെ ആയിരം മീറ്റർ ദൂരത്ത് അതായത് ഗോൾച്ച സിനിമ തിയ്യേറ്ററിന് മുൻവശം ഒരു സിബിഎസ്ഇ പുസ്തക കച്ചവടക്കാരനും ബിൽഡറുമായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒൻപത് സെന്റ് സ്ഥലത്ത് വാണിജ്യാവശ്യത്തിനായി നിർമ്മിച്ച് പൂർണ്ണമായും പണിതീരാതെ കിടക്കുന്ന 15,000 സ്ക്വയർ ഫീറ്റ് കെട്ടിടം പതിനെട്ടോ പത്തൊമ്പതോ കോടി കൊടുത്ത് വിലക്കെടുത്ത് തട്ടിക്കൂട്ടേണ്ടതല്ല ലീഗിന്റെ ദേശീയ ആസ്ഥാനമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ജലീൽ തുറന്നടിച്ചിട്ടുണ്ട്. ശിലാസ്ഥാപനം പോലും നടക്കാതെ ഉൽഘാടനത്തിനൊരുങ്ങുന്ന കൊമേഴ്സ്യൽ ബിൽഡിംഗിൽ ഇസ്മായിൽ സാഹിബിന്റെ ചൈതന്യമുണ്ടാകുമെന്ന് ഏത് നിഷ്കളങ്കനാണ് വിശ്വസിക്കാനാവുക എന്ന പ്രസക്തമായ ചോദ്യവും ഇതോടൊപ്പം അദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നും ലഭിച്ച 27 കോടിയും വിദേശരാജ്യങ്ങളിൽ കെഎംസിസി വഴി പ്രതീക്ഷിക്കുന്ന 25 കോടിയും ചേർത്താൽ 50 കോടിയിലധികം വരുന്നതാണ് ഖാഇദെമില്ലത്ത് സൗധത്തിനായി സ്വരൂപിക്കുന്ന സംഖ്യ. ഈ പണം ഉപയോഗിച്ച് സ്വന്തം സ്ഥലം വാങ്ങി ദീർഘ വീക്ഷണത്തോടെ പണിയേണ്ട കെട്ടിടത്തിന്റെ സ്ഥാനത്ത് ഒരു നിലയിൽ 2,800 സ്ക്വയർഫീറ്റോടെയുള്ള കൊമേഴ്സ്യൽ ബിൽഡിംഗ് ആൾട്ടറേഷൻ വരുത്തിയാലും എത്രമാത്രം സൗകര്യപ്പെടുത്താനാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്നും ജലീൽ ഓർമ്മപ്പെടുത്തുന്നുണ്ട്. സ്ഥലം വാങ്ങി കെട്ടിടം വെക്കൽ ഇപ്പോൾ നടന്നില്ലെങ്കിൽ ലോകാവസാനം വരെ അതുനടക്കാൻ പോകുന്നില്ലന്നാണ് ലീഗ് അണികളോടുള്ള അദ്ദേഹത്തിന്റെ ഉപദേശം.

ലീഗ് പ്രവർത്തകർ ആറ്റുനോറ്റു കാത്തിരുന്ന ഖാഇദെമില്ലത്ത് സൗധം 15,000 സ്ക്വയർ ഫീറ്റിൽ ഒതുങ്ങുന്ന ഒരു കോൺഗ്രീറ്റ് കെട്ടിടമാക്കി പരിമിതപ്പെടുത്താനുള്ള ശ്രമം ലീഗ് നേതൃത്വം ഉപേക്ഷിക്കണമെന്നാണ് കെ.ടി ജലീൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഖാഇദെമില്ലത്ത് സൗധം ഇസ്മായിൽ സാഹിബെന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂഫിവര്യന്റെ മഹത്വം ഉൽഘോഷിക്കുന്നതാകണമെന്നും അതല്ലാതെ അദ്ദേഹത്തെ കൊച്ചാക്കുന്നതാകരുത്. ഇരുപതോ മുപ്പതോ സെന്റ് സ്ഥലം ഡൽഹിയിൽ വാങ്ങാനുളള “സാമർത്ഥ്യം” ലീഗ് നേതൃത്വത്തിനില്ലെങ്കിൽ തന്റെ നാട്ടുകാരനും ലീഗനുഭാവിയുമായ സ്ഥലക്കച്ചവടക്കാരൻ കുഞ്ഞാണിയെ ആ ചുമതല ഏൽപ്പിക്കണമെന്നും ജലീൽ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹമത് ഭംഗിയായി നിർവ്വഹിക്കും. ഒരു രൂപ പോലും കമ്മീഷൻ കൊടുക്കേണ്ട കാര്യമില്ലന്നും ജലീൽ ഉറപ്പു നൽകിയിട്ടുണ്ട്.

