മാധ്യമ അജണ്ട വീണ്ടും പൊളിച്ചടുക്കി . . . യൂണിവേഴ്സിറ്റി കോളജിൽ ചുവപ്പ് തരംഗം

കെ.എസ്.യു അടക്കമുള്ള പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വമിപ്പോള്‍ കോണ്‍ഗ്രസ്സിനല്ല, അത് ചില മാധ്യമ സ്ഥാപനങ്ങള്‍ക്കാണ്. ഇക്കാര്യം പകല്‍ പോലെ വ്യക്തമായി കഴിഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജിലെ നിഷ്പക്ഷ വിദ്യാര്‍ത്ഥി എന്ന പേരില്‍ ചാനലുകള്‍ അവതരിപ്പിച്ച അമല്‍ ചന്ദ്രന്‍ ആണ് യൂണിവേഴ്‌സിറ്റി കോളജിലെ പുതിയ കെ.എസ്.യു പ്രസിഡന്റ്.യൂണിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ഇത്തരത്തില്‍ ചാനല്‍ അവതരിപ്പിച്ച മറ്റൊരു കേമനെ എ.ഐ.എസ്.എഫും ഭാരവാഹിയാക്കിയിട്ടുണ്ട്.

നിഷ്പക്ഷരായ വിദ്യാര്‍ത്ഥികളുടെ വേഷം കെട്ടി ചാനലുകളില്‍ എസ്.എഫ്.ഐക്ക് എതിരെ തിരിഞ്ഞവരുടെ മുഖമൂടിയാണ് ഇതോടെ അഴിഞ്ഞ് വീണിരിക്കുന്നത്.

ഇത്തരം വായാടികള്‍ക്ക് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് അവതരിപ്പിച്ച മാമാ ചാനലുകള്‍ ശരിക്കും മാമാ പണി തന്നെയാണ് ചെയ്തിരിക്കുന്നത്.

കലോത്സവ ഫോമിനെ ഉത്തരക്കടലാസാക്കിയവരില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിട്ട് കാര്യവുമില്ല. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ട പ്രകാരമാണ് ഇവിടെ നടക്കുന്നത്. മാധ്യമ പി.ആര്‍ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്.ഇന്ത്യ ഇപ്പോള്‍ വിക്ഷേപിച്ച റോക്കറ്റ് ഒരാഴ്ച്ച്ക്ക് മുന്‍പേ വിട്ടവരാണ് ഈ മാധ്യമങ്ങള്‍. യാഥാര്‍ത്ഥ്യം പരിശോധിക്കാതെ വാര്‍ത്തകള്‍ മുന്‍ കൂട്ടി തയ്യാറാക്കി വയ്ക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.

എന്തിനാണ് മാധ്യമങ്ങള്‍ക്ക് ഇത്ര വലിയ പക കമ്യൂണിസ്റ്റുകളോടും എസ്.എഫ്.ഐക്കാരോടും എന്നതാണ് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം. മറ്റു പാര്‍ട്ടികളും സംഘടനകളും എന്ത് ചെയ്താലും ഇവിടെ വാര്‍ത്തയല്ല. എന്നാല്‍ അത് ചുവപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഇവന്‍മാര്‍ വലിച്ച് കീറി ഭിത്തിയിലൊട്ടിക്കും.

ഇങ്ങനെ ചാനല്‍ സ്റ്റുഡിയോയിലിരുന്ന് എസ്.എഫ്.ഐ വധം നടത്തുന്നവരാണ് കെ.എസ്.യു നേതാവിനേയും നിഷ്പക്ഷനാക്കിയിരുന്നത്.

മാധ്യമ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഈ കോളജ് തിങ്കളാഴ്ച തുറന്നപ്പോള്‍ വലിയ വിദ്യാര്‍ത്ഥി മുന്നേറ്റത്തിനാണ് ക്യാമ്പസ് സാക്ഷ്യം വഹിച്ചത്.

രജനി എസ്. ആനന്ദിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബസിച്ച് സംഘടിപ്പിച്ച എസ്.എഫ്.ഐ പ്രകടനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. അതായത് ആ ക്യാമ്പസില്‍ പഠിക്കുന്ന 90 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും പങ്കെടുത്തു എന്ന് വ്യക്തം. കൊടി നാട്ടാന്‍ സ്ഥലം കൊടുത്താലും വലതുപക്ഷ രാഷ്ട്രീയം ഈ ക്യാമ്പസില്‍ പച്ച തൊടില്ലെന്ന ഉറച്ച സന്ദേശമാണിത്.

നേരത്തെ എസ്.എഫ്.ഐ സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിലും അവധിയായിട്ടു പോലും വിദ്യാര്‍ത്ഥികള്‍ കൂട്ടമായി അണിനിരന്നിരുന്നു.

സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചപ്പോള്‍ ആ തെറ്റ് തിരുത്തി മുന്നോട്ട് പോകാനാണ് ഇവിടെ എസ്.എഫ്.ഐ ശ്രമിക്കുന്നത്. അതിനാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പിന്തുണ നല്‍കുന്നത്.

‘എന്നാല്‍ അങ്ങനെയങ്ങ് പോകാന്‍ വരട്ടെ’ എന്ന നിലപാടിലാണ് ചില മാധ്യമങ്ങളുടെ സമീപനം. സെക്രട്ടറിയേറ്റ് നടയ്ക്കല്‍ നടക്കുന്ന കെ.എസ്.യു സമരം തന്നെ മാധ്യമ സ്‌പോണ്‍സേര്‍ഡാണ്.

ഏതാനും ചിലര്‍ നടത്തുന്ന പ്രതിഷേധത്തിന് വെണ്ടക്ക നിരത്തുന്നവര്‍ക്ക് ഒരു ക്യാമ്പസ് മുഴുവന്‍ എസ്.എഫ്.ഐയോട് ഇപ്പോഴും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് വാര്‍ത്തയെ അല്ല.

അവകാശ പത്രിക സമര്‍പ്പണ ദിവസം ലക്ഷം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത് തെരുവിലിറങ്ങിയത് അവര്‍ക്ക് ചര്‍ച്ചാ വിഭവുമല്ല. യൂണിവേഴ്‌സിറ്റി കോളജ് വിഷയം കത്തി നില്‍ക്കുമ്പോള്‍ തന്നെ തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ചുവപ്പ് സൂര്യന്‍ ഉദിച്ചതും ഈ മാധ്യമങ്ങള്‍ക്ക് ഒരു സംഭവമല്ല.അവിടെയെങ്ങാന്‍ എസ്.എഫ്.ഐ പരാജയപ്പെട്ടിരുന്നു എങ്കില്‍ ഇവരെല്ലാം കൂടി എസ്.എഫ്.ഐയുടെ ശവദാഹം തന്നെ നടത്തുമായിരുന്നു.


ഇതാണ് കേരളത്തിലെ മാധ്യമ രാഷ്ട്രീയം. ഈ രാഷ്ട്രീയത്തിന് കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയത്തെ ഒരിക്കലും സ്വാധീനിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കരുത്ത് എസ്.എഫ്.ഐക്ക് ഉണ്ടാക്കാനേ ഈ കള്ള വാര്‍ത്തകള്‍കൊണ്ട് വഴിവയ്ക്കൂ. ഇക്കാര്യം ആഗസ്റ്റില്‍ നടക്കുന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് മാധ്യമങ്ങള്‍ക്ക് കാണിച്ച് തരും. അക്കാര്യം ഉറപ്പാണ്.

Express View

Top