കെ.ടി ജലീൽ എം.എൽ.എയുടെ ഈ ഫെയ്സ് ബുക്ക് പോസ്റ്റ് വലിയ ചർച്ചയാണ് ലീഗ് ഗ്രൂപ്പുകളിൽ ഉണ്ടാക്കിയിരിക്കുന്നത്. ഡൽഹിയിലെ കെട്ടിടവുമായി ബന്ധപ്പെട്ട് ഇത്രയും കൃത്യമായ വിവരം എങ്ങനെ കെ.ടി ജലീലിന് കിട്ടി എന്നതാണ് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇതോടെ “പഴയ കെട്ടിടം വേണ്ട, പുതിയ കെട്ടിടം തന്നെ വേണമെന്ന ആവശ്യവും” ലീഗിനകത്ത് ശക്തമായിട്ടുണ്ട്. കെട്ടിടത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്താൻ ആരെയും അനുവദിക്കില്ലന്നാണ് യൂത്ത് ലീഗ് പ്രവർത്തകരും തുറന്നടിച്ചിരിക്കുന്നത്.

നിരവധി വർഷങ്ങൾക്കു മുൻപ് ഗുജറാത്ത് ഫണ്ട് തട്ടിപ്പ് മുൻ നിർത്തി ലീഗിൽ കലാപക്കൊടി ഉയർത്തിയതിനാണ് കെ.ടി ജലീലിനെ പുറത്താക്കിയിരുന്നത്. ഇതിനു പുറമെ ചെന്നൈയിലെ പ്രളയം,1989 -ലെ ഭഗൽപൂർ കലാപ ഫണ്ട്‌, 2004 -ലെ സുനാമി തുടങ്ങി ബർമയിലെ റോഹിങ്ക്യൻ അഭയാർഥികൾക്കായുള്ളതടക്കം ലീഗ് പിരിച്ചെടുത്ത നിരവധി ഫണ്ടുകൾ വിവാദത്തിൽപ്പെട്ടിട്ടുണ്ട്.1980ലെ അറബിഭാഷാ സമരത്തിൽ‌ മരണപ്പെട്ട മജീദ്‌, റഹ്മാൻ, കുഞ്ഞിപ്പ എന്നിവർക്കായി നടത്തിയ ധനസമാഹരണത്തെക്കുറിച്ചും വലിയ പരാതികളാണ് ഉയർന്നിരുന്നത്. കത്വ ഫണ്ടിനെക്കുറിച്ചുയർന്ന ആരോപണവും ലീഗ് നേതൃത്വത്ത പ്രതിക്കൂട്ടിൽ ആക്കുന്നതായിരുന്നു. ‌

കത്വ ഇരയുടെ കുടുംബത്തിന്‌ നൽകാൻ യൂത്ത്‌ ലീഗ്‌ പിരിച്ച അഞ്ച്‌ ലക്ഷംരൂപ കൊടുത്തില്ലെന്ന്‌ തെളിയിക്കുന്ന ബാങ്ക്‌ രേഖയും. പെൺകുട്ടിയുടെ രക്ഷിതാവിന്റെ 2018 ഏപ്രിൽ മുതലുളള ബാങ്ക്‌ ഇടപാട്‌ വിവരങ്ങളും അക്കാലത്ത് പുറത്ത് വിട്ടിരുന്നത് പ്രമുഖ സ്വകാര്യ ചാനലായിരുന്നു. 2018 മെയ്‌ 16നാണ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചെന്നായിരുന്നു‌ യൂത്ത്‌ ലീഗിന്റെ‌ അവകാശവാദം. എന്നാൽ ഈ വാദം പൊളിഞ്ഞതോടെ ഒരു വ്യക്തി വഴിയാണ്‌ പണം കൈമാറിയതെന്ന വാദവുമായി‌ യൂത്ത്‌ ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ തന്നെ രംഗത്തെത്തുകയുണ്ടായി. രണ്ട്‌ ലക്ഷം രൂപയിൽ കൂടുതലുള്ള തുക ചെക്ക്‌ വഴിയോ ഡിജിറ്റൽ ഇടപാട്‌ വഴിയോ മാത്രമേ കൈമാറാനാകൂ എന്നിരിക്കെ ആയിരുന്നു ഈ വാദമെന്നതും നാം ഓർക്കണം.

യൂത്ത്‌ ലീഗുകാരിൽ നിന്ന്‌ ഇതുവരെ പണമൊന്നും ലഭിച്ചിട്ടില്ലെന്ന്‌ അന്ന് പറഞ്ഞിരുന്നത് ഇരയുടെ കുടുംബാംഗങ്ങൾ തന്നെ ആയിരുന്നു. യൂത്ത്‌‌ലീഗ്‌ ഇസ്‌ഹാഖ്‌ കുടുംബ സഹായ നിധി‌യിൽ ക്രമക്കേടെന്ന ആരോപണവും മുൻപ് പുറത്തു വന്നിട്ടുള്ളതാണ്. കെഎംസിസിയുടെ കോവിഡ്‌ ഫണ്ട്‌ സമാഹരണത്തെച്ചൊല്ലി തമ്മിലടിച്ചതായ വാർത്തയും ലീഗ് നേതൃത്വത്തെ നാണം കെടുത്തിയ സംഭവമാണ്. മുസ് ലിം ലീഗ് നേതാക്കൾ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ചെന്ന ആരോപണം ഉന്നയിച്ച് ലീഗ് വയനാട് ജില്ലാ കമ്മിറ്റി മുൻ അംഗം സി. മമ്മി രംഗത്തു വന്നതും രാഷ്ട്രീയ കേരളം കണ്ട കാഴ്ചയാണ്. 60 ലക്ഷം രൂപ വരുന്ന ദുരിതാശ്വാസ ഫണ്ടിൽ ജില്ലാ നേതാക്കൾ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലീഗ് സംസ്ഥാന അധ്യക്ഷനാണ് സി. മമ്മി കത്ത് നൽകിയിരുന്നത്. ഇതിന് പിന്നാലെ അദ്ദേഹം പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്യപ്പെടുകയാണ് ഉണ്ടായത്.

പിരിവും വിവാദങ്ങളും ഒന്നും ലീഗിനെ സംബന്ധിച്ച് പുത്തരിയല്ലങ്കിലും ഡൽഹി ഓഫീസുമായി ബന്ധപ്പെട്ടുയർന്ന ആരോപണം ആ പാർട്ടിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. 27 കോടിയോളം പിരിച്ചെടുക്കുകയും ഇനി 25 കോടിയോളം സമാഹരിക്കാൻ ഉദ്ദ്യേശിക്കുകയും ചെയ്യുന്ന പദ്ധതിക്കു പിന്നിൽ അഴിമതിയുടെ കരിനിഴലാണ് നിലവിൽ സംശയിക്കപ്പെടുന്നത്. അത്തരമൊരു ചർച്ച മലബാർ രാഷ്ട്രീയത്തിൽ ഉയർത്തി കൊണ്ടുവരുവാൻ കെ.ടി ജലീലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനും എന്തായാലും സാധിച്ചിട്ടുണ്ട് . . . അതാകട്ടെ, ഒരു യാഥാർത്ഥ്യവുമാണ്.

EXPRESS KERALA VIEW

Top